കോഴിക്കോട്: സഹോദരൻ റോയിയുടെ മരണം സയനൈഡ് അകത്തുചെന്നാണെന്ന വിവരമറിഞ്ഞതുമുതൽ റോജോക്കും സഹോദരി രഞ്ജിക്കും ഉണ്ടായ സംശയമാണ് ആറു മരണങ്ങളുടെയും ചുരുളഴിയാൻ ഇടയാക്കിയത്.
രണ്ടാമത് മരിച്ച പിതാവ് ടോം തോമസിെൻറ മരണവുമായി ബന്ധപ്പെട്ട് സഹോദരൻ റോയിയുടെ ഭാര്യ ജോളി പറഞ്ഞ കാര്യങ്ങളിൽ ഇരുവർക്കും പൊരുത്തക്കേട് തോന്നിയിരുന്നു. പിതാവ് ടോം മരിച്ചപ്പോൾ അമേരിക്കയിൽനിന്ന് നാട്ടിലെത്തിയ റോജോയോടും രഞ്ജിയോടും കൂടത്തായിയിലെ 38.5 സെൻറ് സ്ഥലവും വീടും വിൽപത്രം വഴി പിതാവ് തങ്ങളുടെ പേരിൽ എഴുതിവെച്ചിട്ടുണ്ടെന്ന് റോയിയും േജാളിയും പറഞ്ഞിരുന്നു. അപ്പോൾ ഇതേക്കുറിച്ച് പ്രതികരിച്ചില്ലെങ്കിലും തങ്ങളോട് പറയാതെ പിതാവ് ഇത്തരമൊരു വിൽപത്രം തയാറാക്കില്ലെന്ന് റോജോക്കും രഞ്ജിക്കും ഉറപ്പായിരുന്നു. ഇതിൽ തുടങ്ങിയ സംശയവും അന്വേഷണവുമാണ് വിൽപത്രം വ്യാജമാണെന്നു കണ്ടെത്താൻ വഴിയൊരുക്കിയത്.
റോയി ജീവിച്ചിരിക്കുേമ്പാഴാണ് വ്യാജ വിൽപത്രം തയാറാക്കിയത്. ഇതിന് ജോളിയും സഹായിച്ചിട്ടുണ്ടെന്ന സംശയം സഹോദരങ്ങൾക്കുണ്ടായിരുന്നു. റോയി മരിക്കുന്നത് 2011 സെപ്റ്റംബറിലാണ്. ഇതിനുമുമ്പായി കുന്ദമംഗലത്തിനടുത്തുള്ള ഒരു ആധാരമെഴുത്തുകാരെൻറ സഹായത്തോടെയാണ് വിൽപത്രം തയാറാക്കിയതെന്ന് റോജോക്ക് സൂചന ലഭിച്ചു.
ചോദ്യം ചെയ്തു; ഉദ്യോഗസ്ഥർ വിരണ്ടു
അമേരിക്കയിൽനിന്ന് നാട്ടിലെത്തിയ റോജോ, വീടും പുരയിടവും ജോളിയുടെ പേരിൽ മാറ്റി നികുതി അടച്ചതായി കണ്ടെത്തി. കൂടത്തായി വില്ലേജ് ഒാഫിസിൽ ചെന്ന് ജോളിയുടെ പേരിൽ നികുതി സ്വീകരിച്ചത് റോജോ ചോദ്യംചെയ്തു. പരാതി നൽകുമെന്ന് അറിയിച്ചപ്പോൾ വില്ലേജ് അധികൃതർ അങ്കലാപ്പിലായി. കൂടത്തായിയിൽ വാടകക്ക് താമസിച്ചിരുന്ന റവന്യൂ വകുപ്പിലെ ഒരു ഉന്നത ഉദ്യോഗസ്ഥ ഇടപെട്ടതിനാലാണ് ജോളിയുടെ പേരിൽ നികുതി സ്വീകരിച്ചതെന്നായിരുന്നു വില്ലേജ് അധികൃതരുടെ മറുപടിയത്രെ.
നിയമനടപടികളുമായി റോജോ മുന്നോട്ടുപോവുമെന്ന് മനസ്സിലായപ്പോൾ കൂടത്തായി വില്ലേജ് ഒാഫിസ് അധികൃതർ വീടും പുരയിടവും ടോം തോമസിെൻറ പേരിലേക്ക് മാറ്റി റോജോയിൽനിന്ന് നികുതി സ്വീകരിച്ചു. ഇൗ സംഭവത്തോടെ േജാളിയുടെ നടപടികൾ പൂർണമായും റോേജായുടെയും രഞ്ജിയുടെയും നിരീക്ഷണത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.