തൊടുപുഴ: വിസ്തൃതി അതേപടി നിലനിർത്തി നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ അതിർത്തി മാറ്റി നിർണയിക്കാനുള്ള മന്ത്രിസഭ തീരുമാനം പ്രദേശത്തെ വിവാദകൈയേറ്റങ്ങളുടെ സംരക്ഷണം തന്ത്രപരമായി ഉറപ്പിച്ച്. പട്ടയം റദ്ദാക്കിയ ഇടുക്കി എം.പിയുടേതടക്കവും മറ്റ് പ്രമുഖരുടെയും ഭൂമി ഉൾപ്പെടുന്ന കൊട്ടക്കാമ്പൂരിലെ ബ്ലോക്ക് 58 പ്രദേശം പൂർണമായി ഉദ്യാനത്തിെൻറ ഭാഗമാക്കണമെന്ന വനംവകുപ്പ് റിപ്പോർട്ട് നിലനിൽക്കെ ജനവാസമേഖലയെന്ന് നിർവചിച്ച് ഇവിടം ഒഴിവാക്കിയും മറ്റ് ചില പ്രദേശങ്ങൾ കൂട്ടിച്ചേർത്തും അതിർത്തി നിർണയിക്കാനാണ് നീക്കം.
അതിർത്തി പുനർനിർണയ മാനദണ്ഡങ്ങൾ ഇത്തരത്തിൽ തയാറാക്കിയാണ് സെറ്റിൽമെൻറ് ഒാഫിസറെ നിയമിക്കുക. അതേസമയം, നിലവിൽ വനംവകുപ്പിെൻറ കൈവശമിരിക്കുന്ന ഭൂമിയാണ് വിസ്തൃതി കുറയാതിരിക്കാൻ 59,60,63 ബ്ലോക്കുകളിൽനിന്ന് കൂട്ടിച്ചേർക്കുന്നത്. വട്ടവട വില്ലേജിലെ ബ്ലോക്ക് 62 മേഖല ഭാഗികമായി ഏറ്റെടുക്കണമെന്ന വൈൽഡ് ലൈഫ് വാർഡെൻറ റിപ്പോർട്ടും അട്ടിമറിക്കപ്പെടുമെന്നാണ് സൂചന. ഇവിടെയും പ്രമുഖരുടെ കൈയേറ്റം ഉൾപ്പെട്ടിട്ടുണ്ട്. വന്യജീവി സങ്കേതമായി പ്രഖ്യാപിക്കപ്പെട്ട ഭൂപ്രദേശമെന്ന നിലയിൽ ഉദ്യാനത്തിെൻറ വിസ്തൃതി കുറഞ്ഞാൽ കേന്ദ്രത്തിെൻറ പിടിവീഴുമെന്നതിനാലാണ് വിസ്തൃതി 3200 ഹെക്ടറിൽ നിലനിർത്താനുള്ള മന്ത്രിസഭ തീരുമാനം. 2006 ഒക്ടോബര്‍ ആറിലെ ആദ്യ ഉത്തരവുപ്രകാരം 3200 ഹെക്ടര്‍ ഭൂമിയാണ് കുറിഞ്ഞി ഉദ്യാനമായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിച്ചത്.
അതിർത്തി പുനർനിർണയിക്കാൻ കേന്ദ്ര വന്യജീവി നിയമപ്രകാരം നടപടി ക്രമംപാലിക്കേണ്ടത് വെല്ലുവിളിയാണെങ്കിലും വിസ്തൃതി കുറക്കാതിരിക്കുന്നതിലൂടെ ഇത് മറികടക്കാനാകുമെന്നാണ് സർക്കാറിെൻറ പ്രതീക്ഷ. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം ഇതു സംബന്ധിച്ച് ചട്ടങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. വന്യജീവി സങ്കേതമായി പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാന സർക്കാറിനു മാത്രമായി അതേക്കുറിച്ച് തീരുമാനമെടുക്കാനാവില്ല. സംസ്ഥാന വൈൽഡ് ലൈഫ് ബോർഡ്, കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് എന്നിവ എന്തിനാണ് അതിർത്തി പുനർനിർണയിക്കേണ്ടത് എന്ന് ചർച്ച ചെയ്യണം. പിന്നീട് വനം, പരിസ്ഥിതി മന്ത്രാലയം ഇക്കാര്യം പരിഗണിക്കണം. തുടർന്ന് കേന്ദ്ര വൈൽഡ് ലൈഫ് ബോർഡ് അനുമതി നൽകണം. ഇൗ കടമ്പകളൊക്കെ മറികടക്കണമെന്നിരിക്കെയാണ് ജനവാസമേഖലയെന്ന് വിവക്ഷിച്ച് അനധികൃതമായി ഭൂമി കൈവശം വെച്ചിട്ടുള്ളവരെ രക്ഷിക്കാൻ സർക്കാർ നടപടി.
