കൊല്ലപ്പെട്ട രാം നാരായൺ, ബന്ധു ശശികാന്ത് ബഗേൽ

'എട്ടും പത്തും വയസുള്ള മക്കളുണ്ട്, കുടുംബം പോറ്റാനായി നാലുദിവസം മുൻപാണ് പാലക്കാടെത്തിയത്, ഒരു ക്രിമിനൽ കേസുപോലുമില്ല'; കൊല്ലപ്പെട്ട രാംനാരായണന്റെ ബന്ധു

പാലക്കാട്: വാളയാർ അള്ളപ്പട്ടത്ത് ആൾക്കൂട്ട മർദനത്തെ തുടർന്ന് കൊല്ലപ്പെട്ട ഛത്തിസ്ഗഢ് സ്വദേശി രാംനാരായൺ (31) പാലക്കാട് എത്തിയത് നാല് ദിവസം മുൻപെന്ന് കുടുംബം. മോഷ്ടാവല്ലെന്നും തൊഴിൽതേടിയാണ് വന്നതെന്നും ഒരു കേസിൽ പോലും പ്രതിയല്ലെന്നും കുടുംബം മാധ്യമങ്ങളോട് പറഞ്ഞു.

'എട്ടും പത്തും വയസുള്ള രണ്ട് മക്കളുടെ പിതാവായ രാം നാരായൺ കുടുംബം പോറ്റാനാണ് പാലക്കാടെത്തിയത്. ഇവിടെത്തെ ജോലി ഇഷ്ടപ്പെടാത്തതിനാൽ നാട്ടിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു. ഇവിടെത്തെ വഴികളറിയാത്തത് കൊണ്ടാകാം ഇങ്ങനെ ഒരു സ്ഥലത്ത് എത്തിപ്പെട്ടത്. ഒരു ക്രിമിനൽ കേസ് പോലും ഇല്ലാത്തയാളാണ്. മാനസിക പ്രശ്നങ്ങളുമില്ല. മദ്യപിക്കാറുണ്ട്. അങ്ങനെ വഴക്കിന് പോകുന്നയാളുമല്ല. നിങ്ങൾക്ക് ഞങ്ങളുടെ നാട്ടിൽ പോയി അന്വേഷിച്ചാൽ ബോധ്യമാകും.'- രാംനാരായണിന്റെ ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു.

കൊല്ലപ്പെട്ട രാം നാരായണിന്റെ ശരീരത്തിൽ നാൽപതിലധികം മുറിവുകളാണ് കണ്ടെത്തിയത്. നിലത്തിട്ട് ചവിട്ടി വലിച്ചതിന്റെയും പാടുകളുണ്ട്.

മോഷ്ടാവെന്നാരോപിച്ച് ക്രൂരമായി മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു. കേസിൽ അട്ടപ്പള്ളം സ്വദേശികളായ കല്ലങ്കാട് വീട്ടിൽ അനു (38), മഹൽകാഡ് വീട്ടിൽ പ്രസാദ് (34), മഹൽകാഡ് വീട്ടിൽ മുരളി (38), കിഴക്കേ അട്ടപ്പള്ളം ആനന്ദൻ (55), വിനീത നിവാസിൽ ബിപിൻ (30) എന്നിവരെ വാളയാർ പൊലീസ് അറസ്റ്റ് ചെയ്തത്. ആൾക്കൂട്ട ആക്രമണത്തിന് ഭാരതീയ ന്യായ സംഹിത 103 (2) പ്രകാരമാണ് കേസെടുത്തത്. പ്രതികളെ റിമാൻഡ് ചെയ്തു. ഇനിയും പ്രതികളെ പിടികൂടാനുണ്ട്.

ബുധനാഴ്ച ഉച്ചക്ക് ശേഷം രണ്ടരയോടെ അട്ടപ്പള്ളം മാതാളികാട് ഭാഗത്തായിരുന്നു സംഭവം. തൊഴിലുറപ്പ് തൊഴിലാളികൾ ജോലി ചെയ്തിരുന്ന സ്ഥലത്ത് വീടിനും കടകൾക്കും സമീപം സംശയാസ്പദ രീതിയിൽ രാംനാരായണിനെ കണ്ടെത്തിയെന്നാണ് നാട്ടുകാർ പറയുന്നത്. ഇയാൾ മദ്യപിച്ചിരുന്നതായും സൂചനയുണ്ട്. തൊഴിലുറപ്പ് തൊഴിലാളികൾ വിവരമറിയിച്ചതിനെത്തുടർന്ന് സമീപത്തുണ്ടായിരുന്ന യുവാക്കൾ സ്ഥലത്തെത്തി ഇയാളെ പിടികൂടി. മോഷണക്കുറ്റം ആരോപിച്ച് ഇവർ മർദിച്ചെന്നും രക്തം ഛർദിച്ചെന്നുമാണ് അറിയുന്നത്.

അതേസമയം, ​കൈയിൽ മോഷണവസ്തുക്കളൊന്നുമുണ്ടായിരുന്നില്ല. കുഴഞ്ഞുവീണ ഇയാളെ രാത്രി ആറോടെ പൊലീസെത്തി ആംബുലൻസിൽ ജില്ല ആശുപത്രിയിലേക്ക് കൊണ്ടുപോയി. പോകുംവഴി പുതുശ്ശേരിയിലെത്തിയതോടെ കുഴഞ്ഞുവീണു. ജില്ല ആശുപത്രിയിലെത്തിച്ചപ്പോൾ മരണം സ്ഥിരീകരിച്ചു. രാംനാരായണ​െൻറ ​പോസ്റ്റ്മോർട്ടം തൃശൂർ മെഡിക്കൽ കോളജാശുപത്രിയിൽ പൂർത്തിയാക്കി.

Tags:    
News Summary - Palakkad mob lynching: Relative of slain Ramnarayan responds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.