വൈദ്യുതി അധികച്ചെലവ് ഉപഭോക്താക്കളുടെ തലയിലേക്ക്; യൂനിറ്റിന് ഒരു രൂപയിലേറെ അധിക ബാധ്യതയുണ്ടാകാം
തിരുവനന്തപുരം: വൈദ്യുതി ഉപഭോക്താക്കളുടെ മേൽ വൻതോതിൽ സാമ്പത്തിക ഭാരം അടിച്ചേൽപ്പിക്കാൻ വ്യവസ്ഥ ചെയ്യുന്ന അടുത്ത അഞ്ച് വർഷത്തെ താരിഫ് നയത്തിന് റഗുലേറ്ററി കമീഷൻ അംഗീകാരം നൽകി.
ഭാവിയിൽ ഉപഭോക്താക്കളിൽനിന്ന് ഈടാക്കാൻ അനുമതിയുള്ള കഴിഞ്ഞ നിരവധി വർഷങ്ങളിലെ അധികച്ചെലവ് (റഗുലേറ്ററി അസറ്റ്) നാല് വർഷം കൊണ്ട് ആർ.ഡി. സർചാർജായി ഉപഭോക്താക്കളിൽ നിന്ന് ചുമത്താനാണ് നിർദേശം. 5,000 കോടിയിലേറെ രൂപ വരുന്ന റഗുലേറ്ററി അസറ്റ് ഒറ്റയടിക്ക് ചുമത്തിയാൽ നിരക്കിൽ യൂനിറ്റിന് ഒരു രൂപയിലേറെ അധിക ബാധ്യതയുണ്ടാകും.
പുറത്തുനിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വില ഉയരുന്ന സാഹചര്യത്തിൽ വൈദ്യുതി നിരക്കിൽ സ്വാഭാവിക വർധന വരും. അധികമായി വാങ്ങേണ്ടിവരുന്ന വൈദ്യുതിക്ക് ഇന്ധന സർചാർജ് കൂടി ഇതിനുപുറമെ വരും. ദീർഘകാല കരാർ മാത്രമാണ് ഇതുവരെ പരിഗണിച്ചതെങ്കിൽ ഹ്രസ്വകാല കരാർ പ്രകാരം വാങ്ങുന്നതും ഇനി ഇന്ധന സർചാർജിൽ ഉൾപ്പെടുത്തും.
ഇതെല്ലാം കൂടി ഒരുമിച്ച് ഈടാക്കി താരിഫ് ഷോക്ക് സൃഷ്ടിക്കുംവിധമാണ് കമീഷൻ അടുത്ത അഞ്ച് വർഷത്തേക്ക് താരിഫ് നയം തയാറാക്കിയത്. അഞ്ച് വർഷവും നിരക്ക് വർധനക്കും ഈ നയം ഇടവരുത്തും. 2027-28 മുതൽ 31-32 വരേക്കാണ് പുതിയ നയം.
പുതിയ നയത്തിന്റെ അടിസ്ഥാനത്തിലുള്ള ആദ്യ നിരക്ക് പരിഷ്കരണം അടുത്ത ഏപ്രിൽ ഒന്നിന് നിലവിൽ വരും. അതിനുമുമ്പ് കെ.എസ്.ഇ.ബി പുതിയ താരിഫ് പെറ്റീഷനും പ്രതീക്ഷിത വരവ്-ചെലവ് കണക്കും (എ.ആർ.ആർ) കമീഷന് സമർപ്പിക്കും. അഞ്ച് വർഷത്തേക്ക് താരിഫ് പെറ്റീഷൻ ഒന്നിച്ചുനൽകുമോ എന്ന് വ്യക്തമായിട്ടില്ല.
വിശദ തെളിവെടുപ്പിന് ശേഷമാകും നിരക്ക് വർധന സംബന്ധിച്ച് റഗലേറ്ററി കമീഷൻ അന്തിമ തീരുമാനം കൈക്കൊള്ളുക. കഴിഞ്ഞ തവണയും അഞ്ച് വർഷത്തെ താരിഫ് നയം കമീഷൻ കൊണ്ടുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ എല്ലാ വർഷവും നിരക്ക് വർധനയും വന്നു. പ്രതീക്ഷിക്കുന്ന കമ്മി കണക്കുകൾ ഒന്നിച്ച് പ്രഖ്യാപിച്ചെങ്കിലും നിരക്ക് വർധനയുടെ ഉത്തരവ് വിവിധ ഘട്ടങ്ങളായാണ് വന്നത്.
