കുടുംബശ്രീ ലാപ്ടോപ്: സർക്കാറിന്‍റെ കൊടുംവഞ്ചന; ഡിഗ്രി വിദ്യാർഥിയുടെ എഫ്.ബി പോസ്റ്റ് വൈറൽ

കോഴിക്കോട്: കുടുംബശ്രീ ലാപ്ടോപ് പദ്ധതിയിൽ കുടുങ്ങി പാതിവഴിയിൽ പഠനം മുടങ്ങിയ ഡിഗ്രി അവസാന വർഷ വിദ്യാർഥിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ. കേരള സർക്കാറിന്‍റെ ഭാഗത്ത് നിന്നും ഇങ്ങനെയൊരു കൊടുംവഞ്ചന പ്രതീക്ഷിച്ചില്ലെന്ന് ഷമീം ആയംകാലം എഫ്.ബിയിലെ പോസ്റ്റിൽ കുറിച്ചു. കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതി ലാപ്ടോപ് വാങ്ങിയത് ചതിയായിപ്പോയി. പ്രതീക്ഷയോടെ വാങ്ങിയ ലാപ്ടോപ് ഒരു മാസം പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ലെന്നും ഷമീം പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

ഡിഗ്രി അവസാനം വർഷം ഓൺലൈനിലൂടെ തള്ളി നീക്കുമ്പോഴാണ് സർക്കാറിന്‍റെ കുടുംബശ്രീ മുഖാന്തരമുള്ള ലാപ്ടോപ് പദ്ധതിയായ വിദ്യാശ്രീയെ കുറിച്ച് അറിയുന്നത്. വിദ്യാർത്ഥി ആയതിനാൽ കാര്യമായ വരുമാനം ഒന്നുമില്ല എങ്കിൽ പോലും ഫോണിലെ ചെറിയ സ്ക്രീനിൽ മണിക്കൂറുകൾ നോക്കിയിരിക്കുമ്പോൾ ഉണ്ടാകുന്ന തലവേദനയും കണ്ണിന് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓർത്തപ്പോൾ കുടുംബശ്രീയിലെ ചേച്ചി മുഖേനെ ഫോം വാങ്ങി ലാപ്ടോപ്പിന് അപേക്ഷിച്ചു. 500 രൂപ മാസതവണയിൽ മൂന്നാം മാസം ലാപ്ടോപ് ലഭ്യമാക്കും എന്നാണ് അറിയിച്ചത്. ചിട്ടിയിൽ ചേർന്ന് മാസം മൂന്നും അഞ്ചും കഴിഞ്ഞിട്ടും ലാപ്ടോപ് കിട്ടിയില്ല... എങ്കിലും പ്രതീക്ഷ കൈ വിടാതെ തവണകൾ അടച്ച് കൊണ്ടിരുന്നു
മാസങ്ങൾക്ക് ശേഷം ലാപ്ടോപ് വാങ്ങിക്കാൻ കുറ്റിപ്പുറം KSFEയിലേക്ക് ചെന്നപ്പോഴാണ് ആദ്യമായി പറ്റിക്കപ്പെട്ടത് അറിയുന്നത്... മുൻപ് അപേക്ഷകരോട് ലാപ്ടോപ് കമ്പനി തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിരുന്നു. ഞാൻ തിരഞ്ഞെടുത്തത് H.P ആയതിനാൽ അതും പ്രതീക്ഷിച്ച് പോയ എന്നെ കാത്തിരുന്നത് ഈ ഫോട്ടോയിൽ കാണുന്ന കോകോണിക്സ് എന്ന അധികം കേട്ട് കേൾവി പോലുമില്ലാത്ത കമ്പനിയായിരുന്നു. വേറെ നിവൃത്തി ഒന്നുമില്ലാത്തതിനാൽ കൈപറ്റേണ്ടി വന്നു.
ഒരുപാട് പ്രതീക്ഷകളോടെ വീട്ടിലെത്തി കാര്യങ്ങൾ ഒക്കെ നോക്കിവെച്ച് പിറ്റേന്ന് ക്ലാസ്സ് കേൾക്കാൻ ഗൂഗിൾ മീറ്റ് ഇൻസ്റ്റാൾ ചെയ്യാൻ നോക്കിയപ്പോൾ ആള് "ഡിം" ചാർജും കയറുന്നില്ല, ഓൺ ആവുന്നുമില്ല
KSFE ഓഫീസിൽ അറിയിച്ചപ്പോൾ അവർക്ക് ഇതുമായി ബന്ധമില്ലെന്നും കമ്പനിയെ അറിയിക്കാനും പറഞ്ഞ് അവർ കൈ ഒഴിഞ്ഞു. കമ്പനിയിൽ വിളിച്ച് കംപ്ലൈന്‍റ് രജിസ്റ്റർ ചെയ്ത് മൂന്ന് ആഴ്ചകൾ കഴിഞ്ഞപ്പോൾ റീപ്ലേസ് ചെയ്ത് തരാമെന്നും കുറ്റിപ്പുറം ബ്രാഞ്ചിലേക്ക് എത്താനും പറഞ്ഞു. അവിടെ പോയി കംപ്ലൈന്‍റ് ആയ ലാപ് തിരികെ നൽകി പുതിയത് വാങ്ങി വീട്ടിലെത്തി.
ഗൂഗിൾ മീറ്റും ഡോക്സും ഒക്കെ ഇൻസ്റ്റാൾ ചെയ്ത് വെച്ച ഫൈനൽ ഇയർ പ്രോജക്ട് കറക്ട് ചെയ്ത് കൊണ്ടിരിക്കെ സംഭവം പിന്നേം "ഡിം". വീണ്ടും പഴയ പോലെത്തന്നെ വർക്ക് ആവുന്നില്ല. ഇപ്രാവശ്യം കമ്പനിയുടെ സർവീസ്- കംപ്ലൈന്‍റ് സെക്ഷനിൽ വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. വാട്ട്സ്ആപ്പിൽ മെസേജ് അയച്ചിട്ടും ഒരു റസ്പോൺസും ഇല്ല. ഇനി ഇത് എന്ത് ചെയ്യണമെന്ന് അറിയില്ല. ലോൺ തുകയുടെ തവണകൾ മുടക്കാനും കഴിയില്ല. സത്യം പറഞ്ഞാൽ കുടത്തിൽ തല കുടുങ്ങിയ നായയുടെ അവസ്ഥ പോലെയായി കാര്യങ്ങൾ
കോവിഡ് കാലത്ത് വലിയ സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴും പഠനം മുടങ്ങരുതല്ലോ എന്ന് കരുതിയാണ് വാങ്ങിയത് പക്ഷേ വലിയ ചതിയായിപ്പോയി. എന്നെപ്പോലെ എന്‍റെ പഞ്ചായത്തിൽ ലാപ്ടോപ് കൈപ്പറ്റിയ മുഴുവൻ പേരും ഈ ചതിയിൽപ്പെട്ട് കുടുങ്ങി നിൽക്കുകയാണ്
സർക്കാറിന്‍റെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു കൊടും വഞ്ചന പ്രതീക്ഷിച്ചില്ല... അത്രയും പ്രതീക്ഷയോടെ വാങ്ങിയ ഈ ലാപ്ടോപ് ഒരു മാസം പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇനി എന്ത് ചെയ്യുമെന്നറിയാതെ പെട്ട് നിൽക്കുകയാണ്...🙂
Tags:    
News Summary - Kudumbasree Laptop Project Controversy; Shameem Ayankalam FB Post'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.