ഡി. സുധീഷ് (പ്രസി.), ടി.കെ.എ. ഷാഫി (ജന.സെക്ര.)
കോഴിക്കോട്: കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റായി ഡി. സുധീഷിനെയും (ആലപ്പുഴ) ജനറൽ സെക്രട്ടറിയായി ടി.കെ.എ. ഷാഫിയെയും (മലപ്പുറം) ട്രഷററായി എ.കെ. ബീനയെയും (കണ്ണൂർ) 34ാം സംസ്ഥാന സമ്മേളനം തെരഞ്ഞെടുത്തു. എം.എ. അരുൺകുമാർ, കെ.സി. മഹേഷ്, എം.എസ്. പ്രശാന്ത്, ആർ.കെ. ബിനു, പി.എസ്. സ്മിജ എന്നിവർ വൈസ് പ്രസിഡന്റുമാരും കെ. രാഘവൻ, എ. നജീബ്, എം.കെ. നൗഷാദലി, പി.ജെ. ബിനേഷ്, എസ്. സബിത എന്നിവർ സെക്രട്ടറിമാരുമാണ്. ഭാരവാഹികളും എക്സിക്യുട്ടിവ് കമ്മിറ്റി അംഗങ്ങളും അടക്കം 82 അംഗങ്ങളടങ്ങിയതാണ് സംസ്ഥാന കമ്മിറ്റി. ഓഡിറ്റർമാരായി സന്തോഷ് കുമാർ, പി.ടി. ഷാജി എന്നിവരെയും തെരഞ്ഞെടുത്തു.
ഖാദര്‍ കമീഷന് റിപ്പോര്‍ട്ട് ആറുമാസത്തിനകം നടപ്പാക്കും -മന്ത്രി ശിവന്‍കുട്ടി
കോഴിക്കോട്: പൊതുവിദ്യാഭ്യാസരംഗത്തെ സമഗ്ര പരിഷ്കാരത്തിന്റെ ഭാഗമായി ഖാദര്‍ കമീഷന് റിപ്പോര്‍ട്ട് ആറുമാസത്തിനകം നടപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. കെ.എസ്.ടി.എ സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അക്കാദമിക് ഡയറക്ടറേറ്റുകള്‍ ഏകീകരിക്കുന്നത് ഉള്‍പ്പെടെ നടപടികള്‍ ഉണ്ടാവും. വിദ്യാഭ്യാസമേഖലയില്‍ 5000 കോടിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. കേന്ദ്ര സര്‍ക്കാര്‍ പലവിധത്തിലുള്ള ഉപരോധങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും കേരളം പിറകോട്ട് പോകുന്നില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാ കുട്ടികള്‍ക്കും നല്‍കുകയാണ് ലക്ഷ്യം. ദേശീയ വിദ്യാഭ്യാസ നയം അടിച്ചേല്പിക്കാനുള്ള ശ്രമം കേരളത്തില്‍ വിലപ്പോവില്ല.
കേന്ദ്രീകരിച്ച പാഠ്യപദ്ധതിയിലൂടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. പരിണാമശാസ്ത്രം ഉള്‍പ്പെടെ വിഷയങ്ങള്‍ സിലബസില്‍നിന്ന് ഒഴിവാക്കുകയാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് കേരളം മാത്രമാണ്. ഒന്നാം ക്ലാസ് പ്രവേശനത്തിന് പ്രവേശന പരീക്ഷയും ഇൻറർവ്യൂവും വിദ്യാലയങ്ങളില്‍ അനുവദിക്കില്ല. അതിന്റെ പേരില്‍ ബാലപീഡനം നടത്താന്‍ ആരെയും അനുവദിക്കില്ല. എന്‍.ഒ.സിയില്ലാത്ത വിദ്യാലയങ്ങളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. അത്തരം 873 വിദ്യാലയങ്ങള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി തയാറാക്കിയ സുവനീര്‍ മന്ത്രി പ്രകാശനം ചെയ്തു. കെ.എസ്.ടി.എ സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷ് അധ്യക്ഷതവഹിച്ചു. ജനറല്‍ സെക്രട്ടറി ടി.കെ.എ. ഷാഫി, ട്രഷറർ എ.കെ. ബീന എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ ഭാഗമായി നടന്ന യാത്രയയപ്പ് സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് ഡി. സുധീഷ് അധ്യക്ഷതവഹിച്ചു. മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ. ബദറുന്നിസ, വിവിധ ഭാരവാഹിത്വം വഹിച്ച എൽ. മാഗി, കെ.വി. ബെന്നി, പി.എ. ഗോപാലകൃഷ്ണൻ, കെ. പ്രഭാകരൻ, ടി.ആർ. മഹേഷ് കുമാർ, സി.എ. നസീർ, കെ. ശശീന്ദ്രൻ, ബിനു ജേക്കബ് നൈനാൻ, കെ.എസ്. അനിൽകുമാർ, കെ. ഹരികുമാർ, അനിത സുശീൽ, പി. അജിത്കുമാർ, എം.ഇ. ചന്ദ്രാംഗദൻ എന്നിവർക്കാണ് യാത്രയയപ്പ് നൽകിയത്. ജനറൽ സെക്രട്ടറി ടി.കെ.എ. ഷാഫി സ്വാഗതവും സ്വാഗതസംഘം കൺവീനർ ആർ.എം. രാജൻ നന്ദിയും പറഞ്ഞു. യാത്രയയപ്പ് സമ്മേളനത്തോടെ മൂന്നുദിവസമായി നടന്ന സംസ്ഥാന സമ്മേളനം സമാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.