കൊച്ചി: പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ രൂക്ഷമായ വിമർശനം ഉന്നയിച്ച് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സതീശൻ ഈഴവ വിരോധിയാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു. അയാൾക്ക് വട്ടാണ്, ഊളമ്പാറയിൽ ചികിത്സക്ക് അയക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. മുസ്‍ലിം ലീഗിന്റെ നാവാണ് വി.ഡി സതീൻ. ലീഗിന്റെ വാക്കുകളാണ് വെള്ളാപ്പളളിയിലൂടെ പുറത്ത് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി സ്ഥാനത്തിന് വേണ്ടിയുള്ള അടവുനയമാണ് സതീശൻ സ്വീകരിക്കുന്നത്. വർഗീയവാദികൾക്ക് കുടപിടിച്ച് അവരുടെ തണലിൽ നിൽക്കുന്ന സതീശൻ രാഷ്ട്രീയമര്യാദ കാണിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. എൻ.എസ്.എസിനെയും എസ്.എൻ.ഡി.പിയെയും തമ്മിലടിപ്പിച്ചത് യു.ഡി.എഫ് ആണെന്നും എന്നാൽ ഇനി എൻ.എസ് എസുമായി കലഹത്തിനില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. മറിച്ച് എൻ.എസ്.എസുമായി സമരസപ്പെട്ട് മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ ഭരിക്കാൻ പോകുന്നത് മുസ്ലീം ലീഗായിരിക്കുമെന്ന് വെള്ളാപ്പള്ളി പറഞ്ഞു. എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് കേരളത്തിൽ വർഗീയ കലാപം ഉണ്ടായിട്ടില്ല. എന്‍റെ മലപ്പുറം പ്രസംഗം വിവാദമാക്കുന്നത് വർഗീയ കലാപം ഉണ്ടാക്കാനാണ്. നായാടി മുതൽ നമ്പൂതിരി വരെ എന്ന മുദ്രാവാക്യം മാറി, ഇനി നായാടി മുതൽ നസ്രാണി വരെ എന്നതാണ് മുദ്രാവാക്യമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മതസൗഹാർദ്ദം കാത്തുസൂക്ഷിക്കാൻ എല്ലാവരും തയ്യാറാകണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു. പൊതുഅജണ്ടയിൽ മുസ്ലീം സമുദായവും വന്നാൽ ഉൾപ്പെടുത്താമെന്നും വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.