വാട്​സാപ്പ്​ വഴി കൂട്ട ​കോപ്പിയടി; സാ​ങ്കേതിക സർവകലാശാല പരീക്ഷ റദ്ദാക്കി

തിരുവനന്തപുരം: സാങ്കേതിക സര്‍വകലാശാല പരീക്ഷക്കിടെ വാട്​സാപ്പ്​ വഴി ​േചാദ്യപേപ്പർ ചോർത്തി കൂട്ട കോപ്പിയടി. ഇതേതുടർന്ന്​ വെള്ളിയാഴ്​ച നടന്ന ബി ടെക് മൂന്നാം സെമസ്റ്റർ ലീനിയർ അൾജിബ്ര ആൻഡ് കോംപ്ലക്​സ്​ അനാലിസിസ് എന്ന പരീക്ഷ​ റദ്ദാക്കി​.

അഞ്ച് കോളജുകളിലാണ് ബി.ടെക് മൂന്നാം സെമസ്റ്റര്‍ സപ്ലിമെൻററി പരീക്ഷയിൽ ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. രഹസ്യമായി കൊണ്ടുവന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ചോദ്യപേപ്പറിൻെറ ഫോട്ടോ എടുത്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്യുകയും മറുപടിയായി ലഭിച്ച ഉത്തരങ്ങള്‍ വിദ്യാര്‍ഥികള്‍ എഴുതുകയുമായിരുന്നു.

സംഭവത്തെ കുറിച്ച്​ പരീക്ഷ കൺട്രോളർ ഡോ. കെ.ആർ. കിരൺ പ്രാഥമിക റിപ്പോർട്ട്​ സമർപ്പിച്ചു. പ്രൊ വൈസ് ചാൻസ്​ലർ ഡോ. എസ്. അയൂബിൻെറ അധ്യക്ഷതയിൽ കൂടിയ സിണ്ടിക്കേറ്റ്​ പരീക്ഷാ ഉപസമിതിയാണ് പരീക്ഷ റദ്ദാക്കാൻ തീരുമാനമെടുത്തത്​.

കോവിഡ് കാലയളവിലെ പരീക്ഷകളിൽ ശാരീരിക അകലം പാലിക്കണമെന്ന നിബന്ധനയുടെ മറവിൽ ഇൻവിജിലേറ്റർസിൻെറ കണ്ണുവെട്ടിച്ചാണ് സാങ്കേതിക സംവിധാനങ്ങൾ ഉപയോഗിച്ച്​ കോപ്പിയടിച്ചത്​. സംഭവത്തിൽ നിരവധി വിദ്യാർഥികളുടെ മൊബൈൽഫോണുകളും മറ്റ് ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട്.

വിശദമായ അന്വേഷണം നടത്തി റിപ്പോർട്ടുകൾ സമർപ്പിക്കുവാൻ അതത്​ കോളജ്​ പ്രിൻസിപ്പൽമാരോട് നിർദ്ദേശിച്ചതായി വൈസ്​ ചാൻസ്​ലർ ഡോ. എംഎസ്​. രാജശ്രീ അറിയിച്ചു. ഈ റിപ്പോർട്ടുകൾ ലഭിക്കുന്നമുറക്ക്​ പൊലീസ് സൈബർ സെല്ലിൽ പരാതി നൽകും.

പരീക്ഷകളുടെ കൃത്യതയാർന്ന നടത്തിപ്പിനായി സാങ്കേതിക സർവകലാശാലക്ക്​ കീഴിലുള്ള കോളജുകളിലെ പ്രിൻസിപ്പൽമാരുടെയും പരീക്ഷാ ചീഫ്​ സൂപ്രണ്ടുമാരുടെയും അടിയന്തിര യോഗം വിളിച്ചുചേർക്കുമെന്നും വി.സി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.