നിലമ്പൂര്‍ കോവിലകത്തുമുറിയിലെ വെച്ചൂര്‍ സി. ശങ്കറിന്‍റെ ഗൃഹത്തിൽ ഒരുക്കിയ ബൊമ്മക്കൊലു 

നവരാത്രി ആഘോഷം: നിറക്കാഴ്ചയായി ബൊമ്മക്കൊലു

നിലമ്പൂർ: പല വര്‍ണങ്ങളില്‍ പല ഭംഗിയിൽ നവരാത്രി ആഘോഷങ്ങൾ നാടാകെ നിറയുമ്പോൾ തേക്കിൻനാട്ടിലും ഉത്സവവിരുന്ന്. പരസ്പര കൂട്ടായ്മയുടെ പ്രതീകംകൂടിയാണ് നവരാത്രികാലത്തെ ബൊമ്മക്കൊലു കാഴ്ചകള്‍. ആചാരത്തിനും വിശ്വാസത്തിനും പ്രാധാന്യം നല്‍കി പതിവുതെറ്റാതെ ഇത്തവണയും വർണവിസ്മയമായി ബൊമ്മക്കൊലു ഒരുക്കിയിരിക്കുകയാണ് പ്രശസ്ത സംഗീതജ്ഞന്‍ കൂടിയായ നിലമ്പൂര്‍ കോവിലകത്തുമുറിയിലെ വെച്ചൂര്‍ സി. ശങ്കറും കുടുംബവും.

ദുർഗാദേവി ഉഗ്രമായ തപസിലും യുദ്ധത്തിലും ഏർപ്പെട്ടിരുന്ന സമയത്ത്, ദേവിക്ക് പിന്തുണയുമായി സകല ദേവഗണങ്ങളും ആയുധങ്ങളും കാഴ്‌ചവസ്‌തുക്കളുമായി നിശ്ചലരായി പാവകളെപ്പോലെ ഒത്തുകൂടി നിന്നു എന്ന് വിശ്വസിക്കപ്പെടുന്നു. ഇതിന്‍റെ പ്രതീകമായാണ് പടികളിൽ ദേവന്മാരുടെയും പുരാണ കഥാപാത്രങ്ങളുടെയും പാവകൾ നിരത്തിവെക്കുന്നത്.

മഹാലയ അമാവാസി മുതൽ വിജയദശമി വരെ ഒമ്പതു ദിവസങ്ങളിലാണ് ബൊമ്മക്കൊലു പ്രധാനമായും ഒരുക്കുന്നത്. മരത്തടികളോ മറ്റു വസ്‌തുക്കളോ ഉപയോഗിച്ച് ഒറ്റസംഖ്യകളിൽ പടികൾ ഉണ്ടാക്കുന്നു. മുകളിലത്തെ പടികളിൽ ദേവീദേവന്മാരെയും ഗണപതി, ശിവൻ, വിഷ്‌ണു, ദുർഗ, ലക്ഷ്‌മി, സരസ്വതി മുതലായവയും താഴെയുള്ള പടികളിൽ രാമായണം, മഹാഭാരതം തുടങ്ങിയ പുരാണ കഥകളും സാധാരണ ജീവിതത്തിലെ ദൃശ്യങ്ങൾ വിവരിക്കുന്ന പാവകളും വെക്കുന്നു.

കാര്‍ഷികജീവിതവും ഗ്രാമീണ ജീവിതവും ഇവയില്‍ ഉള്‍പ്പെടും. വർണപ്പാവകളും ദേവീദേവന്മാരുടെ രൂപങ്ങളും ഇതിഹാസത്തിലെ കഥാപാത്രങ്ങള്‍ എന്നിവയും കോവിലകത്തിലെ ബൊമ്മക്കൊലുവിന് നിറം പകരുന്നുണ്ട്.

പടികളില്‍ നിറഞ്ഞ രൂപങ്ങള്‍ പലതും കുടുംബങ്ങള്‍ക്ക് പരമ്പരാഗതമായി ലഭിച്ചവയാണ്. നവരാത്രി നാളുകളില്‍ ബൊമ്മക്കൊലുവിന് മുന്നില്‍ പ്രത്യേക പൂജകളും പ്രാർഥനകളും ഭജനകളും നടക്കും. ബന്ധുക്കളെയും സുഹൃത്തുക്കളെയും വീടുകളിലേക്ക് ക്ഷണിച്ച് പ്രസാദവും സമ്മാനങ്ങളും നൽകുന്നതും പതിവുണ്ട്.

Tags:    
News Summary - Navratri: Bomb Blasts Dazzle Crowds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.