തിരുവനന്തപുരം: ചട്ടം ലംഘിച്ച് പണിത കെട്ടിടങ്ങള്‍ക്ക് വന്‍ തുക പിഴ ചുമത്തി അംഗീകാരം നല്‍കുന്നത് സംബന്ധിച്ച് ഒരു മാസത്തിനകം ഉത്തരവിറക്കുമെന്ന് മന്ത്രി ഡോ.കെ.ടി. ജലീല്‍. പ്രായോഗികമായ വഴി എന്ന നിലയിലാണ് ഈ നടപടിയെന്നും മന്ത്രി വിശദീകരിച്ചു. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭാവിയില്‍ ആവശ്യമായി വന്നാല്‍ പൊളിച്ചുനല്‍കാമെന്ന് രേഖാമൂലം ഉടമകളില്‍നിന്ന് ഉറപ്പുവാങ്ങിയ ശേഷമായിരിക്കും ഇത്തരം കെട്ടിടങ്ങള്‍ക്ക് അംഗീകാരം നല്‍കുക.
നിശ്ചിത തീയതിക്കകം പണിപൂര്‍ത്തീകരിച്ചവക്കായിരിക്കും അനുമതി നല്‍കുക. നിയമലംഘനം നടത്തിയതിന്‍െറ വ്യാപ്തിക്കനുസരിച്ചായിരിക്കും പിഴ ചുമത്തുക. ചട്ടലംഘനം അറിഞ്ഞു ചെയ്തവരും അറിയാതെ ചെയ്തവരും ഉണ്ട്. വലിയ കെട്ടിടങ്ങള്‍, ചെറിയ കെട്ടിടങ്ങള്‍ എന്ന പരിഗണനയിലല്ല പ്രശ്നത്തെ കാണുന്നത്. ഒട്ടേറെ പേര്‍ പണിത വീടുകള്‍ പോലും ഈ രൂപത്തിലാണ്. ഭാവിയില്‍ അനധികൃത കെട്ടിടങ്ങള്‍ക്ക് പ്ളാനും സ്കെച്ചും തയാറാക്കി നല്‍കുന്ന ആര്‍ക്കിടെക്റ്റുമാരെ കരിമ്പട്ടികയില്‍ പെടുത്താന്‍ നടപടി സ്വീകരിക്കും. അനധികൃത കെട്ടിടങ്ങള്‍ പൊളിക്കുന്നത് രണ്ട് രീതിയില്‍ സര്‍ക്കാറിന് മുന്നില്‍ പ്രശ്നങ്ങളാണ്. കെട്ടിടങ്ങള്‍ പൊളിച്ചുതുടങ്ങുമ്പോഴേക്കും കോടതിയില്‍നിന്ന് തടഞ്ഞുകൊണ്ടുള്ള ഉത്തരവുകള്‍ വരുന്നു. കെട്ടിടം പൊളിക്കുന്നതുവഴിയുണ്ടാകുന്ന അവശിഷ്ടങ്ങളും മാലിന്യവും പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതായും ജലീല്‍ പറഞ്ഞു. പാറ്റൂര്‍ ഫ്ളാറ്റിന്‍െറ കാര്യത്തില്‍ പഠിച്ചശേഷം മാത്രമേ നടപടിയെടുക്കുകയുള്ളൂ.
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ ഓരോ മാസവും നിശ്ചിത തുകയില്‍ കുറയാതെ ചെലവഴിക്കുന്ന രൂപത്തില്‍ മാറ്റം വരുത്തും. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ രണ്ടു മാസം മാത്രം ശേഷിക്കെ തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തില്‍ 25 ശതമാനം തുക പോലും ചെലവഴിക്കാത്തത് സംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി സാമ്പത്തിക വര്‍ഷത്തിന്‍െറ അവസാനത്തില്‍ ധിറുതിപ്പെട്ട് തുക ചെലവഴിക്കുന്ന രീതിയാണ്. എന്നാല്‍, 13ാം പദ്ധതിക്കാലത്ത് മാര്‍ച്ചില്‍ പരമാവധി 16 ശതമാനം തുക വരെ ചെലവഴിക്കാവുന്ന രീതി കൊണ്ടുവരും. മാര്‍ച്ചില്‍ തുകയുടെ ഭൂരിഭാഗം ശതമാനവും ചെലവഴിക്കുന്ന രീതി അശാസ്ത്രീയമാണ്. നിലവില്‍ പദ്ധതി തയാറാക്കാന്‍ ഒമ്പത് മാസവും നിര്‍വഹണത്തിന് മൂന്നു മാസവും ലഭിക്കുന്നതാണ് അനുഭവം. മൂന്നു മാസംകൊണ്ട് പദ്ധതി തയാറാക്കുകയും നിര്‍വഹണത്തിന് ഒമ്പതു മാസവും ലഭിക്കുന്ന സ്ഥിതിയുണ്ടാക്കും. ഇതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേസമയം ചെലവഴിച്ച തുകയില്‍നിന്ന് അഞ്ച് ശതമാനത്തോളം കുറവാണ് ഇത്തവണയുണ്ടായിരിക്കുന്നത്. അടുത്ത പദ്ധതികാലം മുതല്‍ ഇതു പരിഹരിക്കാനാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.