തിരുവനന്തപുരം: വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫിസുകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് വ്യാപക ക്രമക്കേടുകൾ. എന്‍ജിനീയര്‍മാരും ഓവര്‍സിയര്‍മാരും ലൈന്‍മാന്‍മാരും കരാറുകാരില്‍ നിന്ന് യു.പി.ഐ (അക്കൗണ്ട്) വഴി മാത്രം കൈപ്പറ്റിയത് 16.5 ലക്ഷം രൂപയാണ്. ഓപറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് എന്ന് പേരിട്ട മിന്നല്‍ പരിശോധനയില്‍ ചിലയിടങ്ങളില്‍ തൊട്ടടുത്ത തട്ടുകടക്കാരെ വരെ ഏജന്റുമാരാക്കി കൈക്കൂലി വാങ്ങുന്നതായി കണ്ടെത്തി.
41 ഉദ്യോഗസ്ഥര്‍ കരാറുകാരില്‍ നിന്നാണ് 16.5 ലക്ഷം രൂപ കൈക്കൂലിയായി കൈപ്പറ്റിയത്. കെ.എസ്.ഇ.ബിയിലെ ഭൂരിഭാഗം ഓഫിസുകളിലും നടപടിക്രമം പാലിക്കാതെയാണ് കരാര്‍ നല്‍കുന്നത്. ഒരേ കരാറുകാരന് തന്നെ വിവിധ പ്രവൃത്തികളുടെ കരാര്‍ വര്‍ഷങ്ങളായി നല്‍കുന്നു. കരാര്‍ അടിസ്ഥാനത്തില്‍ എടുത്ത വാഹനങ്ങളുടെ ഉപയോഗത്തിലും ക്രമക്കേടുള്ളതായി കണ്ടെത്തി. ഭൂരിഭാഗം ഓഫിസുകളിലും കരാര്‍ പ്രവൃത്തികളുടെ ഫയലുകള്‍ കൃത്യമല്ല. സ്‌ക്രാപ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വർക് രജിസ്റ്റര്‍ തുടങ്ങിയവ അപൂർണമാണ്. മിക്ക ഓഫിസുകളിലും സ്‌ക്രാപ് മെറ്റീരിയലുകള്‍ കൃത്യമായി സൂക്ഷിച്ചിട്ടില്ല. ആറുമാസ ഇടവേളകളില്‍ സോണുകള്‍ മാറ്റി നിയമിക്കേണ്ട മീറ്റര്‍ റീഡര്‍മാരെ മൂന്നുവര്‍ഷം കഴിഞ്ഞിട്ടും തുടരാന്‍ അനുവദിച്ചു.
തിരുവനന്തപുരം വര്‍ക്കല സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരു സബ് എന്‍ജിനീയര്‍ 4,000 രൂപയും ഗൂഗിള്‍ പേ വഴി സ്വീകരിച്ചു. പാറശ്ശാലയിലെ സബ് എന്‍ജിനീയര്‍ പലപ്പോഴായി 38,000 രൂപ കൈപ്പറ്റി. കരുനാഗപ്പള്ളി അസി. എന്‍ജിനീയര്‍ 31,000 രൂപയും അഞ്ചലിലെ രണ്ട് സബ് എന്‍ജിനീയര്‍മാര്‍ 5,000 രൂപയും കൈപ്പറ്റി. ഓച്ചിറയിലെ ലൈന്‍മാന്‍ ഉപയോക്താക്കളില്‍ നിന്ന് 1,900 രൂപ വാങ്ങി.
അടൂരിലെ സബ് എന്‍ജിനീയര്‍ 15,000 രൂപയും ലൈന്‍മാന്‍ 10,000 രൂപയും ഗൂഗിള്‍ പേ മുഖേന വാങ്ങി. മതിയായ ലൈസന്‍സ് ഇല്ലാത്തയാൾക്ക് കരാര്‍ നല്‍കി. തിരുവല്ലയിലെ ഓവര്‍സീയറുടെ അക്കൗണ്ടിലേക്ക് ഓഫിസിന് മുന്നില്‍ കട നടത്തുന്ന വ്യക്തിയുടെ അക്കൗണ്ടില്‍ നിന്നു പല തവണയായി 1.67 ലക്ഷം രൂപ ഗൂഗിള്‍ പേ മുഖേന നല്‍കി. കടയുടമ ഉദ്യോഗസ്ഥന്റെ ഏജന്റാണെന്നാണ് വിജിലന്‍സ് സംശയിക്കുന്നത്. ചങ്ങനാശേരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫിസിലെ സബ് എന്‍ജിനീയര്‍ 1.83 ലക്ഷം രൂപയും ഓവര്‍സീയര്‍ 18,550 രൂപയും കരാറെടുത്തയാളില്‍ നിന്ന് സ്വീകരിച്ചു.
കട്ടപ്പനയിലെ പരിശോധനയില്‍ അസി. എന്‍ജിനീയര്‍ കരാറുകാരനില്‍ നിന്ന് 2,35,700 രൂപയും സബ് എന്‍ജിനീയര്‍ 25,000 രൂപയും മറ്റൊരു സബ് എന്‍ജിനീയര്‍ 47,700 രൂപയും ഓവര്‍സീയര്‍ 2,000 രൂപയും മറ്റൊരു ഉദ്യോഗസ്ഥന്‍ 2,000 രൂപയും കരാറുകാരില്‍ നിന്ന് കൈപ്പറ്റി. ഈ ഓഫിസിലെ നാല് ഉദ്യോഗസ്ഥര്‍ 1.86 ലക്ഷം രൂപ കരാറുകാര്‍ക്ക് അയച്ചുനല്‍കി. ബിനാമി കരാറുകാരെ െവച്ച് ഉദ്യോഗസ്ഥര്‍ തന്നെ ജോലികൾ ഏറ്റെടുത്ത് ചെയ്യുകയാണോയെന്ന് വിജിലന്‍സ് അന്വേഷിക്കും.
വൈദ്യുതി മന്ത്രിയുടെ മണ്ഡലത്തിലെ ചിറ്റൂര്‍ സെക്ഷന്‍ ഓഫിസിലെ അസി. എന്‍ജിനീയര്‍ 1.27 ലക്ഷം രൂപയും സബ് എന്‍ജിനീയര്‍ 20,000 രൂപയും ഓവര്‍സീയര്‍ 12,500 രൂപയും മറ്റൊരു ഓവര്‍സീയര്‍ 16,300 രൂപയും കരാറുകാരില്‍ നിന്ന് ഗൂഗിള്‍ പേ മുഖേന കൈപ്പറ്റി.
മഞ്ചേരി, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, കൊണ്ടോട്ടി കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫിസുകളിലെ ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് കണക്കില്‍പ്പെടാത്ത 34,000 രൂപയും പിടിച്ചെടുത്തു. മിന്നല്‍ പരിശോധനയുടെ ഭാഗമായ തുടര്‍ പരിശോധനകളും ഫീല്‍ഡ് വെരിഫിക്കേഷനുകളും വരും ദിവസങ്ങളിലും തുടരുമെന്നും സംശയമുള്ള ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും കരാറുകാരുടേയും ഇടനിലക്കാരുടേയും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റുകള്‍ ഉള്‍പ്പെടെ ശേഖരിച്ച് വിശദ പരിശോധന നടത്തുമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് ഏബ്രഹാം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.