കെ.എസ്​.ആർ.ടി.സി പണിമുടക്ക്​ പിൻവലിച്ചു

തിരുവനന്തപുരം: ശമ്പളം വൈകുന്നതിലും ഡി.എ കുടിശ്ശിക നിഷേധിക്കുന്നതിലും പ്രതിഷേധിച്ച് ചൊവ്വാഴ്ച അര്‍ധരാത്രി മുതല്‍ ഒരുവിഭാഗം കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ചിരുന്ന 24 മണിക്കൂര്‍ പണിമുടക്ക് പിന്‍വലിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്കിന് നോട്ടീസ് നല്‍കിയിരുന്ന കെ.എസ്.ടി.ഇ.യു (എ.ഐ.ടി.യു.സി), ടി.ഡി.എഫ് (ഐ.എന്‍.ടി.യു.സി), ട്രാന്‍സ്പോര്‍ട്ട് എംപ്ളോയീസ് സംഘ് (ബി.എം.എസ്) സംഘടനകളാണ് സമരം മാറ്റിവെച്ചത്.

ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ ലഭിക്കുന്ന മുറക്ക് ശമ്പളം ഒറ്റത്തവണയായോ ഗഡുക്കളായോ വിതരണം ചെയ്യുമെന്ന് മന്ത്രി ഉറപ്പുനല്‍കി. നവംബറിലെ ആറു ശതമാനം ക്ഷാമബത്ത കുടിശ്ശികയും ഡിസംബറിലെ ശമ്പളത്തോടൊപ്പം നല്‍കുമെന്നും മന്ത്രി പറഞ്ഞു. തുടര്‍ന്ന്, ട്രാന്‍സ്പോര്‍ട്ട് ഭവന് മുന്നില്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാരവും കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു)യും അവസാനിപ്പിച്ചു.

ഡിസംബറില്‍ എല്‍.ഡി.എഫ് നടത്തിയ സഹകരണ ഹര്‍ത്താലില്‍ പങ്കെടുത്ത കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അന്നേ ദിവസത്തെ ശമ്പളം നല്‍കില്ളെന്ന ഉത്തരവ് പുനഃപരിശോധിക്കുമെന്നും മന്ത്രി ചര്‍ച്ചയില്‍ വ്യക്തമാക്കി. കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷനില്‍ (കെ.ടി.ഡി.എഫ്.സി)നിന്ന് 100 കോടി രൂപയുടെ വായ്പ ബുധനാഴ്ചതന്നെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

72 കോടി ശമ്പളത്തിനും 6.3 കോടി ഡി.എ കുടിശ്ശിക ഇനത്തിലും 58 കോടി പെന്‍ഷനുമടക്കം 136 കോടിയാണ് ഈ മാസം വേണ്ടത്. ശേഷിക്കുന്ന 36 കോടിക്കായി മറ്റ് ബാങ്കുകളില്‍നിന്ന് കടം ലഭ്യമാക്കുന്നതിന് ശ്രമം തുടരും. കെ.എസ്.ആര്‍.ടി.സിയുടെ നിലവിലെ സ്ഥിതിയെയും പ്രതിസന്ധിയെയും കുറിച്ച് ജീവനക്കാര്‍ക്കും ട്രേഡ് യൂനിയനുകള്‍ക്കും കൃത്യമായ ധാരണയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

ഒരുകാരണവശാലും ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും നിഷേധിക്കില്ല. ശമ്പളവും പെന്‍ഷനും കൃത്യസമയത്ത് വിതരണം ചെയ്യാന്‍ കഴിയുന്നില്ളെന്നത് യാഥാര്‍ഥ്യമാണ്. വായ്പയെടുത്ത് അധികകാലം മുന്നോട്ട് പോകാനാവില്ളെന്നും മന്ത്രി പറഞ്ഞു.

Tags:    
News Summary - ksrtc strike called off

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.