വിദ്യാഭ്യാസ വകുപ്പിൽ മന്ത്രിയെ മറികടന്ന് സ്പെഷൽ സെക്രട്ടറിയുടെ ‘സൂപ്പർ ഭരണം’; സ്കോൾ കേരളയിൽ എക്സ് ഒഫീഷ്യോ ചെയർമാനാക്കാൻ നിയമാവലി ഭേദഗതിക്കും നിർദേശം
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിൽ മന്ത്രിയെ മറികടന്നും ഇല്ലാത്ത അധികാരങ്ങൾ കൈപ്പിടിയിലൊതുക്കാൻ ലക്ഷ്യമിട്ടും സ്പെഷൽ സെക്രട്ടറിയുടെ ഉത്തരവുകൾ. വകുപ്പിൽ മുഖ്യമന്ത്രിയുടെയും മന്ത്രിയുടെയും കൈകളിലുള്ള ചുമതലകൾ സ്വന്തം പേരിലേക്ക് എഴുതിച്ചേർത്തുള്ള സർക്കുലറുകളും കത്തുകളും ദിനംപത്രി പുറത്തിറക്കുകയാണ് സ്പെഷൽ സെക്രട്ടറി ഡി. സജിത്ത് ബാബു.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തിൽ മന്ത്രി ചെയർമാനായുള്ള സ്കോൾ കേരള (പഴയ ഓപൺ സ്കൂൾ)യുടെ എക്സ്ഒഫീഷ്യോ ചെയർമാൻ പദവിയോടെ വകുപ്പ് സെക്രട്ടറിയെ വൈസ് ചെയർമാനാക്കുന്ന രീതിയിൽ നിയമാവലി ഭേദഗതിക്ക് കരട് നിർദേശം നൽകാൻ സ്പെഷൽ സെക്രട്ടറി ഡി. സജിത്ത് ബാബു നൽകിയ കത്താണ് ഇതിൽ ഏറ്റവും ഒടുവിലത്തേത്.
നിലവിൽ വിദ്യാഭ്യാസ മന്ത്രി ചെയർമാനും സർക്കാർ നിയമിക്കുന്നയാൾ വൈസ്ചെയർമാനുമായതാണ് സ്കോൾ കേരള ഘടന. എന്നാൽ, തനിക്ക് എക്സ്ഒഫീഷ്യോ ചെയർമാനാകാൻ പറ്റുന്ന രീതിയിൽ ഭരണഘടന ഭേദഗതി വരുത്താനാണ് മന്ത്രി അറിയാതെ സ്പെഷൽ സെക്രട്ടറിയുടെ കത്ത്. ഇതിനുപുറമെ എക്സിക്യൂട്ടിവ് ഡയറക്ടറെ നിയമിക്കുന്ന രീതി ഒഴിവാക്കി, പകരം സ്കോൾ കേരള ഡയറക്ടർമാരിൽനിന്ന് സീനിയറായ വ്യക്തിയെ എക്സിക്യൂട്ടിവ് ഡയറക്ടറാക്കാനുള്ള ഭേദഗതിയും സ്പെഷൽ സെക്രട്ടറി നിർദേശിച്ചു.
നേരത്തെ സർക്കാർ നടപ്പാക്കേണ്ടതില്ലെന്ന് തീരുമാനിച്ച ഖാദർ കമ്മിറ്റി ശിപാർശകൾ നടപ്പാക്കാൻ മന്ത്രി അറിയാതെ സജിത്ത് ബാബുവിന്റെ നിർദേശപ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടർ യോഗം വിളിച്ചത് മന്ത്രി ഇടപെട്ട് റദ്ദാക്കിയിരുന്നു.
മുഖ്യമന്ത്രി ചെയർമാനായ സംസ്ഥാന സാക്ഷരതാ മിഷൻ, വിദ്യാഭ്യാസ മന്ത്രി ചെയർമാനായ സ്കോൾ കേരള എന്നിവയുടെയെല്ലാം ചെയർമാൻ വകുപ്പ് സെക്രട്ടറിയാണെന്ന രീതിയിൽ സ്പെഷൽ സെക്രട്ടറി സെപ്റ്റംബർ 11ന് നൽകിയ കത്തും മന്ത്രി അറിയാതെയാണ്.
