കുഞ്ഞാപ്പയുടെ കുഞ്ഞൂഞ്ഞ് ഓർമകൾ

കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിൽ ‘ചേഞ്ച്’ കൊണ്ട് വന്ന നേതാവിനെയാണ് നഷ്ടമായിരിക്കുന്നത് എന്ന് പി.കെ. കുഞ്ഞാലിക്കുട്ടി ഓർക്കുന്നു. ഒരു കാലത്ത് കുഞ്ഞൂഞ്ഞ്, കുഞ്ഞാപ്പ, കുഞ്ഞുമാണി സഖ്യം എന്നൊക്കെ പറയുമായിരുന്നു. യഥാർഥത്തിൽ ഇ.കെ. നയനാരു​ടേതായിരുന്നു ആ തമാശ കലർന്ന വിമർശനം. പദ്ധതി വിഹിതങ്ങൾ മലപ്പുറത്തേക്കും കോട്ടയത്തേക്കും പുതുപ്പള്ളിയിലേക്കും കൊണ്ടുപോവുകയാണ് എന്നൊരടി അടിച്ചു ഒരിക്കൽ നായനാർ. അത് പിന്നീട് പല കോലത്തിലും എതിരാളികൾ ആയുധമാക്കി.

ഇന്നത്തെ പോലെയല്ല അന്നത്തെ വിമർശനത്തിനൊക്കെ ഒരു മാന്യതയും മര്യാദയുമുണ്ടായിരുന്നു. അതിവേഗം ബഹു​ദൂരം കേരളത്തെ മുന്നോട്ടു നയിച്ച ഉമ്മൻചാണ്ടിയുടെ കാലത്തെ വികസനത്തിൽ ‘ഒരു ഉമ്മൻചാണ്ടി ടെച്ച്’ ഉണ്ടായിരുന്നു. പ്രശ്നങ്ങൾ ‘സെറ്റിൽ’ ചെയ്യാനുള്ള മിടുക്ക്, എപ്പോഴും ജനങ്ങൾക്കൊപ്പം ഓടിച്ചാടി നടക്കുന്ന നേതാവ്, പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ ‘കട്ടക്ക്’ നിൽക്കുന്ന നേതാവ് കൂടിയായിരുന്നു കുഞ്ഞാലിക്കു​ട്ടിക്ക് ഉമ്മൻചാണ്ടി.

ആദ്യ കാഴ്ചയിൽ ആകൃഷ്ടനായി

82 -ൽ ആദ്യമായി നിയമസഭയിലാണ് ഉമ്മൻ ചാണ്ടിയുമായി അടുത്തിടപഴകാൻ സാധിച്ചത്. അന്നേ അദ്ദേഹത്തിന്റെ ഊർജ്ജസ്വലതയിൽ ആകൃഷ്ടനായി. ആൻറണിയും കരുണാകരനും സി. എച്ചുമൊക്കെയാണ് അന്നത്തെ നേതാക്കളെങ്കിലും എല്ലാവർക്കുമിടയിൽ ഊർജ്ജസ്വലനായ കോ-ഓർഡിനേറ്ററായി ഓടി നടക്കുന്ന ഉമ്മൻചാണ്ടി. പത്ത് വർഷത്തോളം ഭരണപക്ഷത്തും പ്രതിപക്ഷത്തും ഒരുമിച്ച് പ്രവർത്തിക്കാനായി. 91 -ൽ കരുണാകരൻ മന്ത്രിസഭയിൽ ഒരുമിച്ച് കൂടുതൽ അടുത്ത് പ്രവർത്തിക്കാനായി. യു.ഡി.എഫ് കൺവീനർ എന്ന നിലയിലും മന്ത്രി എന്ന നിലയിലും മിടുക്കുള്ള പ്രവർത്തനം. ഘടക കക്ഷികൾക്കിടയിൽ യഥാർഥ പാലമായി പ്രവർത്തിക്കുന്ന ഉമ്മൻ ചാണ്ടിയായി മാറി അ​പ്പോഴേക്കും. അത് അന്നും എന്നും തുടർന്നു.

