അസഭ്യവര്‍ഷം: എസ്.ഐ സുധി കെ. സത്യപാലനെതിരെ കെ.എസ്.യു പരാതി നൽകി

കോട്ടയം: എം.ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയ പ്രവര്‍ത്തകര്‍ക്കു നേരെ അസഭ്യവര്‍ഷം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെതിരെ കെ.എസ്.യു പരാതി നൽകി. ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സുധി കെ. സത്യപാലനെതിരെ ഡി.ജി.പിക്കും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിക്കുമാണ് കെ.എസ്.യു പരാതി നൽകിയത്. പ്രവർത്തകരുമായുള്ള വാക്കുതർക്കത്തിനിടെ എസ്.ഐ തുടർച്ചയായി അസഭ്യം പറഞ്ഞുവെന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്.

പി.ജി സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പ്രതിഷേധിച്ച് എം.ജി സർവകലാശാലയിലേക്ക് മാർച്ച് നടത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ക്കു നേരെയാണ് ഗാന്ധിനഗര്‍ പ്രിന്‍സിപ്പല്‍ എസ്.ഐ സുധി കെ. സത്യപാലൻ അസഭ്യവര്‍ഷം നടത്തിയത്. പ്രതിഷേധിച്ച പ്രവര്‍ത്തകരെ ബലമായി പൊലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെയുണ്ടായ വാക്തർക്കത്തിനിടെ എസ്.ഐ തുടര്‍ച്ചയായി അസഭ്യം പറഞ്ഞു. പ്രവർത്തകർ തിരിച്ചും തെറിവിളിച്ചു.

വൈസ് ചാൻസലറുടെ ഓഫിസ് സ്ഥിതി ചെയ്യുന്ന അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിന്‍റെ മതിൽ ചാടിക്കടന്ന് പ്രവർത്തകർ അകത്ത് എത്തിയതോടെ പൊലീസുമായി വാക്തർക്കമുണ്ടായി. ഇതിനിടെ കെ.എസ്.യു മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയും കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗവുമായ സുബിൻ മാത്യുവിനെ എസ്.ഐ പിടിച്ചുനീക്കാൻ ശ്രമിച്ചു. ഇവർ തമ്മിൽ കൈയാങ്കളിയായി. ഇതിനിടെ, സുധി കെ. സത്യപാലൻ അസഭ്യവര്‍ഷം നടത്തുകയായിരുന്നുവെന്ന് കെ.എസ്.യു പ്രവർത്തകർ ആരോപിച്ചു.

പിന്നാലെ കൂടുതൽ പൊലീസെത്തി സുബിനെ വലിച്ചിഴച്ച് വാഹനത്തിലേക്ക് കയറ്റി. ഇതിനിടെ സുബിന്‍റെ ഷർട്ടും കീറി. പ്രവർത്തകരെ ബലമായി നീക്കുമ്പോഴും ഉദ്യോഗസ്ഥൻ അസഭ്യം തുടർന്നു. വാഹനത്തിൽ കയറിയ പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്തു. ഇതിനിടെ, കാമറകള്‍ക്കു മുന്നിലുള്ള അസഭ്യവര്‍ഷത്തിലെ അപകടാവസ്ഥ മനസ്സിലാക്കിയ ഗാന്ധിനഗര്‍ എസ്.എച്ച്.ഒ കെ. ഷിജിയുടെ നേതൃത്വത്തില്‍ സുധിയെ സമീപത്തെ യൂനിവേഴ്സിറ്റി സെക്യൂരിറ്റി കാബിനിലേക്ക് മാറ്റി.

ഇതിനിടയിലും രോഷാകുലനായ എസ്.ഐ കെ.എസ്.യു പ്രവർത്തകരോട് കയർത്തു. കെ.എസ്.യു പ്രവര്‍ത്തകര്‍ ആദ്യം സുധി കെ. സത്യപാലനെ അസഭ്യം പറഞ്ഞിരുന്നതായും പരാതിയുണ്ട്. കെ.എസ്.യു പ്രവർത്തകർ അസഭ്യം പറഞ്ഞതാണ് സംഘർഷാവസ്ഥ സൃഷ്ടിച്ചതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് പറഞ്ഞു.

Tags:    
News Summary - KSU filed a complaint against Gandhinagar SI Sudhi K. Sathyapalan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.