കെ.എസ്.ആർ.ടി.സി കണ്ടക്ടർ നിയമനം പി.എസ്.സി ലിസ്​റ്റിലുള്ളവർക്ക്​; എംപാനലുകാരെ സ്​ഥിരപ്പെടുത്താനാകില്ല

കൊച്ചി: കെ.എസ്.ആർ.ടി.സി കണ്ടക്ടർ തസ്തികയിലേക്കുള്ള നിയമനത്തിന് പി.എസ്.സി ശിപാർശ ലഭിച്ചവരുണ്ടായിരിക്കെ ഇൗ ഒഴിവുകളിൽ എംപാനൽ ജീവനക്കാരെ സ്​ഥിരപ്പെടുത്താനാകില്ലെന്ന്​ ഹൈകോടതി. നിയമനത്തിന്​ പി.എസ്​.സി ശിപാർശ ലഭിച്ചവർക്കാണ്​ മുൻഗണന​. ഇത്​ മറികടക്കാൻ ചട്ടപ്രകാരം കഴിയില്ല. പിരിച്ചുവിട്ടത് വ്യവസായ തർക്ക നിയമത്തിലെ വ്യവസ്ഥകൾക്കനുസരിച്ചല്ലെന്ന വാദം എംപാനലുകാർക്കുണ്ടെങ്കിൽ ലേബർ കോടതികളടക്കം ഉചിതമായ ഫോറത്തെ സമീപിക്കാം. റിസർവ് കണ്ടക്ടർമാരുടെ ഒഴിവിലേക്ക് പി.എസ്.സി ശിപാർശ ചെയ്തവരെ നിയമിക്കണമെന്ന ഹരജി സിംഗിൾ ബെഞ്ച്​ തള്ളിയതിനെതിരായ അപ്പീലാണ്​ ജസ്​റ്റിസ്​ വി. ചിദംബരേഷ്​, ജസ്​റ്റിസ്​ എം. നാരായണ പിഷാരടി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച്​ പരിഗണിച്ചത്​.

കെ.എസ്.ആർ.ടി.സിയിലെ ഒഴിവുകൾ സമയബന്ധിതമായി നികത്തിയശേഷം വീണ്ടുമുള്ള ഒഴിവുകളിൽ പി.എസ്.സി മുഖേനയോ എംപ്ലോയ്മ​​​​െൻറ്​ എക്സ്ചേഞ്ച് മുഖേനയോ നിയമനം നടത്താനും നിർദേശിച്ചു. നിശ്ചിതകാലത്തേക്ക് നിയമനം നടത്തുമ്പോൾ കേരള സർവിസ് ചട്ടത്തിലെ വ്യവസ്ഥകൾ പാലിക്കണം. പി.എസ്.സി വഴിയുള്ള നിയമനം പൂർത്തിയാകുന്നതുവരെയാണ് ഇത്തരം നിയമനങ്ങൾ നടത്തുകയെന്നും കോടതി വ്യക്​തമാക്കി.

കെ.എസ്.ആർ.ടി.സി അധികൃതർ എംപാനലുകാർക്ക് വ്യാജപ്രതീക്ഷ നൽകി താൽക്കാലികമായി നിയമിക്കുകയായിരുന്നുവെന്ന്​ കോടതി ചൂണ്ടിക്കാട്ടി. ഇത്​ പി.എസ്.സി പട്ടികയിൽനിന്ന് ശിപാർശ ചെയ്യപ്പെട്ടവരുടെ അവകാശങ്ങളെ ദോഷകരമായി ബാധിച്ചു. എംപാനലുകാരെ പിരിച്ചുവിട്ട് പി.എസ്.സി ശിപാർശ ചെയ്തവരെ നിയമിക്കാൻ ഇടക്കാല ഉത്തരവുനൽകിയിരുന്നു. ഇങ്ങനെ ഉത്തരവ് നൽകിയിരുന്നില്ലെങ്കിൽ പി.എസ്.സിക്കാരെ നിയമിക്കുമായിരുന്നില്ല. കണ്ടക്ടർമാരുടെ ഒഴിവിലേക്ക് പി.എസ്.സി ശിപാർശ ചെയ്തവരുണ്ടെങ്കിൽ ഇവർക്ക് നിയമനം നൽകാൻ താൽക്കാലിക, എംപാനൽ ജീവനക്കാരെ ഒഴിവാക്കണമെന്ന ഡിവിഷൻ ബെഞ്ചി​​​​​െൻറ വിധി നിലവിലുണ്ട്​. ഇതിൽ മാറ്റംവരുത്താൻ കെ.എസ്.ആർ.ടി.സിക്ക് കഴിയില്ല.

മിനിമം വേതനം നൽകിയിരുന്നില്ലെന്നും തങ്ങളെ നിർബന്ധിച്ച്​ ജോലി ചെയ്യിച്ചെന്നുമുള്ള എംപാനലുകാരുടെ വാദം തള്ളിയ കോടതി, ഇത്തരത്തിൽ തുച്ഛവേതനത്തിന്​ പണിയെടുക്കാൻ ആരും എംപാനലുകാരെ നിർബന്ധിച്ചിട്ടില്ലെന്ന്​ വ്യക്​തമാക്കി. വേണമെങ്കിൽ ഇവർക്ക് ലേബർ കോടതി പോലുള്ള ഫോറത്തെ സമീപിക്കാം. കെ.എസ്.ആർ.ടി.സിയും യൂനിയൻകാരുമായുണ്ടാക്കിയ കരാറിൽ ഇവരെ സ്ഥിരപ്പെടുത്താൻ സർക്കാറിനെ സമീപിക്കുമെന്ന് പറയുന്നുണ്ട്. അർഹരായവർക്ക് പൊതുനിയമനം നൽകണമെന്ന ചട്ടത്തിന് വിരുദ്ധമായതിനാൽ ഇത്​ നടപ്പാക്കാനാവില്ല. എംപാനലുകാരുടെ നിയമനം 180 ദിവസത്തേക്കാണ്. കാലാവധി കഴിഞ്ഞവരെ വീണ്ടും നിയമിക്കാനാവില്ലെന്ന് ചട്ടമുണ്ട്. ഇങ്ങനെ താൽക്കാലിക സേവനം അനുഷ്ഠിക്കുന്നവർക്ക് ഭാവിയിൽ സ്ഥിരനിയമനം അവകാശപ്പെടാൻ കഴിയില്ലെന്ന്​ ചട്ടത്തിൽ പറയുന്നുണ്ടെന്നും കോടതി വ്യക്​തമാക്കി.

Tags:    
News Summary - KSRTC Vacancy PSC Highcourt-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.