കോൺഗ്രസിൽ ഗ്രൂപ് പ്രശ്നങ്ങൾ രൂക്ഷമായി പുറ​ത്തേക്ക് വരുമ്പോൾ പലപ്പോഴും ഉമ്മൻ ചാണ്ടി മധ്യസ്ഥന്റെ റോളിൽ എന്നെ അതിൽ ഇടപെടീക്കുമായിരുന്നു. എന്ത് പ്രശ്നങ്ങളുണ്ടായാലും അവസാനം അത് പറഞ്ഞ് സെറ്റിലാക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ മിടുക്ക് അപാരമായിരുന്നു. അദ്ദേഹത്തിന്റെ ആ കഴിവ് ഓരോ ഘട്ടത്തിലും കൂടി കൂടി വന്നു. അദ്ദേഹം പാർട്ടിയുമായി വല്ലാതെ ഇടയു​മ്പോഴും ഞാൻ ചെന്ന് സംസാരിച്ചാൽ മഞ്ഞുരുകും. അത്തരം പല ഘട്ടങ്ങളുമുണ്ടായിട്ടുണ്ട്.

ഹൃദയവേദനയുണ്ടാക്കാതെ വിമർശനം

പ്രതിപക്ഷത്തിരിക്കുമ്പോൾ ഭരണപക്ഷത്തെ നിശിതമായി വിമർശിക്കും. പക്ഷെ വിമർശനത്തിനിരയാവുന്നവരെ പ്രകോപിപ്പിക്കില്ല. ഏത് വിമർശനവും ബഹുമാനത്തോടെ തന്നെ നടത്തും. അത് വ്യക്തിപരമായി നടത്തുകയാണെങ്കിലും അങ്ങനെ തന്നെ.. ഞാൻ വിഷമിപ്പിക്കാൻ വേണ്ടി പറയുകയല്ല എന്ന് ഇടക്ക് ആശ്വസിപ്പിച്ച് കൊണ്ടേ വിമർശിക്കു. ആർക്കും ഹൃദയവേദനയുണ്ടാക്കുന്ന വിമർശനം അദ്ദേഹം നടത്തില്ല. അതേ സമയം അദ്ദേഹത്തിന് ഏതിരാളികളുടെ മൂർച്ചയേറിയ അമ്പേറ്റ സന്ദർഭങ്ങൾ എത്ര​യോ ഉണ്ട്. അപ്പോഴും അദ്ദേഹം തിരിച്ച് ആ രീതിയിൽ വിമർശിച്ചിരുന്നില്ല. ഒരിക്കൽ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി ആന്റണി മുഖ്യമന്ത്രിയായ വലിയ രാഷ്ട്രീയ പ്രതിസന്ധി ഉണ്ടായപ്പോഴും എല്ലാം മയത്തിൽ കൈകാര്യം ചെയ്യുന്ന ഉമ്മൻചാണ്ടിയെയാണ് കാണാനായത്. ലീഡർഷിപ്പിലെ മാറ്റവുമായി ബന്ധപ്പെട്ട് ഉമ്മൻചാണ്ടിക്ക് കൃത്യമായ നിലപാട് ഉണ്ടായിരുന്നു.

