സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് മകളെ കൊണ്ടുപോയി; തിരികെ എത്തിക്കണമെന്ന അഭ്യർഥനയുമായി കുംഭമേള വൈറൽ താരത്തിന്റെ മാതാവ്

ന്യൂഡൽഹി: കുംഭമേളയിലൂടെ വൈറലായ പെൺകുട്ടി മൊണാലിസയെ സിനിമയിൽ അഭിനയിപ്പിക്കാമെന്ന് പ്രലോഭിപ്പിച്ചാണ് കൊണ്ടുപോയതാണെന്ന വെളിപ്പെടുത്തലുമായി മാതാവ്. മകളെ എത്രയും വേഗം തിരികെ എത്തിക്കണമെന്നും അവർ ആവശ്യപ്പെട്ടു. ഡൽഹിയിലെ പട്ടികജാതി-വർഗ കമീഷൻ ഓഫിസിലെത്തി പെൺകുട്ടിയുടെ കുടുംബം മൊഴി നൽകിയതിനു ശേഷമാണ് ഈ പ്രതികരണം നടത്തിയത്.

സംഭവത്തിൽ പെൺകുട്ടിയെ വിവാഹം ചെയ്ത ഫർമാൻ ഖാനെതിരെ പോക്സോ, പട്ടികവർഗ അതിക്രമ നിരോധന നിയമം എന്നിവ പ്രകാരം കേസെടുക്കാൻ പട്ടികവർഗ കമീഷൻ നിർദേശം നൽകിയിട്ടുണ്ട്. ഫർമാനെ അറസ്റ്റ് ചെയ്യുന്നതിൽ കേരള, മധ്യപ്രദേശ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ കമീഷൻ അതൃപ്തി രേഖപ്പെടുത്തിയെന്ന് പരാതിക്കാരനായ പ്രഥം ദുബെയും പറഞ്ഞു.

കേസുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് പൊലീസ് കൊച്ചിയിൽ എത്തിയെങ്കിലും ഫർമാന്റെ സുഹൃത്തിനെയോ പെൺകുട്ടിയെയോ കണ്ടെത്താനായിട്ടില്ല. തൃക്കാക്കര കേന്ദ്രീകരിച്ച് വനിതാ എസ്.ഐയുടെ നേതൃത്വത്തിൽ പരിശോധന നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെ, ഈ മാസം 20 വരെ ഫർമാൻ ഖാനെ അറസ്റ്റ് ചെയ്യുന്നത് ഹൈകോടതി വിലക്കിയത് അന്വേഷണത്തെ ബാധിച്ചതായും സൂചനയുണ്ട്.

അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ മധ്യപ്രദേശ് പൊലീസ് നിർദേശിച്ചിട്ടുണ്ട്. എന്നാൽ, തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് പെൺകുട്ടി കൊച്ചി സിറ്റി പൊലീസ് കമീഷണറെ സമീപിച്ചു. ഫർമാനൊപ്പം തുടരാനാണ് പെൺകുട്ടിയുടെ താൽപര്യമെങ്കിലും കുടുംബത്തിന്റെ പരാതിയിൽ നിയമനടപടികൾ കടുപ്പിക്കാനാണ് കമ്മീഷൻ നീക്കം.

ഇൻഡോർ സ്വദേശിനിയായ മൊണാലിസ ഭോസ്ലേയുടെ ഭർത്താവിനെതിരെ മധ്യപ്രദേശ് പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അന്വേഷണത്തിൽ മൊണാലിസക്ക് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്തതിരുന്നത്. ക്രിമിനൽ ഗൂഢാലോചന, നിയമവിരുദ്ധ വിവാഹം തുടങ്ങിയ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. കൂടാതെ പട്ടികജാതി പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) വകുപ്പുകൾ പ്രകാരവും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.

ആശുപത്രി രേഖകളിൽ മൊണാലിസ 2009 ഡിസംബർ 30നാണ് ജനിച്ചതെന്ന് രേഖപ്പെടുത്തിയതായി നാഷനൽ കമീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ് ക​ണ്ടെത്തിയതായി പറയുന്നു. ഈ വർഷം മാർച്ച് 11ന് വിവാഹിതയാകുമ്പോൾ പെൺകുട്ടിക്ക് 16 വയസ്സും 2 മാസവും 12 ദിവസവുമായിരുന്നു പ്രായമെന്നും അവർ പറയുന്നു. ഇതിനുപിന്നാലെയാണ് ഫർമാൻ ഖാനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തത്.

കേരളത്തിൽവെച്ചായിരുന്നു മൊണാലിസയുടെയും ഫർമാൻ ഖാന്റെയും വിവാഹം. മറ്റൊരു വിവാഹത്തിന് നിർബന്ധിച്ച പിതാവിൽ നിന്ന് ര‍ക്ഷപ്പെടാൻ കേരളത്തിൽ അഭയം തേടിയെത്തുകയായിരുന്നു മൊണാലിസയും കാമുകനും. പൂവാറിനടുത്ത് അരുമാനൂര്‍ നൈനാര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു ഫർമാൻ ഖാനുമായുള്ള വിവാഹം. നിരവധിപ്പേർ വിവാഹ വിവരമറിഞ്ഞ് ക്ഷേത്രത്തിൽ എത്തിയിരുന്നു. വിവാഹത്തിന് പിന്നാലെ മൊണാലിസയുടെ പ്രായത്തെചൊല്ലി നിരവധി ചർച്ചകൾ ഉയർന്നിരുന്നു.

Tags:    
News Summary - Kumbh Mela viral star's mother asks for her daughter's return after being taken away on the pretext of acting in a film

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.