തിരുവനന്തപുരം: ആരെയും നിർബന്ധിച്ച് വി.ആർ.എസ് എടുപ്പിക്കില്ലെന്നും കെ.എസ്.ആർ.ടി.സിയെ സ്വകാര്യവത്കരിക്കില്ലെന്നും മന്ത്രി ആന്റണി രാജു. കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർക്കാറിന്റെ കീഴിലുള്ള സംവിധാനമാണ്. എല്ലാ മാസവും അഞ്ചിനകം ശമ്പളം നൽകണമെന്നാണ് ആഗ്രഹം. എന്നാൽ, സർക്കാറിൽനിന്ന് സഹായം ലഭിക്കാൻ പത്താം തീയതിയാകും. ഈ സാഹചര്യത്തിലാണ് ശമ്പളം അത്യാവശ്യമുള്ളവർക്ക് ഗഡുക്കളായി നൽകണമെന്ന് സർക്കുലർ ഇറക്കിയത്.
ഗഡുക്കളായി വേണ്ടെന്നുള്ളവർക്ക് രേഖാമൂലം നൽകിയാൽ അത്തരത്തിലും ശമ്പളം നൽകാം. എന്നാൽ, ട്രേഡ് യൂനിയൻ നേതാക്കളൊഴികെ ജീവനക്കാരാരും ഇത്തരത്തിൽ എഴുതി നൽകിയിട്ടില്ല. നവംബറിലെ ശമ്പളം ഡിസംബർ 12നും മറ്റ് മാസങ്ങളിലെ ശമ്പളം ജനുവരി 12, ഫെബ്രുവരി 14 തീയതികളിലും നൽകി.
സർക്കാറിൽനിന്ന് കിട്ടേണ്ട പണം കാത്തിരുന്നാൽ വൈകിയേനെ. കെ.എസ്.ആർ.ടി.സി മാനേജ്മെന്റിന്റെ ഉചിതമായ ഇടപെടൽ കൊണ്ടാണ് സാധ്യമായത്. ഗഡുക്കളായി ശമ്പളം നൽകുന്നതിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ്. ഏകപക്ഷീയമായ ഒരു തീരുമാനവും മാനേജ്മെന്റ് സ്വീകരിച്ചിട്ടില്ല. ട്രേഡ് യൂനിയനുകളുമായി എല്ലാ വിഷയത്തിലും നിരന്തരം ചർച്ച നടത്തിയിട്ടുണ്ട്. എൽ.ഡി.എഫ് നയത്തിന് വിരുദ്ധമായി ഒരു തീരുമാനവും കെ.എസ്.ആർ.ടി.സിയിൽ എടുക്കാൻ ആരെയും അനുവദിക്കില്ല. വി.ആർ.എസ് എന്നത് അബദ്ധജഡിലമായ ചോദ്യമാണ്. കാര്യമറിയുന്ന ആരും അത്തരമൊരു പരാമർശം നടത്തില്ലെന്ന് കെ. ബാബുവിന്‍റെ ചോദ്യത്തിന് മറുപടിയായി മന്ത്രി പറഞ്ഞു. ഇതിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. തുടർന്ന്, മന്ത്രി പ്രസ്താവന പിൻവലിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.