ലോകപ്രശസ്തരായ ഹെലൻ കെല്ലർ, ലൂയി ബ്രെയിലി, ഫ്രാങ്ക്ളിൻ ഡി. റൂസ്വെൽറ്റ് എന്നിവർക്കൊപ്പം സ്കൂൾ പാഠപുസ്തകത്തിൽ ഇടംനേടിയ മലപ്പുറം ജില്ലക്കാരിയാണ് കെ.വി. റാബിയ. ശാരീരിക ബുദ്ധിമുട്ടുകളെ വകവെക്കാതെ നടത്തിയ ജീവിത പോരാട്ടങ്ങളാണ് റാബിയയെ ഉജ്ജ്വല നേട്ടങ്ങളിലെത്തിച്ചത്.
1995ൽ നാലാം ക്ലാസിലേക്കുള്ള മലയാളം പാഠാവലിയിലെ ‘മാർഗദീപങ്ങൾ’ എന്ന പാഠത്തിലാണ് റാബിയയുടെ ജീവിതം വിവരിക്കുന്നത്. പാഠപുസ്തക ഭാഗം ഇങ്ങനെ: ‘എത്രതന്നെ ദുർബലരാണെങ്കിലും മുന്നേറാനുള്ള ഉറച്ച തീരുമാനമുണ്ടെങ്കിൽ മുന്നേറുക തന്നെ ചെയ്യും. പല മഹദ്വ്യക്തികളുടെയും ജീവിതകഥ അതാണ് നമ്മെ പഠിപ്പിക്കുന്നത്...
കേരളത്തെ സമ്പൂർണ സാക്ഷരതയിലേക്ക് നയിച്ച സാക്ഷരത പ്രവർത്തനങ്ങളെക്കുറിച്ച് മനസ്സിലാക്കിയിരിക്കുമല്ലോ. അക്ഷരത്തിന്റെ വെളിച്ചം എല്ലാവരിലുമെത്തിക്കാനുള്ള ഈ തീവ്രശ്രമത്തിൽ കേരളമാകെ ഉണർന്നു. ജനങ്ങൾ കൈയും മെയ്യും മറന്ന് തോൾ ചേർന്ന് ഒത്തൊരുമിച്ച് പ്രവർത്തിച്ചു. അക്കൂട്ടത്തിൽ കെ.വി. റാബിയ എന്ന പെൺകുട്ടിയുടെ പ്രവർത്തനങ്ങൾ പ്രത്യേകം എടുത്തുപറയേണ്ടതാണ്.’
2008ലെ സ്കൂൾ മലയാള പാഠ്യപദ്ധതി ശാസ്ത്രപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിലെ ‘കണ്ടും കേട്ടും’ എന്ന ഒന്നാം അധ്യായത്തിലും ലോകപ്രശസ്തരായ വനിതകൾക്കൊപ്പം റാബിയ ഇടംപിടിച്ചു. തനിക്ക് ലഭിച്ച ഈ അംഗീകാരങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് റാബിയ തന്റെ ആത്മകഥയിൽ പറയുന്നുണ്ട്.
നെഹ്റു യുവ കേന്ദ്ര അവാർഡ്, നാഷനൽ യൂത്ത് അവാർഡ്, ബജാജ് ട്രസ്റ്റ് അവാർഡ്, രാമാശ്രമം അവാർഡ്, കരുണാകര മേനോൻ സ്മാരക അവാർഡ്, ജയ്സീസ് സോൺ അവാർഡ്, എം.എസ്.എസ് അഹമ്മദ് മൗലവി സ്മാരക അവാർഡ്, കുവൈത്ത് താഹിറ അവാർഡ്, ഐ.എം.എ അവാർഡ്, യുവകല സാഹിതി അവാർഡ്, കേരള ഭിന്നശേഷി സാമൂഹിക സേവന സംഘടന അവാർഡ്, മുറിമട്ടത്തിൽ ബാവ അവാർഡ്, റിയാദ് സ്റ്റാർ ഫ്രണ്ട്സ് ക്രിയേഷൻ സാഹിത്യ അവാർഡ്, നഹ്ദി അവാർഡ്, മലയാളം അസോസിയേഷൻ അവാർഡ്, സംസ്ഥാന സാക്ഷരത സമിതി അവാർഡ്, ഭാസ്കർ ഫൗണ്ടേഷൻ അവാർഡ്, സീതി സാഹിബ് സ്മാരക അവാർഡ്, മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള ജോസഫ് മുണ്ടശ്ശേരി അവാർഡ്, മഹിള തിലകം അവാർഡ്, ഡോ. മേരി വർഗീസ് അവാർഡ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.