മിക്ക വർഷങ്ങളിലും കമ്മിയായി റഗുലേറ്ററി കമീഷൻ അംഗീകരിക്കുന്ന തുക പൂർണമായി നിരക്ക് വർധനയായി ചുമത്തിയിരുന്നില്ല. നിരക്ക് വർധനക്ക് ശേഷം ബാക്കിയാകുന്നത് റഗുലേറ്ററി അസറ്റായി മാറ്റിവെച്ചിരുന്നു. ട്ര്യൂയിങ് അപ്പ് പെറ്റീഷനുകളിൽ അധികമായി കണ്ടെത്തുന്ന തുകയും ഇങ്ങനെ മാറ്റിയിരുന്നു. 2024 മാർച്ച് 31 വരെയുള്ള ഇത്തരം തുകയും അടുത്ത വർഷം മാർച്ച് 31 വരെയുള്ള അതിന്റെ പലിശയടക്കമുള്ള ബാധ്യതയുമാണ് നാല് വർഷം കൊണ്ട് തിരിച്ചുപിടിക്കാൻ നിർദേശിച്ചത്. കെ.എസ്.ഇ.ബിയിൽനിന്ന് വൈദ്യുതി വാങ്ങി വിതരണം ചെയ്യുന്ന ലൈസൻസികൾക്കും ഇത് ബാധകമാണ്.
ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങുന്നതും ഭാരമാകും
തിരുവനന്തപുരം: പുതിയ താരിഫ് നയം ഉപഭോക്താക്കളുടെ മേൽ സൃഷ്ടിക്കുന്ന അധിക സാമ്പത്തിക ബാധ്യതക്ക് പുറമെ, മഴ കുറവ് മൂലം പുറത്തുനിന്ന് ഉയർന്ന വിലക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്തതിന്റെ ഇന്ധന സർചാജ് വേറെയുമുണ്ടാകും. ഇത് എത്രയാണെന്ന് എല്ലാ മാസവും കെ.എസ്.ഇ.ബിയാണ് തീരുമാനിക്കുക.
റഗുലേറ്ററി കമീഷൻ അനുമതി ആവശ്യമില്ല. ഹ്രസ്വകാല-അടിയന്തര വാങ്ങലുകൾക്കാണ് ഉയർന്ന വില നൽകേണ്ടിവരുന്നത്. ഇതുവരെ ദീർഘകാല കരാറുകൾക്ക് മാത്രമാണ് സർചാർജ് ബാധകമായിരുന്നത്. ഇനി ഹ്രസ്വകാല കരാറുകളുടെ ബാധ്യതയും വരും. ഇതുവരെ വൈകീട്ട് ആറുമുതൽ രാത്രി 10 വരെയാണ് പീക്ക് സമയമായി കണക്കാക്കിയിരുന്നത്. ഇത് ആറുമുതൽ രാത്രി 11.30 വരെയാക്കിയിട്ടുണ്ട്.
ഉപയോഗിക്കുന്ന സമയത്തിനനുസരിച്ച് നിരക്ക് നിശ്ചയിക്കാനുള്ള മീറ്ററുകൾ കൂടുതൽ വിഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കും. ടി.ഒ.ഡി മീറ്റർ കൂടുതൽ സ്ഥാപിക്കും. പീക്ക് സമയമല്ലാത്ത സമയങ്ങളിൽ നിരക്ക് കുറവും പീക്ക് സമയത്ത് നിരക്ക് കൂടുതലും വരും. സ്മാർട്ട് മീറ്റർ കൂടുതൽ സ്ഥാപിക്കുന്ന മുറയ്ക്കാകും ഇത് നടപ്പാക്കുക.
ഗാർഹിക ഉപഭോക്താക്കൾക്ക് കണക്റ്റഡ് ലോഡിന്റെ അടിസ്ഥാനത്തിൽ ഫിക്സഡ് ചാർജ് ഈടാക്കും. നിലവിൽ ഉപയോഗിക്കുന്ന വൈദ്യുതിക്കനുസരിച്ചാണ് ഫിക്സഡ് ചാർജ് വരുന്നത്. ഇതും ഉപഭോക്താക്കൾക്ക് അധിക ബാധ്യത വരുത്തും. ഉപയോഗം കുറഞ്ഞാലും ഉയർന്ന നിരക്കിൽ ഫിക്സഡ് ചാർജ് നൽകേണ്ടിവരും.
വൈദ്യുതി വിതരണ ചെലവ് അനുസരിച്ച് നിരക്ക് നിശ്ചയിക്കണമെന്ന സുപ്രീംകോടതി വിധി പാലിക്കാനും കമീഷൻ നിർദേശിച്ചിട്ടുണ്ട്. വീട്ടിൽ സ്റ്റോറേജ് സംവിധാനം ഏർപ്പെടുത്തി രാത്രി വൈദ്യുതി ഗ്രിഡിലേക്ക് നൽകുന്ന സൗരോർജ ഉൽപാദകൾക്ക് ഉയർന്ന വില നൽകാനും നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.