'ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും…!'

കൊച്ചി: യൂത്ത് കോണ്‍ഗ്രസ് ചൊവന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ സ്റ്റേഷനി​ൽ ക്രൂരമർദനത്തിനിരയാക്കിയ വിഷയത്തിൽ കേരള പൊലീസിനും സര്‍ക്കാരിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. സിനിമാ സ്റ്റൈലിലാണ് അലോഷ്യസിന്റെ വിമര്‍ശനം.

'ജോര്‍ജ് സാറിന്റെ പണി കേരള പൊലീസ് എടുത്താല്‍, ബെന്‍സിന്റെ പണി ഞങ്ങള്‍ എടുക്കും…!' എന്ന് അലോഷ്യസ് ഫേസ്ബുക്കില്‍ കുറിച്ചു. ഷര്‍ട്ടടക്കം ഊരിമാറ്റിയ നിലയിലാണ് സുജിത്തിനെ പൊലീസ് ജീപ്പിൽ സ്റ്റേഷനിലേക്ക് കൂട്ടികൊണ്ടുവന്നത്. സ്റ്റേഷനിൽ ഇയാളെ എത്തിച്ചത് മുതൽ പൊലീസ് സംഘം വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. സ്റ്റേഷനിൽ വെച്ച് കുനിച്ചുനിര്‍ത്തി സുജിത്തിന്‍റെ പുറത്തും മുഖത്തുമടക്കം അടിക്കുന്നതടക്കം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്.ഐ. നുഹ്മാനും സി.പി.ഒമാരായ ശശിന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരും ചേർന്നായിരുന്നു മർദ്ദനം.

‘മര്‍ദനത്തിന് പിന്നാലെ ഇടത് ചെവിക്ക് കേള്‍വി പ്രശ്‌നം നേരിട്ടു. എസ്.ഐയുടെ നിര്‍ദേശപ്രകാരമാണ് പൊലീസുകാര്‍ മർദ്ദിച്ചത്. കാര്യങ്ങള്‍ വിശദീകരിക്കാന്‍ ശ്രമിച്ചെങ്കിലും പറയുന്നത് കേള്‍ക്കാന്‍ പൊലീസ് തയ്യാറായില്ല. സി.സി.ടി.വിയില്‍ കാണുന്നതിന് പുറമെ കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ കൊണ്ടുപോയി മര്‍ദിച്ചു. ചുമരിനോട് ചേര്‍ത്ത് ഇരുത്തി കാല്‍ നീട്ടിവെപ്പിച്ച് കാലിനടിയില്‍ ലാത്തികൊണ്ട് തല്ലി. തല്ലിയതിന് ശേഷം നിവര്‍ന്ന് നിന്ന് ചാടാന്‍ പറഞ്ഞു. ഇങ്ങനെ പതിനഞ്ച് തവണയെങ്കിലും ചെയ്യിപ്പിച്ചു. വെള്ളം കുടിക്കാന്‍ ചോദിച്ചെങ്കിലും തന്നില്ല. മജിസ്ട്രേറ്റിന് മുന്നിലാണ് പൊലീസ് മര്‍ദനത്തെകുറിച്ച് തുറന്നു പറഞ്ഞതെന്നും ശരീരം മോശം അവസ്ഥയിലായിരുന്നുവെന്നും സുജിത്ത് പറഞ്ഞു.’

അതേസമയം, വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കോൺഗ്രസ് തീരുമാനം.​ കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യാഴാഴ്ച തൃശൂരില്‍ എത്തി സുജിത്തിനെയും ജില്ല കോണ്‍ഗ്രസ് നേതാക്കളെയും കാണും. ഇതിന് ശേഷമായിരിക്കും ഭാവി പ്രതിഷേധ പരിപാടികള്‍ തീരുമാനിക്കുക.

സുജിത്തിനെ മര്‍ദ്ദിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എസ്‌.ഐ ഉള്‍പ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ നിന്ന് നീക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. സമാനമായി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ മര്‍ദ്ദനമേറ്റവരെ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ലക്ഷ്യംവെയ്ക്കുന്നുണ്ട്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങളും ലഭ്യമാക്കി പ്രതിഷേധം കടുപ്പിക്കാനും പാർട്ടിക്ക് പദ്ധതിയുണ്ട്. 

Tags:    
News Summary - ksu state president aloshious xavier criticizes kerala police and government

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.