തുറന്ന് രണ്ടുമാസത്തിനുള്ളില്‍ ലക്ഷദീപ് ഗെസ്റ്റ്ഹൗസ് അടച്ചിടുന്നു

കോഴിക്കോട്: ലക്ഷദ്വീപ് ഭരണകൂടത്തിന്‍െറ കോഴിക്കോട്ടെ ഗെസ്റ്റ് ഹൗസ് ഉദ്ഘാടനം കഴിഞ്ഞ് രണ്ടു മാസത്തിനുള്ളില്‍ അടച്ചിടുന്നു. കോടികള്‍ മുടക്കി നിര്‍മിച്ച കെട്ടിടത്തില്‍ അറ്റകുറ്റപ്പണി നടത്താനാണ് ഒരു മാസത്തോളം അടച്ചിടുന്നത്. ഇതോടെ സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്‍റില്‍ പങ്കെടുക്കാനത്തെിയ ദ്വീപ് ടീം ഉള്‍പ്പെടെയുള്ള മുഴുവന്‍ താമസക്കാരോടും മാറാന്‍ ബന്ധപ്പെട്ടവര്‍ ആവശ്യപ്പെട്ടു.

കെട്ടിട നിര്‍മാണത്തിലുണ്ടായ അപാകതയാണ് രണ്ടുമാസത്തിനകം അറ്റകുറ്റപ്പണിക്കിടയാക്കിയത്. മൂന്നു നിലകളുള്ള വലിയ കെട്ടിടത്തിന്‍െറ കാന്‍റീന്‍, ബാത്റൂം, ടോയ്ലറ്റ് എന്നിവിടങ്ങളില്‍നിന്നുള്ള മലിനജലം ഒരുമിച്ച് ഒരു ടാങ്കിലേക്ക് ഒഴുക്കാനാണ് സംവിധാനം ഒരുക്കിയത്.

ഇതോടെ ടാങ്ക് നിറയുകയും മലിനജലം പുറത്തേക്കും സമീപത്തെ റോഡിലേക്കും ഒഴുകുകയുമായിരുന്നു. നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തത്തെിയതോടെ ഗെസ്റ്റ്ഹൗസ് അധികൃതര്‍ ദ്വീപ് പൊതുമരാമത്ത് വിഭാഗവുമായി ബന്ധപ്പെടുകയും അവരുടെ നിര്‍ദേശാനുസരണം അറ്റകുറ്റപ്പണിക്ക് കെട്ടിടം അടച്ചിടാന്‍ തീരുമാനിക്കുകയുമായിരുന്നു. ടാങ്കിലെ മലിനജലം രാത്രി സ്വകാര്യ വാഹനത്തില്‍ പുറത്തേക്ക് കൊണ്ടുപോവുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.
ആറായിരം രൂപയോളമാണ് ഒരു ടാങ്ക് മലിനജലം കൊണ്ടുപോകാന്‍ ചെലവുവരുന്നത്. ഇത്തരത്തിലുള്ള 15 ടാങ്ക് മലിനജലമാണ് കഴിഞ്ഞ ദിവസങ്ങളിലായി ഒഴിവാക്കിയത് എന്നാണ് വിവരം.

മാലിന്യത്തിന് വെവ്വേറെ ടാങ്കുകള്‍ നിര്‍മിച്ച് പ്രശ്നപരിഹാരമുണ്ടാക്കാനാണ് ഇപ്പോള്‍ ശ്രമം. ജാഫര്‍ഖാന്‍ കോളനിക്കടുത്ത് 2011ല്‍ അന്നത്തെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ അമര്‍നാഥ് തറക്കല്ലിട്ട കെട്ടിടത്തിന്‍െറ നിര്‍മാണം അഞ്ചുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയായത്. നവംബര്‍ 14ന് ദ്വീപ് പാര്‍ലമെന്‍റ് അംഗം പി.പി. മുഹമ്മദ് ഫൈസലിന്‍െറ അധ്യക്ഷതയില്‍ അഡ്മിനിസ്ട്രേറ്റര്‍ ഫാറൂഖ് ഖാനാണ് ഉദ്ഘാടനം ചെയ്തത്.

സ്വകാര്യ കരാറുകാര്‍ പ്രവൃത്തി നടത്തുമ്പോള്‍ ദ്വീപിലെ പൊതുമരാമത്ത് വിഭാഗം വേണ്ടത്ര ശ്രദ്ധപുലര്‍ത്താതിരുന്നതാണ് നിര്‍മാണത്തില്‍ അപാകതയുണ്ടാവാനും വലിയ നഷ്ടം ഉണ്ടാകാനും ഇടയാക്കിയത് എന്നാണ് ആക്ഷേപം. ദ്വീപില്‍നിന്ന് കോഴിക്കോട്ട് വിദ്യാഭ്യാസത്തിനും ചികിത്സക്കും മറ്റും എത്തുന്നവര്‍ക്ക് ചുരുങ്ങിയ ചെലവില്‍ താമസിക്കാനാണ് മൂന്നു ബ്ളോക്കുകളായുള്ള കെട്ടിടം നിര്‍മിച്ചത്. ആദ്യ ബ്ളോക്കില്‍ ആറ് സ്യൂട്ട് റൂമുകള്‍ ഉള്‍പ്പെടെ 32 റൂമുകളാണുള്ളത്.

മറ്റു രണ്ടു ബ്ളോക്കുകളില്‍ ഒന്ന് പുരുഷ ഡോര്‍മിറ്ററിയും മറ്റൊന്ന് വനിത ഡോര്‍മിറ്ററിയുമാണ്. ഓരോ ഡോര്‍മിറ്ററികളുടെയും ഒരു നിലയില്‍ 46 കിടക്കകള്‍ വീതം മൊത്തം 138 പേര്‍ക്കാണ് താമസസൗകര്യമുള്ളത്. അറ്റകുറ്റപ്പണി എന്ന് പൂര്‍ത്തിയാവുമെന്ന് ഇപ്പോള്‍ പറയാനാവില്ളെന്ന് ഗെസ്റ്റ്ഹൗസ് മാനേജര്‍ സത്താര്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.

 

Tags:    
News Summary - Lakshadweep gusthouse issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.