കുറിഞ്ഞി ഉദ്യാന വിസ്തൃതി കുറയ്ക്കില്ലെന്ന് സർക്കാർ
തിരുവനന്തപുരം: ഇടുക്കിയിലെ നീലക്കുറിഞ്ഞി ഉദ്യാനത്തിെൻറ വിസ്തൃതി കുറയ്ക്കേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. 3200 ഹെക്ടറായി ഉദ്യാനവിസ്തൃതി നിലനിർത്തും. പ്രദേശം സന്ദർശിച്ച വനം, റവന്യൂ, വൈദ്യുതി മന്ത്രിമാരുടെ ശിപാർശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കുറിഞ്ഞി സങ്കേതത്തിനകത്ത് വരുന്ന പട്ടയപ്രശ്നങ്ങള്‍ പരിഹരിക്കാനും നിയമപരമായി വിസ്തൃതി നിജപ്പെടുത്താനും ഐ.എ.എസ് ഉദ്യോഗസ്ഥനെ സെറ്റില്‍മെൻറ് ഓഫിസറായി നിയമിക്കാനും തീരുമാനിച്ചു.
കുറിഞ്ഞിമല സങ്കേതപ്രദേശത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറിസ് തുടങ്ങിയ ജലമൂറ്റുന്ന മരങ്ങൾ നട്ടുവളര്‍ത്തുന്നത് നിരോധിക്കും. ഇവ നടന്നതുമായി ബന്ധെപ്പട്ട കൈയേറ്റം ഒഴിവാക്കുകകൂടിയാണ് ലക്ഷ്യം. ഇത്തരം മരങ്ങൾ ഇനി നട്ടുവളർത്താൻ പാടില്ല. ഇതിനായി വനേതരപ്രദേശത്ത് വൃക്ഷം നട്ടുപിടിക്കാനുള്ള നിയമം ഭേദഗതി ചെയ്യും. റവന്യൂ ഭൂമിയില്‍ മരം നട്ടുപിടിപ്പിക്കുന്നതിന് വനം വകുപ്പ് നേരിട്ട് കമ്പനികള്‍ക്കും ഏജന്‍സികള്‍ക്കും പാട്ടത്തിന് നല്കുന്നരീതി അവസാനിപ്പിക്കും. ജനവാസമേഖലകളെ ഒഴിവാക്കി പകരം ജനവാസമില്ലാത്ത മേഖലയിലെ ഭൂമികൂടി ഉദ്യാനത്തോട് കൂട്ടിച്ചേർത്താണ് പഴയ വിസ്തൃതി നിലനിർത്തുക. കുറിഞ്ഞി സങ്കേതത്തില്വരുന്ന വനഭൂമിയും പട്ടയഭൂമിയും ഡ്രോണ്‍ അധിഷ്ഠിത സര്‍വേ സാങ്കേതികവിദ്യ ഉപയോഗിച്ച് തിട്ടപ്പെടുത്തും. നടപടി ജൂണിന് മുമ്പ് പൂര്‍ത്തിയാക്കും. അങ്ങനെ തിട്ടപ്പെടുത്തുന്ന ഭൂമി വനം വകുപ്പ് ജണ്ടയിട്ട് തിരിക്കും.
വട്ടവട, കൊട്ടക്കമ്പൂര്‍, കാന്തല്ലൂര്‍, മറയൂര്‍, കീഴാന്തൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന അഞ്ചുനാട് പ്രദേശങ്ങളിലെ മുഴുവന്‍ അക്കേഷ്യ, യൂക്കാലിപ്റ്റസ്, ഗ്രാൻറിസ് മരങ്ങളും ആറുമാസത്തിനകം പിഴുതുമാറ്റും. ജില്ല കലക്ടര്‍ ഇതിന് പദ്ധതി തയാറാക്കും. റവന്യൂ ഭൂമിയിൽ വനം വകുപ്പ് ഇനി ഇത്തരം മരങ്ങൾ െവച്ചുപിടിപ്പിക്കാൻ പാടില്ല. പട്ടയഭൂമിയില്‍ നില്ക്കുന്ന ഇത്തരം മരങ്ങള്‍ ഉടമതന്നെ ആറുമാസത്തിനകം പിഴുതുമാറ്റണം. ഉടമ അതിന് തയാറായില്ലെങ്കില്‍ മരങ്ങള്‍ മാറ്റുന്നതിന് കലക്ടർക്ക് അധികാരം നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.