പൊതുവിദ്യാഭ്യാസ ഡയറക്ടർ, എസ്.സി.ഇ.ആർ.ടി, സീമാറ്റ്, എസ്.ഐ.ഇ.ടി, എസ്.എസ്.കെ, സ്കോൾ കേരള, മഹിളാ സമഖ്യ സൊസൈറ്റി, സ്റ്റേറ്റ് റിസോഴ്സ് സെന്റർ, കൈറ്റ് തുടങ്ങിയ വകുപ്പിലെ സ്ഥാപനങ്ങളുടെ മേധാവികൾക്ക് നൽകിയ കത്തിലാണ് ഇല്ലാത്ത പദവി സ്പെഷൽ സെക്രട്ടറി സ്വയം എടുത്തണിഞ്ഞത്.
ഈ സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡ് യോഗവുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങളും ഏകോപന നടപടികളും തീരുമാനങ്ങളും തുടർനടപടികളും ഡയറക്ടർ ബോർഡ് ചെയർമാനായ വകുപ്പ് സെക്രട്ടറിയുടെ മുൻകൂർ അംഗീകാരത്തോടെ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നാണ് കത്തിലെ നിർദേശം.
എന്നാൽ, ഇതിൽ മിക്ക സ്ഥാപനങ്ങളുടെയും ചെയർമാൻ വകുപ്പ് സെക്രട്ടറിയല്ല. മന്ത്രി അറിയാതെ തന്നിഷ്ടപ്രകാരമാണ് സെക്രട്ടറിയില്ലാത്ത വകുപ്പിൽ സ്പെഷൽ സെക്രട്ടറി ഉത്തരവിറക്കുന്നതെന്ന പരാതി ഇതിനകം മുഖ്യമന്ത്രിയുടെ ഓഫിസിൽ ഉൾപ്പെടെ എത്തി. മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ പദവിയിലിരിക്കെ, വിദ്യാഭ്യാസ വകുപ്പിലെ കീഴുദ്യോഗസ്ഥനെ ഉപയോഗിച്ച് ‘കൈറ്റ്’ ചെയർമാനാക്കി ഉത്തരവിറക്കിച്ച സ്പെഷൽ സെക്രട്ടറിയുടെ നടപടി ഇതിനകം വിവാദമായിരുന്നു.
സർക്കാർ ഉത്തരവിന് വിരുദ്ധമായി സെക്രട്ടറിയുടെ കത്ത്
തിരുവനന്തപുരം: കൈറ്റിൽ മാസ്റ്റർ ട്രെയിനർമാരുടെ കാലാവധി 2027 മേയ് 31 വരെ നീട്ടിയ സർക്കാർ ഉത്തരവിന് വിരുദ്ധമായി സ്പെഷൽ സെക്രട്ടറിയുടെ കത്ത്. കൈറ്റിൽ വർക്കിങ് അറേഞ്ച്മെന്റിൽ മാസ്റ്റർ ട്രെയിനർമാരായി നിയമിച്ച അധ്യാപകരുടെ സേവന കാലാവധി 2026 മാർച്ച് 31ന് ശേഷം ദീർഘിപ്പിക്കാൻ സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിൽ കൈറ്റിൽ തുടരുന്ന ജീവനക്കാരുടെ വിവരങ്ങൾ അഞ്ച് ദിവസത്തിനകം സർക്കാറിൽ ലഭ്യമാക്കാൻ ആവശ്യപ്പെടുന്നു എന്നാണ് സ്പെഷൽ സെക്രട്ടറിയുടെ കത്ത്.
2027 മേയ് 31 വരെ ഇവരുടെ കാലാവധി ദീർഘിപ്പിച്ച 2026 ഫെബ്രുവരി 27ലെ സർക്കാർ ഉത്തരവ് നിലനിൽക്കെയാണ് ഇതിന് വിരുദ്ധമായി സ്പെഷൽ സെക്രട്ടറി കത്ത് നൽകിയത്. ഇതിനായുള്ള ഫയൽ മന്ത്രി കാണാതെയാണ് സെക്രട്ടറി നീക്കിയതെന്ന് സെക്രട്ടറിയേറ്റിലെ ഓൺലൈൻ ഫയൽ നീക്കരേഖ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.