മലപ്പുറം: ഭാര്യയുടെ പ്രിൻസിപ്പൽ നിയമനം സംബന്ധിച്ച് പരാതികെളാന്നുമില്ലെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീലിെൻറ വാദം ശരിയല്ലെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പന്താവൂർ. സീനിയോറിറ്റി മറികടന്ന് മന്ത്രിയുടെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിയെ വളാഞ്ചേരി എച്ച്.എസ്.എസിൽ പ്രിൻസിപ്പലാക്കിയതിനെതിരെ സഹാധ്യാപകർ സമർപ്പിച്ച പരാതികളുടെ പകർപ്പും അദ്ദേഹം വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.
വി.കെ. പ്രീത, സി. ബാബു രാജേന്ദ്രന് എന്നിവരടക്കമുള്ള നാല് അധ്യാപകരാണ് 2016ൽ മാനേജ്മെൻറിനും ഹയര്‍സെക്കൻഡറി മേഖല ഉപ ഡയറക്ടര്‍ക്കും പരാതി നല്‍കിയത്. പ്രീതയെ മറികടന്നാണ് ഫാത്തിമക്കുട്ടിയെ നിയമിച്ചതെന്നാണ് ആക്ഷേപം. ഇരുവരും ഒരു ദിവസമാണ് സർവിസിൽ പ്രവേശിച്ചതെങ്കിലും ചട്ടമനുസരിച്ച് പ്രീതയാണ് സീനിയർ. ഇതേ മാനേജ്മെൻറിന് കീഴിലെ ഹൈസ്കൂളിൽ ഫാത്തിമക്കുട്ടിക്ക് പ്രവൃത്തിപരിചയമുണ്ടെന്നാണ് മന്ത്രിയുടെ വാദം. എന്നാൽ, ഇത് സീനിയോറിറ്റി മാനദണ്ഡമായി പരിഗണിക്കാനാകില്ല.
അധ്യാപകർ നൽകിയ പരാതിയിൽ വ്യക്തമായ മറുപടി ലഭിച്ചിട്ടില്ല. പ്രിൻസിപ്പൽ നിയമനത്തിനായി അംഗീകരിച്ച സീനിയോറിറ്റി പട്ടിക ഉണ്ടാകണമെന്നിരിക്കെ ഫാത്തിമക്കുട്ടിയുടെ നിയമനത്തിന് ശേഷവും വ്യക്തമായ പട്ടിക ഹയര്‍സെക്കൻഡറി ഉപ ഡയറക്ടറുടെ ഒാഫിസിൽ ലഭ്യമായിരുന്നില്ല. യു.ഡി.എഫ് ഭരണകാലത്താണ് നിയമനമെന്ന വാദം തെറ്റാണെന്നും ജലീൽ മന്ത്രി ആയതിന് ശേഷമാണ് ഭാര്യയുടെ നിയമനം അംഗീകരിച്ചതെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. പൊന്നാനി പാർലമെൻറ് പ്രസിഡൻറ് യാസർ പട്ടച്ചോല, മുസ്തഫ വടമുക്ക് എന്നിവരും വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
ജലീലിൽ വിശ്വാസമുണ്ടെങ്കിൽ പൊന്നാനിയിൽ മത്സരിപ്പിക്കട്ടെ -കെ.പി.എ. മജീദ്
മലപ്പുറം: മന്ത്രി കെ.ടി. ജലീലിെൻറ കാര്യത്തിൽ ശുഭാപ്തിവിശ്വാസമുണ്ടെങ്കിൽ സി.പി.എം പൊന്നാനി ലോക്സഭ മണ്ഡലത്തിൽ അദ്ദേഹത്തെ സ്ഥാനാർഥിയാക്കട്ടെയെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്. ലീഗിന് ജലീലിനെ ഭയമില്ലെന്നും യു.ഡി.എഫ് വിജയം ആവർത്തിക്കുമെന്നും മജീദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു. താൻ പൊന്നാനിയിൽ മത്സരിക്കുമെന്ന ഭയമാണ് ലീഗിനെന്ന മന്ത്രിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വെല്ലുവിളിയാണോയെന്ന് ചോദിച്ചപ്പോൾ അങ്ങനെയും കരുതാമെന്നായിരുന്നു മറുപടി.
മന്ത്രി നടത്തിയ 12ഓളം ക്രമവിരുദ്ധ പ്രവർത്തനങ്ങൾ ലീഗ് തെളിവ് സഹിതം പുറത്തുവിട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ്. ഒളിക്കാൻ പലതുമുള്ളതിനാലാണ് വിജിലൻസ് അന്വേഷണ ആവശ്യം സർക്കാർ അംഗീകരിക്കാത്തത്. ചോദ്യങ്ങൾക്ക് മറുപടി പറയാതെ പാണക്കാട് തങ്ങന്മാർക്കും സമസ്ത നേതാക്കൾക്കുമെതിരെ വില കുറഞ്ഞ പരാമർശങ്ങൾ നടത്തുകയാണ് ജലീൽ. ഇനിയും രേഖകൾ പുറത്തുവിടും. നിയമസഭക്കകത്തും പുറത്തും പോരാട്ടം തുടരും. വേണ്ടിവന്നാൽ കോടതിയെയും സമീപിക്കും.
മന്ത്രിപത്നിക്ക് അനധികൃതമായി സ്ഥാനക്കയറ്റം നൽകിയത് ലീഗുമായി ബന്ധമുള്ള മാനേജ്മെൻറല്ലേയെന്ന് ചൂണ്ടിക്കാട്ടിയപ്പോൾ പാർട്ടിക്ക് ഇതിൽ പങ്കില്ലെന്നായിരുന്നു മറുപടി. ലീഗുകാർ മാനേജ്മെൻറിലുണ്ടാവാം. ഉന്നതപദവിയിലിരിക്കുന്നയാളെന്ന സ്വാധീനം ഇവിടെയും ജലീൽ ഉപയോഗിച്ചെന്നും മജീദ് ആരോപിച്ചു.
കലക്ടറേറ്റ് മാർച്ചിൽ സംഘർഷം: റിമാൻഡിലായ എം.എസ്.എഫ് നേതാക്കൾക്ക് ജാമ്യം
കോഴിക്കോട്: ബന്ധു നിയമനത്തിൽ മന്ത്രി കെ.ടി. ജലീൽ രാജിവെക്കണമെന്നാവശ്യപ്പെട്ട് നടത്തിയ കലക്ടറേറ്റ് മാർച്ചിലെ സംഘർഷത്തെ തുടർന്ന് റിമാൻഡിലായ എം.എസ്.എഫ് നേതാക്കള്‍ക്ക് ജാമ്യം. സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴരിയൂര്‍, ജനറല്‍ സെക്രട്ടറി എം.പി. നവാസ്, ജില്ല പ്രസിഡൻറ് ലത്തീഫ് തുറയൂര്‍, ജനറല്‍ സെക്രട്ടറി അഫ്‌നാസ് ചോറോട്, സ്വാഹിബ് മുഖദാര്‍, ജീലാനി, സാബിത്ത്, നൂറുദ്ദീന്‍ ചെറുവറ്റ, അനീസ്, ഷമീര്‍, ശാഫി വെള്ളില, ശാഫി, സിയാദ്, യാസര്‍, അനസ്, കെ.സി. ശിഹാബ്, സാജു റഹ്മാന്‍, മുഹമ്മദ് പേരോട്, ഫൈസല്‍, ഹസനുല്‍ ബന്ന തുടങ്ങിയവര്‍ക്കാണ് ജില്ല കോടതി ജാമ്യമനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.