സ്നേഹത്തിന്റെ നൂല് കൊണ്ട് ബന്ധനസ്ഥനാക്കുന്ന കുഞ്ഞൂഞ്ഞ്

ഏത് പ്രശ്നത്തിലും സ്നേഹപൂർവമായ ഇടപെടൽ അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സ്നേഹത്തിന്റെ നൂല് കൊണ്ട് ആദ്യം എല്ലാവരെയും ബന്ധനസ്ഥരാക്കും. ഒടുവിൽ എല്ലാം നയത്തിൽ പരിഹരിച്ച് ആ നൂൽബന്ധനത്തിൽ നിന്ന് എല്ലാവരെയും ​മോചിപ്പിക്കും. അതാണ് ഉമ്മൻചാണ്ടി സ്റ്റൈൽ. തെരഞ്ഞെടുപ്പ് കാലത്ത് സീറ്റ് ചർച്ചയിലെല്ലാം അത് പ്രതിഫലിക്കും. പലപ്പോഴും ആദ്യം ലീഗുമായി ചർച്ച നടത്തും. ലീഗിനെക്കാൾ വലിയ ബാർഗെയിനുമായി മാണിസാറുണ്ടാവും. ലീഗ് പലപ്പോഴും അത്ര കടുംപിടിത്തം പിടിക്കൂല. അതു കൊണ്ട് ആദ്യം ലീഗിനെ കൂടെ നിർത്തും . ആ കരുത്തിലാണ് പിന്നെ മാണിസാറുമായി ചർച്ച നടത്തുക. അത്തരം തന്ത്രങ്ങളുടെ ആശാനായിരുന്നു ഉമ്മൻചാണ്ടി.

മുന്നണിയുടെ കപ്പിത്താൻ

ഇന്ത്യയിൽ മുന്നണിരാഷ്ട്രീയത്തിന്റെ മോഡലാണ് കേരളം. എൽ.ഡി.എഫായാലും യു.ഡി.എഫ് ആയാലും. ദീർഘകാലം യു.ഡി.എഫിന്റെ കൺവീനർ എന്ന നിലക്ക് അ​ദ്ദേഹം ഐക്യജനാധിപത്യമുന്നണിയെ ഒത്തുതീർപ്പുകളിലൂടെ പരിപാലിച്ചു. അഞ്ച് വർഷം പ്രതിപക്ഷത്ത് അഞ്ച് വർഷം ഭരണപക്ഷത്ത് എന്ന അവസ്ഥ ഉമ്മൻചാണ്ടി സജീവമായിരുന്ന കാലത്ത് തുടർന്നുപോനു. അദ്ദേഹം അത്ര സജീവമല്ലാതായതോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രം തന്നെ മാറി. ഇടതുമുന്നണിക്ക് ഭരണത്തുടർച്ച ലഭിക്കുന്നതും കാണാനായി.

അഞ്ചാം മന്ത്രി വിവാദം അന്നത്തെ ചർച്ചയുടെ ‘ബൈപ്രോഡക്ട്’

2011ലെ നിയമസഭതെരഞ്ഞെടുപ്പ് ഫലം വരു​മ്പോൾ വലിയ സമ്മർദ്ദത്തിലായിരുന്നു മുന്നണി. എൽ.ഡി.എഫിന് ഭരണത്തുടർച്ച വരുമെന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. ഉമ്മൻചാണ്ടി വിളിച്ചു കാര്യങ്ങൾ കൈവിടാനുള്ള സാധ്യത പറഞ്ഞു. ഒടുവിൽ ഒരു സീറ്റ് ഭൂരിപക്ഷത്തിൽ യു.ഡി.എഫ് ജയിക്കുമെന്നായി. അപ്പോൾ അദ്ദേഹം വിളിച്ചു പറഞ്ഞു. ഉടനെ തിരുവനന്തപുരത്തെത്തണം. ​വിമാനത്തിലായിരുന്നു തിരുവനന്തപുരത്തേക്കുള്ള യാ​ത്ര. യാത്രക്കിടയിൽ അദ്ദേഹത്തിന്റെ അറിയിപ്പു വന്നു. സീറ്റിന്റെ കാര്യത്തിൽ അവർ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കൊച്ചിയിലിറങ്ങണം. എന്നിട്ട് ഉടനെ കോട്ടയത്തേക്ക് തിരിക്കണം. അങ്ങനെ കോട്ടയത്തേക്ക് ടാക്സി എടുത്തു പോയി. അവിടെ വെച്ചാണ് സർക്കാർ രൂപവത്കരണത്തിനുള്ള പദ്ധതികൾ ചർച്ച ചെയ്തത്. അന്നത്തെ ചർച്ചകളുടെ ‘ബൈ പ്രോഡക്ട്’ ആയിരുന്നു പിന്നീടുണ്ടായ മുസ്‍ലീം ലീഗിന്റെ അഞ്ചാം മന്ത്രി വിവാദം. അതിന്റെ രഹസ്യം അദ്ദേഹം പുറത്തു പറഞ്ഞില്ല. ഇനി ഞാനും അത് പുറത്ത് പറയില്ല.

