തിരുവനന്തപുരം: കുടുംബശ്രീ മൈക്രോ എന്‍റര്‍പ്രൈസ് കോണ്‍ക്ളേവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോയില്‍ പങ്കെടുക്കാന്‍ പ്രമുഖ മെഷീനറി നിർമാതാക്കള്‍ക്ക് അവസരം. എറണാകുളം കളമശേരിയിലെ സമ്ര ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്‍ററില്‍ ഏപ്രില്‍ 22, 23 തീയതികളിലാണ് പരിപാടി.
കുടുംബശ്രീ സംരംഭങ്ങളെ സമഗ്ര പുരോഗതിയിലേക്ക് നയിക്കുക എന്നതാണ് കോണ്‍ക്ളേവിലൂടെ ലക്ഷ്യമിടുന്നത്. ആയിരത്തി അഞ്ഞൂറിലേറെ സൂക്ഷ്മസംരംഭകര്‍ കോണ്‍ക്ളേവില്‍ പങ്കെടുക്കും. ഉല്‍പാദന സേവന മേഖലകള്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍ ഉപയോഗിക്കുന്ന മെഷീനുകളും ഉപകരണങ്ങളും പ്രദര്‍ശിപ്പിക്കുന്നതിനുള്ള ഒരു വേദിയായിരിക്കും കുടുംബശ്രീ മെഷീനറി-ടെക് എക്സ്പോ.
ഇതു വഴി ആധുനിക യന്ത്രോപകരണങ്ങളിലും പ്രവര്‍ത്തനരീതിയിലും സാങ്കേതിക വിദ്യയിലുമുള്ള ഏറ്റവും പുതിയ ട്രെന്‍ഡുകള്‍ കുടുംബശ്രീ സംരംഭകര്‍ക്ക് പരിയപ്പെടുത്തുകയും അതിലൂടെ സംരംഭവികസനം സാധ്യമാക്കുകയുമാണ് ഉദ്ദേശ്യം. കുടുംബശ്രീയുടെ കീഴില്‍ സംസ്ഥാനമൊട്ടാകെ പ്രവര്‍ത്തിക്കുന്ന ഒരു ലക്ഷത്തിലേറെ സൂക്ഷ്മസംരംഭങ്ങളെ മികച്ച പ്രവര്‍ത്തന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്‍റെ ഭാഗമായാണ് എക്സ്പോ സംഘടിപ്പിക്കുന്നത്.
സംരംഭകര്‍ക്ക് ആധുനിക യന്ത്രോപകരണങ്ങളും നവീനസാങ്കേതിക വിദ്യയും അടുത്തറിയാനും പരിചയപ്പെടാനും എക്സ്പോയില്‍ അവസരമൊരുങ്ങും. കുറഞ്ഞ സമയത്തില്‍ കൂടുതല്‍ ഉല്‍പാദനവും ഒപ്പം വരുമാനവും വര്‍ധിപ്പിക്കാന്‍ ഇതിലൂടെ സാധിക്കും. ഉല്‍പന്നങ്ങള്‍ ബ്രാന്‍ഡ് ചെയ്യുന്നതിനും ഉപഭോക്തൃ അടിത്തറയും ഉപഭോക്തൃ ബന്ധങ്ങളും മെച്ചപ്പെടുത്തുന്നതിനും അതിലൂടെ സംരംഭകര്‍ക്ക് മികച്ച പ്രൊഫഷണലിസം കൈവരിക്കാനും എക്സ്പോ സഹായകമാകും.
പ്രമുഖ മെഷീനറി നിര്‍മാതാക്കള്‍, അംഗീകൃത മെഷീന്‍ വിതരണക്കാര്‍, വിവിധ ബാങ്കിങ്ങ് ധനകാര്യ സ്ഥാപനങ്ങളും അവയുടെ ഏജന്‍സികളും. ഗവേഷണ പരിശീലന സ്ഥാപനങ്ങള്‍, പ്രൊഫഷണല്‍ അസോസിയേഷനുകള്‍, ട്രേഡ് പ്രൊമോഷന്‍ സംഘടനകള്‍, ടെക്നിക്കല്‍ കോര്‍പ്പറേഷന്‍ ഏജന്‍സികള്‍ തുടങ്ങി കോണ്‍ക്ളേവില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ക്കും വലിയ അവസരമായിരിക്കും എക്സ്പോ വഴി ലഭിക്കുക.
വിശദ വിവരങ്ങള്‍ക്ക്www.kudumbashree.org/expo2023
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.