റേഷന്‍ പ്രതിസന്ധി: മുഖ്യമന്ത്രി ഉത്തരവാദിത്തം നിറവേറ്റണം -കെ.വി. തോമസ്

കൊച്ചി: യു.പി.എ സര്‍ക്കാര്‍ നടപ്പാക്കിയ ദേശീയ ഭക്ഷ്യസുരക്ഷാനിയമത്തെ കുറ്റം പറയാതെ സ്വന്തം ഉത്തരവാദിത്തം നിറവേറ്റാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയാറാകണമെന്ന് മുന്‍ കേന്ദ്ര ഭക്ഷ്യപൊതുവിതരണ മന്ത്രി പ്രഫ. കെ.വി. തോമസ്.  ഭക്ഷ്യസുരക്ഷാനിയമം ആദ്യം വായിച്ചിട്ട് ഏത് വ്യവസ്ഥകളോടാണ് പിണറായിക്ക് എതിര്‍പ്പെന്ന് വ്യക്തമാക്കണം. ഒരാള്‍ക്ക് അരി മൂന്ന് രൂപക്കും, ഗോതമ്പ് രണ്ട് രൂപക്കും, മറ്റ് ധാന്യങ്ങള്‍ ഒരു രൂപക്കും അഞ്ച് കിലോവരെ നല്‍കുന്ന വ്യവസ്ഥയോ അതോ ഗര്‍ഭിണിക്ക് 6000 രൂപ സഹായവും കൊച്ചു കുട്ടികള്‍ക്കും സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഭക്ഷണവും നല്‍കണമെന്ന വ്യവസ്ഥയിലാണോ കുഴപ്പം. തങ്ങളുടെ കൂടി സമ്മര്‍ദം കൊണ്ടാണ് ഇപ്രകാരം ഒരു നിയമം നടപ്പാക്കിയതെന്ന് വീമ്പ് പറഞ്ഞ് നടന്ന സി.പി.എമ്മിന് ത്രിപുരയില്‍ ഈ നിയമം നടപ്പാക്കിയതിനെക്കുറിച്ച് എന്താണ് പറയാനുള്ളതെന്നും തോമസ് ചോദിച്ചു. കേരളത്തിലെ ഇപ്പോഴത്തെ റേഷന്‍ പ്രതിസന്ധിക്ക് ഉത്തരവാദി ഭക്ഷ്യസുരക്ഷ നിയമത്തിന് ചുക്കാന്‍ പിടിച്ച കെ.വി. തോമസും യു.ഡി.എഫ് സര്‍ക്കാറുമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍െറ ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു തോമസ്.

മുന്‍ഗണന, മുന്‍ഗണനയിതര പട്ടിക തയാറാക്കാന്‍ പിണറായി സര്‍ക്കാരിന് ഏഴ് മാസമായിട്ടും കഴിഞ്ഞിട്ടില്ല.15 ലക്ഷത്തിലേറെ പരാതികളില്‍ എന്ത് തീരുമാനമെടുത്തുവെന്ന് പിണറായി വ്യക്തമാക്കണം. നിയമം നടപ്പാക്കുമ്പോള്‍ അതുവരെ ലഭിച്ചുകൊണ്ടിരുന്ന ഭക്ഷ്യധാന്യങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് ലഭിക്കാന്‍ അര്‍ഹതയുണ്ട്. താന്‍ മന്ത്രിയെന്ന നിലയില്‍ കേരളത്തിന് പ്രത്യേകമായി രണ്ടരലക്ഷം ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ 2014 വരെ അധികമായി നല്‍കിയിരുന്നു. കഴിഞ്ഞ രണ്ടുവര്‍ഷം ഉമ്മന്‍ ചാണ്ടിയുടെ കാലത്തും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ വിഹിതം കുറഞ്ഞിട്ടുണ്ടെങ്കില്‍ അത് വാങ്ങിയെടുക്കാനാണ് നോക്കേണ്ടത്. അല്ലാതെ ബി.ജെ.പിയുമായി ചേര്‍ന്ന് രാഷ്ട്രീയം കളിക്കുകയല്ല വേണ്ടത്. ഏറ്റവും മികച്ച നിയമമായതുകൊണ്ടാണ് ബി.ജെ.പി സര്‍ക്കാറും ഇതില്‍ ഭേദഗതി കൊണ്ടുവരാത്തതെന്നും എല്ലാവരും ഐകകണ്ഠ്യേന അംഗീകരിച്ചതാണ് ഭക്ഷ്യസുരക്ഷാനിയമമെന്നും തോമസ് വ്യക്തമാക്കി.

Tags:    
News Summary - kv thomas on kerala ration supply

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.