െതാടുപുഴ: കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിൽ വമ്പന്മാർ കൈയടക്കിയ ഭൂമി ഒഴിപ്പിക്കൽ മന്ത്രിസഭ ഉപസമിതി പരിഗണിക്കില്ലെന്ന് വിവരം. പകരം ജനവാസ കേന്ദ്രമെന്നും പഴയ കൈവശമെന്നും ചൂണ്ടിക്കാട്ടി നിശ്ചിത വിസ്തൃതിയിലെ പ്രദേശത്തെ അനധികൃത കൈയേറ്റം സാധൂകരിക്കുന്നതിന് ശിപാർശ ചെയ്യും. ജനപ്രതിനിധികളിൽനിന്നടക്കം വിവര ശേഖരണം നടത്തിയും അനുകൂല ഉദ്യോഗസ്ഥ റിപ്പോർട്ട് വാങ്ങിയുമാകും ഇത്. ജനവാസകേന്ദ്രങ്ങളെ കുറിഞ്ഞി ഉദ്യാനപരിധിയിൽനിന്ന് ഒഴിവാക്കി അന്തിമ വിജ്ഞാപനത്തിനും നടപടിയുണ്ടാകും. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് വാങ്ങി ഇടുക്കി എം.പി ജോയിസ് ജോർജിെൻറയും കുടുംബാംഗങ്ങളുടെയുമടക്കം പട്ടയം റദ്ദാക്കിയ നടപടികൾ തിരുത്തും. ഇതോടെ പ്രാഥമിക വിജ്ഞാപനത്തിൽ ഉൾപ്പെട്ട 3200 െഹക്ടർ കുറിഞ്ഞി ഉദ്യാനം 2000 ഹെക്ടറിൽ താഴെയാകുമെന്നാണ് സൂചന.
ജനവാസകേന്ദ്രങ്ങൾ, പട്ടയഭൂമി, കൃഷിയിടങ്ങൾ, ശ്മശാനം തുടങ്ങിയവ ദേശീയോദ്യാനത്തിൽ ഉൾപ്പെെട്ടന്ന പരാതി പരിഗണിക്കുന്ന ഉപസമിതി ഇതിന് അനുകൂല റിപ്പോർട്ട് തയാറാക്കും. ഇതോടെ കൊട്ടക്കാമ്പൂർ വില്ലേജിലെ ബ്ലോക്ക് 58ലെയും വട്ടവട വില്ലേജിലെ ബ്ലോക്ക് 68ലെയും പട്ടയഭൂമി ഒഴിവാക്കി അതിർത്തി നിർണയം പൂർത്തിയാക്കും. ബ്ലോക്ക് 62ൽ കർഷകർ ഉൾപ്പെട്ടിട്ടുണ്ട്. എം.പിയുടെയും കുടുംബാംഗങ്ങളുടെയും വിവാദഭൂമി ബ്ലോക്ക് 58ലാണ്. കർഷകരെ മറയാക്കിയാകും വമ്പന്മാരുടെ ഭൂമി സംരക്ഷണം. പട്ടയം ചമച്ച് അനധികൃതമായി ഭൂമി കൈവശംവെച്ചവരിൽ ഏറെയും വമ്പന്മാരോ ഉന്നത രാഷ്ട്രീയ നേതാക്കളുടെ ബിനാമികളോ ആണെന്ന് കണ്ടെത്തിയിട്ടുണ്ട്. അനധികൃതമായി ഭൂമി സ്വന്തമാക്കിയ 151 പേരുടെ പട്ടികയാണ് റവന്യൂ വകുപ്പ് നേരത്തേ തയാറാക്കിയത്.
പെരുമ്പാവൂരിലെ ജനപ്രതിനിധിയായ ഒരു സി.പി.എം നേതാവിന് ഇവിടെ വിവിധ പേരുകളിൽ 52 ഏക്കറാണ് ഭൂമി. മറയൂർ മുൻ പാർട്ടി ഏരിയ സെക്രട്ടറിക്കും 10 ഏക്കറിലേറെ ഭൂമിയുണ്ട്. ഇടുക്കി എം.പിയുടെ പട്ടയം റദ്ദാക്കുന്നതിന് റവന്യൂ വകുപ്പ് കണ്ടെത്തിയ കാരണങ്ങൾ ബാധകമായ ഭൂമിയാണിവയെല്ലാം. ഉന്നത യു.ഡി.എഫ് നേതാവിനും ബിനാമി പേരിൽ ഇതേ പ്രദേശത്ത് ഭൂമിയുണ്ട്. ചെന്നൈ ആസ്ഥാനമായ കമ്പനി മുതൽ തിരുവനന്തപുരം, മലപ്പുറം, കൊല്ലം ജില്ലയിലെ നിരവധിപേരും ഭൂമി വൻതോതിൽ സ്വന്തമാക്കി. ഉപസമിതി റിപ്പോർട്ട് സമർപ്പിക്കുന്നതോടെ ഇവരിൽ ഏതാണ്ട് എല്ലാവരും തന്നെ കൈയേറ്റക്കാരല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാകുക. പ്രതീക്ഷയേകുന്ന നടപടിയാണ് ഉപസമിതി പ്രഖ്യാപനത്തോടെ ഉണ്ടായതെന്നാണ് സി.പി.എം കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.