മന്ത്രി ആർ.ബിന്ദുവിനെ തെരുവിൽ തടയും: കെ.എസ്.യു

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മേഖലയെ തച്ചു തകർക്കുന്ന മന്ത്രി ആർ.ബിന്ദുവിനെ തെരുവിൽ തടയുമെന്ന് കെ.എസ്.യു. അധികാര ദുർവിനിയോഗം നടത്തി പ്രിൻസിപ്പൽ നിയമനം അട്ടിമറിച്ച ഡോ. ആർ.ബിന്ദു അടിയന്തരമായി മന്ത്രി സ്ഥാനം രാജിവെക്കണമെന്ന് സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു. നിയമനത്തിൽ മന്ത്രിയുടെ വഴിവിട്ട ഇടപെടൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

സംസ്ഥാനത്തെ 66 ഗവൺമെന്‍റ് കലാലയങ്ങളിൽ പ്രിൻസിപ്പൽമാരുടെ ഒഴിവുകളുണ്ട്. ഒഴിവുകളിൽ നിയമനം നടത്താൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് 43 പ്രിൻസിപ്പൽമാരുടെ പട്ടികയുണ്ടാക്കുകയും അത് പി.എസ്.സി അംഗീകരിക്കുകയും ചെയ്തതാണ്. എന്നാൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയിൽ ഉൾപ്പെട്ടവരെ നിയമിച്ചില്ല. ഇത് തങ്ങളുടെ ഇഷ്ടക്കാർ പട്ടികയിൽ ഉൾപ്പെട്ടിരുന്നില്ല എന്ന കാരണത്താലാണെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്‍റ് ആരോപിച്ചു.

പ്രിൻസിപ്പൽ നിയമനത്തിലെ മന്ത്രിയുടെ ഇടപെടൽ നേരത്തെ തന്നെ പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്. ഉന്നത വിദ്യാഭാസ മേഖലയുടെ നിലവാരത്തെ എൽ.ഡി.എഫ് സർക്കാർ തകർക്കുകയാണെന്ന കെ.എസ്.യു നിലപാട് കൂടുതൽ ശരിവെക്കുന്നതാണ് പ്രിൻസിപ്പൽ നിയമനത്തിലെ മന്ത്രിയുടെ ഇടപെടൽ ശരി വെക്കുന്ന വാർത്തകളെന്നും, വിഷയത്തിൽ സംസ്ഥാനത്തുടനീളം ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.

Tags:    
News Summary - ksu against Minister R. Bindu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.