കോഴിക്കോട്: വിഷബാധ ചികിത്സയുടെ ഗുണങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി മികച്ചൊരു ടോക്സിക്കോളജി സെന്‍ററിന്‍റെ അനിവാര്യത മലബാറിലുണ്ടെന്ന് കൃഷി മന്ത്രി ടി. സിദ്ധീഖ്. ജെ.ഡി.റ്റി ഇസ്‌ലാം കാംപസില്‍ ഇഖ്‌റ ഹോസ്പിറ്റല്‍ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗവും ഡിപാര്‍ട്‌മെന്‍റ് ഓഫ് ടോക്സികോവിജിലന്‍സ് ആന്‍ഡ് പോയ്സണ്‍ ഇന്‍ഫര്‍മേഷന്‍ സെന്‍ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാഷണല്‍ ക്ലിനിക്കല്‍ ടോക്‌സികോളജി കോണ്‍ഫറന്‍സ് ടോക്‌സിക് 2026 (ToxIq2026) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
'മികച്ചൊരു പോയ്‌സണ്‍ കണ്‍ട്രോള്‍ സെന്‍റർ ആരംഭിക്കുന്നതിന് ഈ കോണ്‍ഫറന്‍സിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടോക്‌സിക്കോളജി ചികിത്സ കേരളത്തിന്‍റെ സാഹചര്യത്തില്‍ ഏറെ പ്രാധാന്യമുള്ള മേഖലയാണ്. പുതിയ കാലത്ത് നിര്‍മിത ബുദ്ധിക്കും ടോക്‌സിക്കോളജി ചികിത്സാ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ കോണ്‍ഫറന്‍സില്‍ ഉയരുന്ന നവീന ആശയങ്ങള്‍ ക്രോഡീകരിച്ച് നല്‍കിയാല്‍ സര്‍ക്കാര്‍ തലത്തില്‍ ഏകീകരണത്തിന് നേതൃത്വം നല്‍കാന്‍ തയാറാണ്.' മന്ത്രി പറഞ്ഞു. ജെ.ഡി.റ്റിയുടെയും ഇഖ്‌റ ഹോസ്പിറ്റലിന്‍റെ സാമൂഹികപ്രാധാന്യമുള്ള എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും സര്‍ക്കാറിന്‍റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിക്കുള്ള ആദരവ് ജെ.ഡി.റ്റി ഇസ്‌ലാം സെക്രട്ടറി സി.എ ഹാരിഫ് നല്‍കി.
പരിപാടിയില്‍ കൊച്ചി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ഫോറന്‍സിക് വിഭാഗം തലവനും പോയ്‌സണ്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവിയുമായ ഡോ. വി.വി പിള്ളൈ വിശിഷ്ടാതിഥിയായിരുന്നു. ഡോ. പിള്ളൈക്കുള്ള ആദരം മന്ത്രി സമര്‍പ്പിച്ചു. ഇഖ്‌റ ഹോസ്പിറ്റല്‍ എക്‌സിക്യൂട്ടിവ് ഡയറക്ടറും ജെ.ഡി.റ്റി ഇസ്‌ലാം ഓര്‍ഫനേജ് പ്രസിഡന്റുമായ ഡോ. പി.സി. അന്‍വര്‍ ചടങ്ങില്‍ അധ്യക്ഷനായി.
ഇഖ്‌റ ഹോസ്പിറ്റല്‍ എമര്‍ജന്‍സി വിഭാഗം മേധാവി ഡോ. സനല്‍ദേവ് എസ്.എസ്, ഇഖ്‌റ ഫാര്‍മസി മാനേജര്‍ അബ്ദുറഹ്‌മാന്‍ ഇ, കേരള സ്റ്റേറ്റ് എമര്‍ജന്‍സി അസോസിയേഷന്‍ അണ്ടര്‍ സെക്രട്ടറിയും തൃശൂര്‍ മെഡിക്കല്‍ കോളജ് എമര്‍ജന്‍സി വിഭാഗം അസിസ്റ്റന്‍റ് പ്രഫസറുമായ ഡോ. അഖില്‍, ജെ.ഡി.റ്റി ഇസ്‌ലാം ജോയിന്‍റ് സെക്രട്ടറി ഹിലാലുദ്ധീന്‍ ഹസ്സന്‍ എന്നിവര്‍ സംബന്ധിച്ചു. ഇഖ്‌റ ഹോസ്പിറ്റല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുഹമ്മദ് ജസീല്‍ നാലകത്ത് നന്ദിയും എമര്‍ജെന്‍സി വിഭാഗം കണ്‍സല്‍റ്റന്‍റ് ഡോ. നിര്‍മല്‍ പീറ്റര്‍ എബ്രഹാം നന്ദിയും പറഞ്ഞു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള അക്കാദമിക് സെഷനുകള്‍, വിദഗ്ദ പ്രഭാഷണങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, കേസ്-അധിഷ്ഠിത പഠനങ്ങള്‍, അക്കാദമിക് മത്സരങ്ങള്‍ എന്നിവ സമ്മേളനത്തിന്‍റെ പ്രധാന ആകര്‍ഷണങ്ങളാണ്. വിജ്ഞാനവിനിമയം, ഗവേഷണ സഹകരണം, പ്രഫഷണല്‍ നെറ്റ് വർക്കിങ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വേദിയാണ് ToxIQ 2026. കോണ്‍ഫറന്‍സില്‍ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിദഗ്ധരും ആരോഗ്യപരിപാലന രംഗത്തെ പ്രഫഷണലുകളുമാണ് പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.