സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് റമീസിന്‍റെ മൊഴി

തിരുവനന്തപുരം: സ്വർണക്കടത്തിന് പിന്നിൽ വ്യവസായ പ്രമുഖനെന്ന് പ്രതികളിലൊരാളായ കെ.ടി റമീസ് കസ്റ്റംസിന് മൊഴി നല്‍കി. 'ദാവൂദ് അല്‍ അറബി' എന്ന പേരിലാണ് ഇയാള്‍ അറിയപ്പെടുന്നത്. നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതിന്‍റെ മുഖ്യ സൂത്രധാരന്‍ ഇയാളാണെന്നും റമീസ് നല്‍കിയ മൊഴിയിലുണ്ട്. ദാവൂദ് 12 തവണ സ്വര്‍ണം കടത്തിയെന്നും മൊഴിയില്‍ പറയുന്നു.

സ്വർണം വിദേശത്തുനിന്ന് അയച്ചത് ഇയാളാണെന്നാണ് മൊഴിയിൽ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിലായി കസ്റ്റംസ്, എൻ.ഐ.എ, ഇ.ഡി എന്നീ ഏജൻസികൾ റമീസിനെ ചോദ്യംചെയ്തിരുന്നു. ഇവർക്കെല്ലാം ഈയൊരു മൊഴി റമീസ് നൽകിയതായാണ് വിവരം.

കേസിലെ പ്രധാന പ്രതികളിലൊരാളായ റിബിൻസിനെ ഇന്നലെ കൊച്ചിയിലെത്തിച്ച് എൻ.ഐ.എ കസ്റ്റഡിയിലെടുത്തിരുന്നു. യു.എ.ഇയിലായിരുന്നു റിബിൻസ് ഉണ്ടായിരുന്നത്. റിബിൻസിനെ ചോദ്യംചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് കരുതുന്നത്. എൻ.ഐ.എക്ക് പിന്നാലെ മറ്റ് ഏജൻസികളും റിബിൻസിനെ ചോദ്യം ചെയ്യും.

അതേസമയം, തനിക്ക് വന്‍തോതില്‍ വരുമാനമുണ്ടായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നുവെന്ന് സ്വപ്ന സുരേഷ് മൊഴി നല്‍കി. കസ്റ്റംസിന് നല്‍കിയ മൊഴിയിലാണ് ഇക്കാര്യമുള്ളത്. കോണ്‍സുലേറ്റിലെ ഉദ്യോഗത്തിന്‍റെ മറവിലുള്ള കമീഷന്‍ ഇടപാട് സൂക്ഷിച്ചുവേണമെന്ന് ശിവശങ്കര്‍ പറഞ്ഞിരുന്നതായും മൊഴിയിലുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.