Photo: facebook.com/yp.sakeer

കെ.എസ്.ആര്‍.ടി.സി ശമ്പളമുടക്കം: ഭരണ -പ്രതിപക്ഷ സംഘടനകൾ ഉപരോധ സമരത്തിൽ

തിരുവനന്തപുരം: ശമ്പളമുടക്കത്തില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സിയില്‍ വീണ്ടും സി.ഐ.ടി.യു-എ.ഐ.ടി.യു.സി സംയുക്ത ഉപരോധം. വ്യാഴാഴ്ച രാവിലെ മുതല്‍ ആസ്ഥാന മന്ദിരം ഉപരോധിച്ചു. ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരെ ഓഫിസിലേക്ക് കടത്തിയില്ല. വെള്ളിയാഴ്ചയും പ്രതിഷേധം തുടരും. ഒന്നാംഗഡു ശമ്പളം മുടങ്ങിയ സ്ഥിതിക്ക് പണിമുടക്കിനെക്കുറിച്ച് കൂടിയാലോചന തുടങ്ങി.

30 കോടി രൂപ സര്‍ക്കാര്‍ സഹായം പ്രഖ്യാപിച്ചിട്ടും തുക ഇതുവരെ കൈമാറിയിട്ടില്ല. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കുന്നത്. മാസവരുമാനത്തില്‍ ഡീസല്‍ ഉള്‍പ്പെടെ ചെലവുകള്‍ കഴിഞ്ഞാല്‍ ശമ്പളം നല്‍കാനുള്ള തുകയില്ലെന്നാണ് മാനേജ്‌മെന്റ് വാദം. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തയാറാക്കിയ രക്ഷാപാക്കേജ് പ്രകാരം മാസം 50 കോടിയുടെ ധനസഹായം കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കണം. മൂന്നുമാസമായി 30 കോടി വീതമാണ് ധനവകുപ്പ് നല്‍കുന്നത്.

ജൂണിലെ ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ തിങ്കളാഴ്ചയും ഇരു സംഘടനകളും ചീഫ് ഓഫിസ് ഉപരോധിച്ചിരുന്നു. അടുത്തദിവസം ആദ്യഗഡു നല്‍കാമെന്ന ഉറപ്പിലാണ് സമരം പിന്‍വലിച്ചത്. എന്നാല്‍, സര്‍ക്കാര്‍ സഹായം വൈകിയതിനെ തുടര്‍ന്ന് വാക്ക് പാലിക്കാന്‍ അധികൃതര്‍ക്ക് കഴിഞ്ഞില്ല. ഇതിനിടെ ശമ്പളമുടക്കത്തില്‍ ധനവകുപ്പിനെ പഴിചാരി മന്ത്രി ആൻറണി രാജുവും രംഗത്തെത്തി. ധനസഹായം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Tags:    
News Summary - KSRTC Salary: Ruling, opposition organizations on strike

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.