മലപ്പുറം: ഡോ. കെ.ടി. റബീഉല്ലയുടെ വീട്ടിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച കേസിൽ മഞ്ചേരി സബ് ജയിലിൽ റിമാൻഡിലായിരുന്ന പ്രതികൾക്ക് മലപ്പുറം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചു. 50,000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിന് പുറമെ ഒന്നിടവിട്ട ദിവസങ്ങളിൽ മലപ്പുറത്ത് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരായി ഒപ്പിടുക, ഇൗ ആവശ്യത്തിനല്ലാതെ മലപ്പുറം സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുത്, പാസ്പോർട്ട് കോടതിയിൽ ഹാജരാക്കുക എന്നീ ഉപാധികളോടെയാണ് ജാമ്യം.
ബി.െജ.പി ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറിയായിരുന്ന ബംഗളൂരു റിച്ച്മണ്ട് ടൗൺ സ്വദേശി അസ്ലം ഗുരുക്കൾ (38), ബംഗളൂരു ശേഷാദ്രിപുരം റിസൽദാർ സ്ട്രീറ്റിലെ ഉസ്മാൻ (29), കൂർഗ് സോമവാർപേട്ട ചൗഢേശ്വരി ബ്ലോക്കിലെ മുഹമ്മദ് റിയാസ്, ബംഗളൂരു ആർ.ജെ. നഗർ മുത്തപ്പ ബ്ലോക്ക് സുകുമാർ (43), ബംഗളൂരു ബക്ഷി ഗാർഡൻ ടി.സി.എം റോയൽ റോഡിലെ രമേശ്, അസ്ലം ഗുരുക്കളുടെ ഗൺമാനും കർണാടക പൊലീസ് ഉദ്യോഗസ്ഥനുമായ ബംഗളൂരു ചാമരാജ് പേട്ടിലെ കേശവമൂർത്തി (28) എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.
കേസിലെ രണ്ടാം പ്രതി കെ.എസ്. അബ്ദുറഹ്മാൻ എന്ന അർഷാദിന് നേരത്തേ ജാമ്യം നൽകിയിരുന്നു. ജൂലൈ 24നായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി റബീഉല്ലയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്ന ഭാര്യയുടെ പരാതിയിലാണ് പ്രതികൾ അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.