കുട്ടമ്പുഴ പന്തപ്രയിലേക്കെത്തിയ ആദിവാസികൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുമെന്ന് കലക്ടർ

കൊച്ചി: വന്യജീവി ഭീഷണിയെ തുടർന്ന് കുട്ടമ്പുഴ പന്തപ്രയിലേക്കെത്തിയ വാരിയം, ഉറിയംപെട്ടി ഊരുകളിലെ ആദിവാസി കൾക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ എൻ.എസ്.കെ ഉമേഷ്. ആന്റണി ജോൺ എ.എൽ.എയോടൊപ്പം ഊരിലെ ആദിവാസികളുമായി നടത്തിയ ചർച്ചയിലാണ് കലക്ടർ ഇക്കാര്യം വ്യക്തമാക്കിയത്.

കാട്ടുപോത്ത് ഉൾപ്പടെയുള്ള വന്യജീവികളുടെ ആക്രമണ ഭീഷണിയെ തുടർന്ന് 90 കുടുംബങ്ങളാണ് കാട്ടിൽ നിന്ന് നാടിനോട് ചേർന്ന പന്തപ്ര കോളനിയിലേക്ക് എത്തിയിട്ടുള്ളത്. നേരത്തെ പന്തപ്ര പുനരധിവാസ പാക്കേജ് പ്രകാരം പുനരധിവസിപ്പിച്ച 67 കുടുംബങ്ങളിൽ ചിലരുടെ സ്ഥലങ്ങളിൽ ഷീറ്റ് കൊണ്ട് മറച്ച താൽക്കാലിക ഷെഡുകളിലാണ് നിലവിൽ ഇവരുടെ താമസം.

ഇവരെയും പാക്കേജിൽ ഉൾപ്പെടുത്താനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. ഇതിനുള്ള കാലതാമസം പരിഗണിച്ച് തൽക്കാലത്തേക്ക് സമീപത്ത് തന്നെ കുറച്ച് സ്ഥലം അനുവദിക്കാനാണ് തീരുമാനം. ആവശ്യമായ ടോയ്ലറ്റ് സൗകര്യങ്ങൾ, കുടിവെള്ളം, ഭക്ഷണം ഉൾപ്പടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഉടൻ തന്നെ ഏർപ്പാടാക്കും.

പന്തപ്ര ഊരിലെ സമഗ്ര വികസനത്തിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കും. പുനരധിവാസ പാക്കേജിൽപെടുത്തി നിർമിക്കുന്ന വീടുകളുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കാൻ നിർദേശം നൽകി. നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാത്ത കരാറുകാരിൽ നിന്ന് പണം ഈടാക്കുന്നത് ഉൾപ്പടെയുള്ള നടപടികൾ സ്വീകരിക്കും. ഊരുകളിലേക്കുള്ള റോഡിന് വനം വകുപ്പിന്റെ എൻ.ഒ.സി ലഭിക്കുന്നതിനായി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുമായി കലക്ടർ കൂടിക്കാഴ്ച നടത്തും.

തേക്ക് പ്ലാന്റേഷനിൽ സ്ഥിതി ചെയ്യുന്ന ഊരുകളിലെ ആദിവാസികൾക്ക് അപകടമുയർത്തി നിൽക്കുന്ന മരങ്ങൾ മുറിച്ച് മാറ്റാനും തീരുമാനിച്ചു. ദുരന്ത നിവാരണ നിയമപ്രകാരമാണ് നടപടി. ഇത്തരത്തിൽ മുറിച്ചു മാറ്റേണ്ട മരങ്ങൾ കണ്ടെത്തുന്നതിനായി വനം, റവന്യൂ, തദ്ദേശ സ്വയംഭരണ വകുപ്പ് പ്രതിനിധികളും ട്രൈബൽ പ്രൊമോട്ടറും ഉൾപ്പെടുന്ന സമിതി രൂപീകരിക്കും.

ഇവർ നൽകുന്ന വിവരങ്ങൾ ക്രോഡീകരിച്ച് തഹസിൽദാരുടെ റിപ്പോർട്ടിന്റ അടിസ്ഥാനത്തിലാകും മരം മുറിക്കൽ. വാരിയം, ഉറിയംപെട്ടി ഊരുകളിൽ ബാക്കിയുള്ള മുഴുവൻ കുടുംബങ്ങളെയും പന്തപ്രയിലേക്ക് എത്തിക്കുന്നതിനായി ഊരുകൂട്ടങ്ങൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്താനും യോഗത്തിൽ തീരുമാനിച്ചു.

ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടർ ഉഷ ബിന്ദു മോൾ, മൂവാറ്റുപുഴ റവന്യൂ ഡിവിഷണൽ ഓഫീസർ പി.എ അനി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കാന്തി വെള്ളക്കയ്യൻ, കോതമംഗലം തഹസിൽദാർ റേച്ചൽ കെ വർഗീസ്, കുട്ടമ്പുഴ ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ടി. ബിനീഷ് കുമാർ, ഇടമലയാർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് വി.ബി അഖിൽ, മീറ്റ് പ്രോഡക്റ്റ്സ് ഓഫ് ഇന്ത്യ ചെയർമാൻ ഇ.കെ ശിവൻ, കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. ഗോപി, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.എ. സിബി, ബിനേഷ് നാരായണ, ജോഷി പൊട്ടയ്ക്കൽ, കുട്ടൻ ഗോപാലൻ തുടങ്ങിയവർ പങ്കെടുത്തു.

Tags:    
News Summary - Kutampuzha Pantapra tribal families urgent action to provide basic facilities

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-15 02:16 GMT