തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട, കണ്ണൂർ ജില്ലകളിലും ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ആഗസ്റ്റ് മൂന്ന്) അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയാണ്. ചെങ്ങന്നൂർ, കുട്ടനാട് താലൂക്കുകളിലെ പ്രഫഷനൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ തുടങ്ങിയവ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ജില്ലാ കലക്ടർ ഷാജി വി. നായർ അവധി പ്രഖ്യാപിച്ചത്.
കനത്ത മഴയും വിവിധ മേഖലകളിലെ പ്രളയവും കണക്കിലെടുത്ത് പത്തനംതിട്ട ജില്ലയിൽ പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് പത്തനംതിട്ട ജില്ലാ കലക്ടർ അറിയിച്ചു.
പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് കണ്ണൂർ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാനായ ജില്ലാ കലക്ടർ പി. വിഷ്ണുരാജ് അവധി പ്രഖ്യാപിക്കുകയായിരുന്നു. ട്യൂഷൻ സെന്ററുകൾ, മദ്രസകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും.
ഞായറാഴ്ച 12 ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. പത്തനംതിട്ട മുതൽ കാസർകോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലെർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഈ രണ്ട് ജില്ലകളിൽ നേരത്തേ മഴ മുന്നറിയിപ്പില്ലായിരുന്നു.
തിങ്കളാഴ്ച പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ മഞ്ഞ അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യമാണുള്ളത്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ അധികൃതരുടെ നിർദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്ന് മുന്നറിയിപ്പിൽ പറയുന്നു. ഓഗസ്റ്റ് അഞ്ച്, ആറ് തീയതികളിൽ മഴ വീണ്ടും ശക്തിപ്പെട്ടേക്കുമെന്നും മുന്നറിയിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.