തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പള കാര്യത്തിൽ അനിശ്ചിതത്വം ഒഴിയുന്നില്ല. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാറിനില്ലെന്നാവര്‍ത്തിച്ച് ഗതാഗത മന്ത്രി ആന്‍റണി രാജു ശനിയാഴ്ചയും രംഗത്തെത്തി. സര്‍ക്കാറി‍െൻറ കൂട്ടായ തീരുമാനമാണിതെന്നും ഗതാഗത മന്ത്രി പറഞ്ഞതിനപ്പുറം തനിക്കൊന്നും പറയാനില്ലെന്നുകൂടി ധനമന്ത്രി വ്യക്തമാക്കിയതോടെയാണ് അനിശ്ചിതാവസ്ഥ കനപ്പെടുന്നത്.

കഴിഞ്ഞ ദിവസം യൂനിയനുകളുമായി മാനേജ്മെന്‍റ് നടത്തിയ ചർച്ചയിൽ ശമ്പളം അഞ്ചാം തീയതിക്കുള്ളിൽ നൽകണമെന്ന കാര്യം പ്രതിനിധികൾ ശക്തമായ ഉന്നയിച്ചിരുന്നു. എന്നാൽ ഇക്കാര്യം ഗതാഗത മന്ത്രിയുമായി ആലോചിച്ച് മറുപടി പറയാമെന്നാണ് മാനേജ്മെന്‍റ് വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് 25ന് ചർച്ച നിശ്ചയിച്ചിരിക്കുകയുമാണ്. ഇതിനിടെയാണ് ഗതാഗത-ധന മന്ത്രിമാരുടെ ഒരു മുഴം മുമ്പേയുള്ള പ്രതികരണം. സർക്കാർ ധനസഹായമില്ലാതെ കെ.എസ്.ആർ.ടി.സിയിൽ വൈകിപ്പോലും ശമ്പളം നൽകാനാവില്ല. മാർച്ചിലെ ശമ്പളത്തിന് 30 കോടി ധനവകുപ്പ് അനുവദിച്ചിട്ടും വായ്പ കൂടി എടുത്ത് ഏപ്രിൽ 18നാണ് ശമ്പളം വിതരണം ചെയ്യാനായത്.

അടുത്ത മാസത്തെ ശമ്പള കാര്യത്തിൽ സർക്കാർ കൈമലർത്തുന്ന നില സ്വീകരിച്ചതോടെ മാനേജ്മെന്‍റും വെട്ടിലായി. മറുഭാഗത്ത് മേയ് അഞ്ചിനുള്ളിൽ ശമ്പളം നൽകിയില്ലെങ്കിൽ ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ പണിമുടക്കാനാണ് യൂനിയനുകളുടെ തീരുമാനം. ഇതിനിടെ ശമ്പളവിതരണം മാനേജ്മെന്‍റി‍െൻറ ഉത്തരവാദിത്തമാണെന്നാണ് ഗതാഗത മന്ത്രി ആവർത്തിക്കുന്നത്. ശമ്പളം കൊടുക്കേണ്ടത് മാനേജ്മെന്‍റാണെന്നും എല്ലാ ചെലവും വഹിക്കാൻ സ‍ക്കാറിനാകില്ലെന്നും ആന്‍റണി രാജു പറഞ്ഞു. കെ.എസ്.ആർ.ടി.സിക്കുള്ള സർക്കാറി‍െൻറ സഹായം തുടരും. മുഴുവൻ ചെവലും ഏറ്റെടുക്കാനാകില്ല.

എല്ലാ പൊതുമേഖല സ്ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചെലവ് നടത്തണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. മേയ് അഞ്ചിന് ശമ്പളം നൽകിയില്ലെങ്കിൽ ആറ് മുതൽ പണിമുടക്കുമെന്നറിയിച്ച് ടി.ഡി.എഫ് നേരത്തെ തന്നെ നോട്ടീസ് നൽകിയിരുന്നു. ബി.എം.എസ് 28ന് പണിമുടക്ക് നോട്ടീസ് നൽകിയിരുന്നെങ്കിലും മാർച്ചിലെ ശമ്പളം നൽകിയ സാഹചര്യത്തിൽ നോട്ടീസ് പിൻവലിച്ച് മേയ് ആറിലേക്ക് മാറ്റി നൽകി. തീയതി പ്രഖ്യാപിച്ചിട്ടെങ്കിലും ശമ്പള വിതരണം നടന്നില്ലെങ്കിൽ പണിമുടക്കിലേക്ക് നീങ്ങാനാണ് സി.ഐ.ടി.യുവി‍െൻറയും തീരുമാനം.

Tags:    
News Summary - KSRTC Salary: Abandoned Government; Endless uncertainty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.