കണ്ണൂര്‍: സാധാരണക്കാരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചില്ലെന്നും പിണറായി സര്‍ക്കാറിന്‍റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും കോണ്‍ഗ്രസ് എം.പി കെ. സുധാകരന്‍. കള്ളപ്പണവും കൊള്ളപ്പണവും കൊണ്ട് സാമ്പാദിക്കാനുള്ള മാര്‍ഗം കണ്ടെത്തലാണ് അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന് കരുതിയ സി.പി.എമ്മിനുണ്ടായ കനത്ത പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സുധാകരൻ പറഞ്ഞു.
“ഒമ്പതു വര്‍ഷമായി പിണറായി വിജയന്‍ കേരളം ഭരിക്കുന്നു. ചുമ്മാ വര്‍ത്തമാനം പറയുക എന്നതിനല്ലാതെ, സംസ്ഥാനത്തെ സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരിടത്തും ഒരുവിഷയത്തിലും അദ്ദേഹത്തിന് സാധിച്ചിട്ടില്ല. കള്ളപ്പണവും കൊള്ളപ്പണവും കൊണ്ട് സാമ്പാദിക്കാനുള്ള മാര്‍ഗം കണ്ടെത്തലാണ് അദ്ദേഹത്തിന്‍റെ ഇതുവരെയുള്ള രാഷ്ട്രീയ പ്രവര്‍ത്തനം. മുഖ്യമന്ത്രി എന്ന നിലയ്ക്കുള്ള പ്രവര്‍ത്തനം അതായിരുന്നു.
ബി.ജെ.പിയുമായി ചേര്‍ന്ന് കോണ്‍ഗ്രസിനെ ഇല്ലാതാക്കാമെന്ന് കരുതിയ സി.പി.എമ്മിനുണ്ടായ കനത്ത പ്രഹരമാണിത്. പിണറായി സര്‍ക്കാറിന്‍റെ നാളുകള്‍ എണ്ണപ്പെട്ടു എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാഷ്ട്രീയപ്രവര്‍ത്തനവും ജനങ്ങളോടുള്ള കടപ്പാടും ബാധ്യതയും നിറവേറ്റുക എന്നത് കാലാകാലങ്ങളായി യു.ഡി.എഫ് ചെയ്തു വരുന്നതാണ്. അതേ ഇപ്പോഴും ചെയ്തിട്ടുള്ളൂ. ജനം യു.ഡി.എഫിനൊപ്പം നിന്നു. അതിനുള്ള കാരണം പിണറായി വിജയനും ഇടതുപക്ഷവും പുനരാലോചിക്കണം” -സുധാകരന്‍ പറഞ്ഞു.
പറ്റിക്കുന്ന സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് ജനത്തിന് മനസിലായതിന്റെ ഫലമാണ് തെരഞ്ഞെടുപ്പ് ഫലമെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പ്രതികരിച്ചു. ജനങ്ങളെ പറ്റിക്കാന്‍ നോക്കിയപ്പോള്‍ ജനം വൃത്തിയായി പിണറായിയെ പറ്റിച്ചുവെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു. രണ്ടു മല്ലന്മാർക്കിടയിൽ തിരുവനന്തപുരത്ത് യു.ഡി.എഫിന് നന്നായി പിടിച്ചുനിൽക്കാൻ കഴിഞ്ഞു. കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വിജയം നേടി. തിരുവനന്തപുരത്ത് ബി.ജെ.പിയുടെ വിജയം താൽക്കാലികമാണെന്നും മുരളീധരന്‍ പറഞ്ഞു.
അതേസമയം, തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് നേരിട്ട കനത്ത തോൽവിക്ക് വോട്ടർമാരെ അധിക്ഷേപിച്ച് എം.എം. മണി എം.എൽ.എ രംഗത്തെത്തി. പെൻഷൻ വാങ്ങി ശാപ്പാട് കഴിച്ചവർ നന്ദികേട് കാണിച്ചതായി മണി മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ക്ഷേമ പെൻഷൻ വാങ്ങി ഭംഗിയായി ശാപ്പാട് കഴിച്ചിട്ട് നൈമിഷിക വികാരത്തെ തുടർന്ന് എതിരായി വോട്ടുചെയ്തു. നന്ദികേട് കാണിച്ചു. ക്ഷേമപ്രവർത്തനം, റോഡ്, പാലം, വികസന പ്രവർത്തനങ്ങൾ എല്ലാം നടത്തി. ഇതുപോലെ ജനക്ഷേമ പരിപാടി കേരളത്തിന്‍റെ ചരിത്രത്തിൽ നടത്തിയിട്ടുണ്ടോ? ഇല്ലല്ലോ?
ഇതെല്ലാം വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ചവർ നല്ല ഭംഗിയായി നമ്മക്കിട്ട് വെച്ചു എന്നാണ് എനിക്ക് തോന്നുന്നത്. നല്ല ഒന്നാന്തരം പെൻഷൻ വാങ്ങി, ഇഷ്ടം പോലെ തിന്നിട്ട് നേരെ എതിരെ വോട്ടുചെയ്താൽ അതിന്റെ പേര് ഒരുമാതിരി പെറപ്പുകേട് എന്ന് പറയും. നിങ്ങൾ എനിക്ക് ശാപ്പാടും ചായയും മേടിച്ചു തന്നാൽ, അതിനൊരു മര്യാദ കാണിക്കണ്ടേ?’ -എം.എം. മണി ചോദിച്ചു. നേരത്തെയും നിയമസഭക്ക് അകത്തും പുറത്തും പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളെയും ജനപ്രതിനിധികളെയും അധിക്ഷേപിക്കുന്ന പരാമർശങ്ങൾ മണി നടത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.