ആൾക്കൂട്ടത്തിൽ നിന്ന് സ്വകാര്യം പറയുന്ന വിദ്യ

വി.എസ്. ഗവൺമെൻറിന് ശേഷം ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായി വന്നപ്പോഴേക്കും അദ്ദേഹം കൂടുതൽ ശക്തനായി. കൂടെ പ്രവർത്തിക്കുന്നവരെ സ്വതന്ത്രരാക്കി വിടുക, എന്നിട്ട് മികച്ച റിസൽട്ടുണ്ടാക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പോളിസി. ഉമ്മൻ ചാണ്ടിയുടെ ജനസമ്പർക്ക പരിപാടിയൊക്കെ അൽഭുതപ്പെടുത്തി. ചി​ലപ്പോൾ അദ്ദേഹത്തോട് ഞങ്ങൾക്ക് ചോദി​ക്കേണ്ടി വന്നു. ഇങ്ങനെ ജനങ്ങ​ൾക്കൊപ്പം എപ്പോഴും നിന്നാൽ സ്വകാര്യം പറയാൻ കൂടി ഞങ്ങൾക്ക് അവസരം കിട്ടുന്നില്ലെന്ന് പരാതി പറയേണ്ടി വന്നു. അതിനദ്ദേഹം പറഞ്ഞ മറുപടി രസകരമായിരുന്നു. ആൾക്കൂട്ടത്തിനിടയിൽ നിന്ന് സ്വകാര്യം പറയാനാണ് ഏറ്റവും സൗകര്യമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുറപടി. അതിന്റെ വിദ്യയും അദ്ദേഹം പറഞ്ഞു തന്നു.

ലീഗ് വദികളിൽ ആരവമുയർത്തിയ നേതാവ്

മുസ്‍ലീം ലീഗിന്റെ വേദികളിൽ ഉമ്മൻ ചാണ്ടി എത്തുമ്പോഴേക്കും വലിയ ആരവമായിരുന്നു. അത് എല്ലാവർക്കും കിട്ടുന്നതല്ല. മുഹമ്മദലി ശിഹാബ് തങ്ങള​ുടെ കാലത്ത് ഏത് പരിപാടിയുണ്ടാവുമ്പോഴും ഉമ്മൻ ചാണ്ടിയെ കിട്ടണമെന്ന് പറയും. ഇല്ലാത്ത സമയം എങ്ങനെയെങ്കിലുമുണ്ടാക്കി അദ്ദേഹം എത്തിച്ചേരും. അതിന്റെ ഗുണം ഉമ്മൻ ചാണ്ടിക്ക് ലഭിച്ചിരുന്നു.

വ്യക്തിപരമായ പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്ന സുഹൃത്ത്

എനിക്ക് വ്യക്തിപരമായി ഉണ്ടായ വലിയ പ്രതിസന്ധിഘട്ടങ്ങളിൽ കൂടെ നിന്ന് ആശ്വസിപ്പിച്ചത് മറക്കാനാവാത്ത ഓർമയാണ്. അച്യുതാനന്ദൻ മുഖ്യമന്ത്രിയായ സമയത്തും എനിക്ക് വലിയ ​പ്രയാസങ്ങളുണ്ടാവുമെന്ന ഘട്ടത്തിൽ നല്ല സുഹൃത്തായി എപ്പോഴും കൂടെ നിന്നു. അത് നൽകിയ കരുത്ത് എന്നും ഓർമയിലുണ്ടാവും.


Tags:    
News Summary - Kunhalikutty's Oommen Chandi memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.