പാലക്കാട്: മണിക്കൂറുകൾ നീണ്ട വിചാരണക്ക് ശേഷം ആൾക്കൂട്ടം മൃഗീയമായി പീഡിപ്പിച്ചാണ് ഛത്തീസ്ഗഡ് സ്വദേശി രാംനാരായണിനെ കൊന്നതെന്ന് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പരിക്കില്ലാത്ത ഇടം ശരീരത്തിലുണ്ടായിരുന്നില്ല. ദേഹമാസകലം രക്തസ്രാവമുണ്ടായിരുന്നു. അടി കൊണ്ട് തലക്കുള്ളിൽ രക്തസ്രാവമുണ്ടായത് ഗുരുതരാവസ്ഥയിലാക്കി.
തലയിൽ മുതൽ കാൽപാദത്തിൽ വരെ വടി കൊണ്ടോ വിറക് കൊണ്ടോ അടിച്ചിരുന്നു. എക്സറെ എടുത്തപ്പോഴും പരിക്ക് ദൃശ്യമായിരുന്നു. കേരളത്തിൽ ഇത്തരം കൊലപാതകം അപുർവങ്ങളിൽ അപൂർവമാണെന്ന് പൊലീസ് സർജൻ വിലയിരുത്തി. അട്ടപ്പാടി മധുവിന്റെ കൊലപാതകത്തേക്കാൾ ക്രൂരമാണിത്. 2018ൽ അട്ടപ്പാടി മുക്കാലിക്കടുത്താണ് കടുകുമണ്ണ ആദിവാസി ഊരിലെ മധുവിനെ മോഷണമാരോപിച്ച് ആൾക്കൂട്ട വിചാരണ നടത്തി മർദിച്ച് കൊലപ്പെടുത്തിയത്.
‘‘നീ ബംഗാളിയാണോ അതോ ബംഗ്ലാദേശിയോ?’’ എന്ന് ചോദിച്ചായിരുന്നു ആൾക്കൂട്ടം രാമനാരായണനെ തല്ലിച്ചതച്ചത്. സഹോദരിയുടെ വീട്ടിൽ നിന്നാണ് വരുന്നതെന്ന് പറഞ്ഞെങ്കിലും ബംഗ്ലാദേശിൽ നിന്നല്ലേയെന്ന് ചോദിക്കുന്നത് മർദിച്ചവർ പകർത്തിയ വീഡിയോവിൽ വ്യക്തമാണ്. പരിഭ്രാന്തിയോടെ തലയാട്ടിയ രാമനാരായണിനെ തലയിലിടിക്കുന്നതും കാണാം. വിചാരണയും ക്രൂരമർദനവും മണിക്കൂറുകൾ നീണ്ടു.
കള്ളനല്ല, കൊല്ലരുതേ എന്ന് കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല. മണിക്കൂറോളം ചോരയൊലിച്ച് അട്ടപ്പള്ളത്ത് കിടന്ന ശേഷമാണ് രാമനാരായണനെ പൊലീസെത്തി ആശുപത്രിയിലെത്തിച്ചത്. മൃതദേഹം എംബാം ചെയ്ത ശേഷം നാട്ടിൽ കൊണ്ടുപോകും. മൂന്നുവർഷം മുമ്പ് ഭാര്യ ഉപേക്ഷിച്ചതോടെ രാംനാരായണന് ചില മാനസിക പ്രശ്നങ്ങളുണ്ടായിരുന്നതായി പറയുന്നു.
മനുഷ്യാവകാശ കമീഷൻ അന്വേഷണത്തിന് ഉത്തരവിട്ടു
ആൾക്കൂട്ട വിചാരണക്കിടെ മർദനമേറ്റ് അതിഥി തൊഴിലാളി മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു.
പാലക്കാട് ജില്ല പൊലീസ് മേധാവി സമഗ്ര അന്വേഷണം നടത്തി മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ നിർദേശിച്ചു. ക്രൈം രജിസ്റ്റർ ചെയ്തിട്ടുണ്ടോ, കുറ്റക്കാരുടെ പേരുവിവരങ്ങൾ, മരിച്ചയാളുടെ വിലാസം, കുറ്റക്കാർക്കെതിരെ സ്വീകരിച്ച നടപടികൾ എന്നിവ റിപ്പോർട്ടിലുണ്ടാകണം. എഫ്. ഐ. ആറിന്റെ പകർപ്പ് ഹാജരാക്കണം. ജില്ല പൊലീസ് മേധാവിക്ക് വേണ്ടി ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത മുതിർന്ന ഉദ്യോഗസ്ഥൻ ജനുവരി 27ന് രാവിലെ പത്തിന് ജസ്റ്റിസ് അലക്സാണ്ടർ തോമസ് പാലക്കാട് പൊതുമരാമത്ത് റസ്റ്റ് ഹൗസിൽ നടത്തുന്ന സിറ്റിങ്ങിൽ നേരിട്ട് ഹാജരാകണം. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട ഛത്തീസ്ഗഢ് സ്വദേശി രാംനാരായണൻ (31) മോഷ്ടാവാണെന്ന ആരോപണം തള്ളി ബന്ധു. കെട്ടിട നിർമാണ ജോലിയെടുക്കാനാണ് നാല് ദിവസം മുമ്പ് രാംനാരായണൻ പാലക്കാട്ടെത്തിയതെന്നും നാട്ടിൽ ഒരു കേസിൽ പോലും പ്രതിയല്ലാത്ത ആളാണെന്നും ബന്ധു ശശികാന്ത് ബഗേൽ പറഞ്ഞു. ‘ജോലിക്കായി നാല് ദിവസം മുമ്പ് പാലക്കാട്ടെത്തിയ രാംനാരായൺ ജോലി ഇഷ്ടപ്പെടാത്തതിനാൽ നാട്ടിലേക്ക് തിരിച്ച് പോകാനിരുന്നതാണ്. ഇവിടെ പുതിയ ആളായതിനാൽ വഴിയൊന്നും അറിയുമായിരുന്നില്ല.
അതിനാൽ, വഴിതെറ്റി സംഭവം നടന്ന സ്ഥലത്ത് എത്തിയതാകാം. മാനസികമായി ഒരു തരത്തിലുമുള്ള പ്രശ്നങ്ങളുമില്ല. ഞങ്ങളുടെ നാട്ടിൽവന്ന് അന്വേഷിച്ചാൽ അത് മനസിലാകും. ആരുമായും ഒരു പ്രശ്നത്തിനും പോകാറില്ല. എട്ടും പത്തും വയസുള്ള രണ്ട് മക്കളുണ്ട്’- ശശികാന്ത് ബഗേൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.