കെ.വി. തോമസ് ഡല്‍ഹിയിലിരുന്ന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ, ഇ. ശ്രീധരന്റെ പേരുപറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കരുത് -വി. മുരളീധരൻ

ന്യൂഡല്‍ഹി: കെ.വി. തോമസിന് ഡല്‍ഹിയില്‍ വേറെ പണിയൊന്നുമില്ലാത്തതു കൊണ്ടാണെങ്കില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന ഇത്തരം ശ്രമങ്ങളുമായി ഇനിയും ഇറങ്ങിപ്പുറപ്പെടരുതെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ. സിൽവർ ലൈനുമായി ബന്ധപ്പെട്ട കെ.വി തോമസിന്റെ ഇടപെടലിൽ മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.വി. തോമസ് ഡല്‍ഹിയിലിരുന്ന് അദ്ദേഹത്തിന് ചെയ്യാന്‍ പറ്റുന്നതൊക്കെ ചെയ്യട്ടെ. പക്ഷെ ഇ. ശ്രീധരന്റെ പേരു പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ അദ്ദേഹം ഇറങ്ങിപ്പുറപ്പെടരുത്. രാജ്യത്തെ ഏതൊരാള്‍ക്കും റെയില്‍വേ മന്ത്രിയമായി ചര്‍ച്ച നടത്താം. മുന്‍ കേന്ദ്രമന്ത്രി എന്ന നിലയില്‍ അദ്ദേഹത്തിനും കൂടിക്കാഴ്ചക്ക് അനുമതി നല്‍കിയിട്ടുണ്ടാകും. ഇ. ശ്രീധരന്‍ കാര്യങ്ങളെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. കേരള സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിലവിലെ പദ്ധതി അപ്രായോഗികമാണെന്നും ഒരിക്കൽ കൂടി അദ്ദേഹം പറഞ്ഞിട്ടുണ്ട്', മുരളീധരന്‍ പറഞ്ഞു.

‘കെ റെയില്‍ എന്നാൽ 'കമീഷന്‍ റെയിലാ'യിരുന്നു. സില്‍വര്‍ലൈനിന്റെ പേരില്‍ കൺസൽട്ടൻസിയും കമീഷനും വേറെ എന്തൊക്കെയോ കച്ചവടങ്ങളും നടത്താന്‍ ഇറങ്ങി പുറപ്പെട്ട ആളുകൾ ഇനി പുതിയ ആശയത്തിന്റെ പേരിൽ കൺസൽട്ടൻസിയും കമീഷനും സ്വന്തം പാർട്ടി നേതാക്കൻമാരുടെ കീശയിലെത്തിക്കാൻ വേണ്ടിയാണ് ഈ പുതിയ ചർച്ചയുമായി ഇറങ്ങിയിട്ടുള്ളതെങ്കിൽ അത് കേരളത്തിലെ ജനങ്ങള്‍ക്ക് തിരിച്ചറിയാനുള്ള ബുദ്ധിയുണ്ടെന്ന് സർക്കാറിന് നേതൃത്വം നൽകുന്നവരും മാർക്സിസ്റ്റ് പാർട്ടിയും മനസ്സിലാക്കണം.

തനിക്കെതിരെ ശോഭ സുരേന്ദ്രന്‍ നടത്തിയ പരോക്ഷ വിമര്‍ശനത്തിനും മുരളീധരന്‍ മറുപടി നല്‍കി. ശോഭ പറഞ്ഞ കാര്യം തന്നെയാണ് താന്‍ ചെയ്യുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 'ശോഭ പറഞ്ഞത് നൂറ് ശതമാനം ഞാന്‍ അംഗീകരിക്കുകയാണ്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് കെ റെയിലിന് ഭൂമിയേറ്റെടുക്കലിന്റെ പേരില്‍ വിഷമം അനുഭവിക്കുന്ന ആളുകളുടെ ദുരിതങ്ങള്‍ നേരിട്ട് കാണാന്‍ കാല്‍നടയായി പോയത്', മുരളീധരന്‍ പറഞ്ഞു.

‘ഒരു സംസ്ഥാന ഉപാധ്യക്ഷ ചെയ്യുന്നതിനേക്കാൾ കൂടുതൽ കരുതലോടെ കേരളത്തിലെ ജനങ്ങളുടെ പക്ഷത്തുനിന്ന് പ്രവർത്തിക്കാൻ വേണ്ടിയാണ് നരേ​ന്ദ്ര മോദി കേന്ദ്ര മന്ത്രിയായി വി. മുരളീധരനെ നിയോഗിച്ചത്. വരദാനമായി കൊടുത്ത ആ രാജ്യസഭ സീറ്റിലൂടെ മന്ത്രിയായ മുരളീധരൻ അതിന് വേണ്ടി എല്ലാ ശ്രമങ്ങളും ഭാവി കേരളത്തിൽ ചെയ്യുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്’, എന്നിങ്ങനെയായിരുന്നു ശോഭ സുരേന്ദ്രന്റെ പ്രതികരണം.

Tags:    
News Summary - KV Thomas don't mislead people by mentioning Sreedharan's name -V. Muraleedharan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.