കട തുറക്കുന്നത്​ മുഖ്യമന്ത്രി പ്രഖ്യാപിക്കും; സമരത്തിനില്ലെന്ന്​ വ്യാപാരികൾ

തിരുവനന്തപുരം: കടകള്‍ തുറക്കുന്ന കാര്യം സംബന്ധിച്ച്​ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. ശനിയും ഞായറും ലോക്​ഡൗൺ നിയമം ലംഘിച്ച്​ കടതുറക്കൽ സമരം നടത്തുമെന്ന തീരുമാനം പിൻവലിച്ചതായി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ടി.നസിറുദ്ദീന്‍ പറഞ്ഞു.

''കടകള്‍ തുറക്കുന്ന കാര്യം മുഖ്യമന്ത്രി പ്രഖ്യാപിക്കും. പ്രശ്ന പരിഹാരത്തിന് അടിയന്തരമായി ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഞങ്ങളുടെ പ്രശ്നങ്ങള്‍ മുഖ്യമന്ത്രിക്ക് മനസ്സിലായിട്ടുണ്ട്. സമരത്തിന്‍റെ ആവശ്യമില്ല. ഇളവുകൾ സംബന്ധിച്ച്​ ഇന്നുതന്നെ പ്രഖ്യാപിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു. വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു' –നസിറുദ്ദീന്‍ പറഞ്ഞു. 

തങ്ങളുടെ ആവശ്യം മുഖ്യമന്ത്രി അനുഭാവപൂർവമാണ്​ കേട്ടത്​. ഭീഷണിയുടെ രൂപത്തിലല്ല വ്യാപാരികളോട് സംസാരിച്ചതെന്ന്​ അദ്ദേഹം വ്യക്തമാക്കി. സർക്കാരിനെ വിശ്വാസ്യത്തിലെടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടതായും വ്യാപാരികൾ വ്യക്​തമാക്കി.

കടകളുടെ പ്രവർത്തന സമയവും പൊലീസുകാരുടെ ഇടപെടലും ഉദ്യോഗസ്ഥ പീഡനം, വൈദ്യുതി ചാർജ് വർധന, വ്യാപാരി ക്ഷേമ നിധിയിലെ നഷ്ടപരിഹാരം, ജിഎസ്ടിയിലെ അപാകത തുടങ്ങിയ കാര്യങ്ങളും ചർച്ചയായി. പൊലീസ് കേസുകൾ പിൻവലിക്കുന്ന കാര്യം പരിഗണിക്കാമെന്ന്​ മുഖ്യമന്ത്രി പറഞ്ഞു. ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താൻ കഴിയണമെന്ന ആവശ്യം സംഘടന മുന്നോട്ടുവച്ചു. കഴിഞ്ഞ മൂന്ന്​ വർഷം വെള്ളപ്പൊക്കവും കോവിഡും കാരണം ഓണക്കാലത്തെ കച്ചവടം പോയെന്നും ഇവർ ചൂണ്ടിക്കാട്ടി.

നിയമം ലംഘിച്ച് കട തുറക്കില്ല. അത്​ പ്രതിഷേധത്തിന്‍റെ ഭാഗമായി പറഞ്ഞതാണ്​. അതേകുറിച്ച്​ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.

-------------------------------------


Tags:    
News Summary - KVVES says no strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.