കെ.എസ്.ആർ.ടി.സി- സിറ്റി സർക്കുലറിനും, ​ഗ്രാമവണ്ടിക്കുമുള്ള കേന്ദ്ര പുരസ്കാരം ഏറ്റുവാങ്ങി

തിരുവന്തപുരം: കേന്ദ്ര ഗവണ്മെന്റിന്റെ ഭവന-നഗര കാര്യ വകുപ്പിന്റെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനങ്ങൾക്കുള്ള പുരസ്കാരം കെ.എസ്.ആർ.ടി.സി ഏറ്റുവാങ്ങി. കൊച്ചിയിൽ നടന്ന അർബൻ മൊബിലിറ്റി ഇന്ത്യയുടെ കോൺഫെറെൻസിൽ വച്ച് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനിൽ നിന്നും ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന്റെയും ചെയർമാൻ മാനേജിംഗ് ഡയറക്ടർ ബിജു പ്രഭാകറിന്റെയും സാന്നിധ്യത്തിൽ കെ.എസ്.ആർ.ടി.സിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ) ജി.പി പ്രദീപ് കുമാറും, എ.താജുദ്ദീൻ സാഹിബ് (സ്പെഷ്യൽ ഓഫീസർ ഗ്രാമവണ്ടി), ജേക്കബ് സാം ലോപ്പസ് ( സി.ടി.എം സിറ്റി സർവ്വീസ്) ടോണി അലക്സ് ( എ.ടി.ഒ, ചീഫ് ഓഫീസ്) ചേർന്ന് ഏറ്റുവാങ്ങി. കേന്ദ്ര ഭവനവും നഗരകാര്യ വകുപ്പ് മന്ത്രി കൗശൽ കിഷോറും സന്നിഹിതനായിരുന്നു.

മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരം എന്ന വിഭാഗത്തിൽ സിറ്റി സർക്കുലർ സർവീസിന് നഗരഗതാഗത പുരസ്കാരവും, മികച്ച പൊതുജന പങ്കാളിത്തത്തോടെയുള്ള ഗതാഗത ആസൂത്രണ വിഭാഗത്തിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരംഭിച്ച ഗ്രാമവണ്ടി പദ്ധതിക്ക് ഏറ്റവും മികച്ച നഗരഗതാഗത പുരസ്കാരവും ലഭിച്ചു. ഇന്ത്യയിലെ എല്ലാ നഗര പ്രദേശങ്ങളിലേയും പൊതു ഗതാഗതം ശക്തിപ്പെടുത്തുന്നതിന് ആവിഷ്കരിച്ച പദ്ധതികൾ ആണ് അവാർഡിന് പരിഗണിച്ചിരുന്നത്.

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ഗ്രാമവണ്ടി എന്ന പേരിൽ ആരംഭിച്ച നൂതന സംരംഭത്തിനും മാതൃകാപരമായതും പൊതു ജനപങ്കാളിത്തമുള്ളതുമായ പദ്ധതി എന്ന നിലയിലുള്ള പുരസ്കാരമാണ് ലഭിച്ചത്.

തിരുവന്തപുരം നഗരത്തിലെ സിറ്റി സർവീസുകൾ സമഗ്രമായി പരിഷ്‌കരിക്കുകയും 66 ബസുകൾ ഉപയോഗിച്ച് രാവിലെ ഏഴു മുതൽ വൈകീട്ട് ഏഴു വരെ സിറ്റി സർക്കുലർ സർവീസ് നടത്തുകയും, പ്രതിദിനം ഏകദേശം 4000 യാത്രക്കാരിൽ നിന്ന് 34000 യാത്രക്കാർ എന്ന നിലയിലേക്ക് വളരുകയും ചെയ്തതും, ഇതിന് അനുബന്ധം ആയി 150 ഓളം സിറ്റി ഷട്ടിൽ, സിറ്റി റേഡിയേൽ എന്നീ സർവീസുകളും തിരുവന്തപുരം നഗരത്തിൽ ഓപ്പറേറ്റ് ചെയ്തത് വഴി നഗര ഗതാഗത്തിന്റെ പുതിയ മുഖം നൽകിയതിനുമാണ് ഏറ്റവും നല്ല ഗതാഗത സംവിധാനം എന്ന വിഭാഗത്തിലുള്ള അവാർഡ് ലഭിച്ചത്.

Tags:    
News Summary - KSRTC- Received Central Award for City Circular and Gram Vandi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.