മട്ടന്നൂർ: ഉളിയിൽ കൂരൻമുക്കിൽ സ്വകാര്യ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് പിതാവിനും മകനും മരിച്ചതിനെ തുടർന്ന് നാട്ടുകാർ ബസ്സുകൾ തടഞ്ഞുവെച്ചു. കോളാരിയിലെ ഇല്ലത്ത് വളപ്പിൽ വീട്ടിൽ പി. വിനോദ് (48), മകൻ ഇ.വി. വൈഷ്ണവ് (25) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 10.15 ഓടെ കൂരൻമുക്ക് സ്റ്റോപ്പിലായിരുന്നു അപകടം. ഇരിട്ടി ഭാഗത്തു നിന്നു കണ്ണൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് എതിരെ വന്ന വിനോദും മകനും സഞ്ചരിച്ച സ്കൂട്ടറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കൂരൻമുക്കിൽ വെച്ച് മുന്നിൽ പോവുകയായിരുന്ന മറ്റൊരു ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ ബസ് പെട്ടെന്ന് വെട്ടിച്ചപ്പോഴാണ് എതിർദിശയിൽ നിന്നു വരികയായിരുന്ന വിനോദിന്റെ വാഹനത്തിൽ ഇടിച്ചതെന്ന് പറയുന്നു.
ഇതിനൊപ്പം മറ്റൊരു ഇരുചക്ര വാഹനത്തിലും ബസ് ഇടിച്ചു. ഇതിൽ പരിക്കേറ്റ ഫിറോസിനെ ഇരിട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ബസിന്റെ ചക്രങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന വിനോദിനെയും വൈഷ്ണവിനെയും നാട്ടുകാരും മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാ സേനാംഗങ്ങളും പൊലീസും ചേർന്നു ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുത്തത്. ബസ് ഉയർത്തുന്നതിനായി ക്രെയിൻ എത്തിക്കേണ്ടി വന്നു. ഉടൻ തന്നെ ഇരുവരെയും മട്ടന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അപകടത്തെ തുടർന്നു പ്രകോപിതരായ നാട്ടുകാർ സ്ഥലത്ത് മറ്റു ബസുകൾ തടയുകയും പ്രതിഷേധിക്കുകയും ചെയ്തു. മട്ടന്നൂർ, ഇരിട്ടി എന്നിവിടങ്ങളിൽ നിന്നുള്ള പൊലീസും സ്ഥലത്തെത്തിയാണ് സ്ഥിതിഗതികൾ ശാന്തമാക്കിയത്. മട്ടന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം പോസ്റ്റ്മോർട്ടം നടത്തി വൈകീട്ട് ആറരയോടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു പൊതുദർശനത്തിന് വെച്ചു. തുടർന്നു പൊറോറ വാതക ശ്മശാനത്തിൽ സംസ്കരിച്ചു. ബിന്ദുവാണ് മരിച്ച വിനോദിന്റെ ഭാര്യ. മകൾ: സാനിഹ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.