ശബരിമലയിൽ തിരക്ക് തുടരുന്നു; അരവണക്ക് നീണ്ട കാത്തുനിൽപ്
പത്തനംതിട്ട: തുലാമാസപൂജക്ക് നട തുറന്ന ശബരിമലയിൽ ദർശനത്തിന് തീർഥാടകരുടെ തിരക്ക് തുടരുന്നു. മണിക്കൂറുകൾ കാത്തുനിന്നാണ് ഭക്തർ പതിനെട്ടാംപടി കയറുന്നത്. അരവണ പ്രസാദം വാങ്ങാനും കൗണ്ടറുകൾക്ക് മുന്നിൽ മണിക്കൂറുകൾ കാത്തുനിൽക്കേണ്ടിവരുന്നു. ഏഴു കൗണ്ടറുകൾ മാത്രമാണ് തിങ്കളാഴ്ച ഭാഗികമായി പ്രവർത്തിച്ചത്. ഒരുമിച്ച് കൂടുതൽ വിതരണം ഇല്ലാത്തതിനാലാണ് തുറന്ന കൗണ്ടറുകൾക്ക് മുന്നിൽ വലിയ തിരക്ക് അനുഭവപ്പെട്ടത്.
ശബരിമല മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരിയും മാളികപ്പുറം മേൽശാന്തിയായി തെരഞ്ഞെടുക്കപ്പെട്ട എ. ദാമോദരൻ നമ്പൂതിരിയും തിങ്കളാഴ്ച ശബരിമല ദർശനം നടത്തി. ഇരുമുടിക്കെട്ടില്ലാതെ രാവിലെ ഒമ്പത് മണിയോടെ പമ്പയിലെത്തിയ ഇരുവരും ഒന്നിച്ചാണ് മലകയറി ദർശനം നടത്തിയത്. തന്ത്രിയെയും നിലവിലെ മേൽശാന്തിമാരെയും സന്ദർശിച്ചാണ് മടങ്ങിയത്. ഇനി ഇനി തീർഥാടനകാലത്തിന് തുടക്കം കുറിച്ച് നട തുറക്കുന്ന ദിവസം ഇരുമുടികെട്ടുമായി എത്തി ചുമതലയേൽക്കും.
നവരാത്രി അവധി ദിവസങ്ങൾ കൂടിയായതാണ് തുലാമാസപൂജക്ക് തിരക്ക് വർധിക്കാൻ കാരണം. മണ്ഡല മകരവിളക്ക് കാലത്തേതിന് സമാനമായ തിരക്കാണ് ഞായറാഴ്ച മുതൽ അനുഭവപ്പെടുന്നത്. ഞായറാഴ്ച തിരക്ക് നിയന്ത്രിക്കാൻ പമ്പ മുതൽ തീർഥാടകരെ തടഞ്ഞുനിർത്തിയാണ് കടത്തിവിട്ടത്. തിങ്കളാഴ്ചയും വെർച്വൽ ക്യു വഴി 50,000ത്തോളം പേർ എത്തി. ഇതിനുപുറമെ, സ്പോട്ട് ബുക്കിങ് നടത്തിയും വൻതോതിൽ എത്തുന്നു. ഞായറാഴ്ച നിലക്കൽ-പമ്പ റൂട്ടിൽ വലിയ ഗതാഗത തടസ്സമുണ്ടായി. ചാലക്കയം-പമ്പ റോഡ് നിർമാണം കാരണമാണ് ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടത്.
മുറികൾ തീർന്നതിന് പിന്നിൽ ഏജൻസികളും ഇടനിലക്കാരും
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ മുറികളുടെ ഓൺലൈൻ ബുക്കിങ് ആരംഭിച്ച് ഒരുമണിക്കൂറിനകം 400 മുറികളും തീർന്നതിന് പിന്നിൽ ട്രാവൽ ഏജൻസികളും ഇടനിലക്കാരുമാണെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സൈറ്റിലെ പഴുതുകൾ മുതലെടുത്താണ് മുറികൾ കൂട്ടത്തോടെ കൈക്കലാക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാറിന്റെ നിർദേശപ്രകാരം വിജിലൻസ് എസ്.പി വി. സുനിൽകുമാറിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ശബരിമല സ്പെഷൽ കമീഷണർ ഹൈകോടതിക്ക് റിപ്പോർട്ട് സമർപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.