തിരുവനന്തപുരം: സംസ്ഥാനത്തെ തൊഴിൽ മേഖലയുടെ ശാക്തീകരണത്തിനും യുവജനങ്ങൾക്ക് മികച്ച നൈപുണ്യ പരിശീലനം ഉറപ്പാക്കാനുമായി വിവിധ പദ്ധതികൾ മൂന്നു മാസത്തിനകം നടപ്പാക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. യുവജനങ്ങൾക്ക് സാമ്പത്തിക സഹായവും തൊഴിൽ സംസ്‌കാരവും ലക്ഷ്യമിട്ട് കണക്ട് ടു വർക്ക്, വിദ്യാർഥികളിൽ പഠനത്തോടൊപ്പം തൊഴിൽ എന്ന സംസ്‌കാരം വളർത്താനായി തൊഴിലുടമകളുമായി സഹകരിച്ച് കർമ്മചാരി പദ്ധതി എന്നിവയാണ് ഇതിൽ പ്രധാനം. കണക്ട് ടു വർക്ക് ആരംഭിച്ചുകഴിഞ്ഞു.

ജർമ്മനിയിൽ അവസരം ലഭ്യമാക്കുന്ന പദ്ധതിയാണ് മറ്റൊന്ന്. ഇൻഡോ-ജർമ്മൻ ട്രെയിനിങ് ഫെയർ ഫെബ്രുവരി അവസാനവാരം സംഘടിപ്പിക്കും. ഡ്രോൺ സാങ്കേതികവിദ്യയിൽ പരിശീലനം നൽകാനായി കൊട്ടാരക്കരയിൽ ഇന്നോവേഷൻ ആൻഡ് റിസർച്ച് പാർക്ക് തുറക്കും. ഇതിന്റെ ട്രാൻസിറ്റ് കാമ്പസ് ഫെബ്രുവരി രണ്ടാം വാരം എഴുകോൺ പോളിടെക്‌നിക്കിൽ ആരംഭിക്കും. 45 കോടി രൂപ ചെലവിൽ തിരുവനന്തപുരം ചാലയിൽ നിർമിക്കുന്ന സ്‌കിൽ കോംപ്ലക്‌സിന്റെ നിർമാണോദ്ഘാടനം മാർച്ച് മൂന്നാം വാരം നടക്കും. വ്യവസായ മേഖലയുടെ സഹായത്തോടെ ഐ.ടി.ഐകൾ നവീകരിക്കുന്ന പദ്ധതി മാർച്ചിൽ ആരംഭിക്കും.

കൂടാതെ വർക്കല, പെരിങ്ങോം, കുറ്റിക്കോൽ, മണിയൂർ ഐ.ടി.ഐകളുടെ പുതിയ കെട്ടിടങ്ങൾ ഫെബ്രുവരിയിൽ നാടിന് സമർപ്പിക്കും. കരമന, ചേലക്കര എന്നിവിടങ്ങളിൽ കരിയർ ഡെവലപമെന്റ് സെന്ററുകൾ ഫെബ്രുവരിയിലും കോഴിക്കോട് മോഡൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ജനുവരി അവസാനവും പ്രവർത്തനം തുടങ്ങും. വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികൾക്ക് അഞ്ച് ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പദ്ധതി ഫെബ്രുവരി രണ്ടാം വാരം ആരംഭിക്കും. മോട്ടോർ തൊഴിലാളികൾക്ക് ഓട്ടോറിക്ഷ വാങ്ങാനുള്ള പ്രത്യേക വായ്പാ പദ്ധതി ഫെബ്രുവരിയിൽ തുടങ്ങും. ആറ് ലക്ഷത്തോളം ഫാക്ടറി തൊഴിലാളികൾക്ക് 12 ഭാഷകളിൽ പരാതി നൽകാവുന്ന മൊബൈൽ ആപ്പ് ഫെബ്രുവരി മൂന്നാം വാരം പുറത്തിറക്കുമെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - Labor Department announces major projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.