തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ശമ്പളമുടക്കത്തിൽ ധനവകുപ്പിലെ ഉദ്യോഗസ്ഥരെ പരോക്ഷമായി വിമർശിച്ച് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജുപ്രഭാകർ. സാങ്കേതിക പ്രശ്നംമൂലമാണ് പണമെത്താത്തതെങ്കിലും ചില ഉദ്യോഗസ്ഥർ വിചാരിച്ചെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നെന്ന് സി.എം.ഡി വിമർശിച്ചു. ‘ചില ഉദ്യോഗസ്ഥർ ഇതിനെല്ലാം കൊടുക്കുന്ന പ്രാധാന്യം ഇത്രത്തോളമേയുള്ളൂ.
പ്രളയം പോലുള്ള അടിയന്തര ഘട്ടങ്ങളായിരുന്നെങ്കിൽ ഹെഡ് ഓഫ് അക്കൗണ്ട് തെറ്റിപ്പോയി, എ.ജിയുടെ ഓഡിറ്റ് വരും എന്നൊക്കെ പറഞ്ഞ് മാറ്റിമറിക്കുമായിരുന്നോ? ഇതൊന്നും മന്ത്രിമാരുടെ തലത്തിലോട്ട് എത്തുന്നതല്ലെ’ന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ജൂണിലെ ശമ്പളത്തിന്‍റെ ആദ്യഗഡു വിതരണം ചെയ്യാനായി 30 കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ചൊവ്വാഴ്ച പണം കെ.എസ്.ആർ.ടി.സി അക്കൗണ്ടിലെത്തുമെന്ന പ്രതീക്ഷയിൽ ക്രമീകരണങ്ങളെല്ലാം ഒരുക്കിയിരുന്നു. വ്യാഴാഴ്ച കഴിഞ്ഞിട്ടും പണമെത്താഞ്ഞതോടെയാണ് സി.എം.ഡിയുടെ വിമർശനം. ഒപ്പം ഒന്നാം ഗുഡുവിലെയും ഓണക്കാലത്തെ ശമ്പളവിതരണത്തിലെയും ആശങ്കയും അദ്ദേഹം മറച്ചുവെച്ചില്ല. ‘പൈസ ഒളിച്ചുവെച്ചിട്ട് മനഃപൂർവം കൊടുക്കാത്തതല്ല. 30 കോടിയാണ് സർക്കാർ സഹായം. പകുതി ശമ്പളം കൊടുക്കാൻതന്നെ 39 കോടി വേണം. ബാക്കി പൈസ എന്ത് ചെയ്യണമെന്നതിനെക്കുറിച്ച് തനിക്കറിയില്ല. ഓണം വരുന്നു, അതും തനിക്കറിയില്ല.
സർക്കാർ സഹായത്തിന് വരുമെന്ന് തന്നെയാണ് പ്രതീക്ഷ. ശമ്പളം കൃത്യമായി നല്‍കണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാര്‍ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ നേരിട്ട് ഹാജരായി സ്ഥാപനത്തിന്റെ സാമ്പത്തികനില വിശദീകരിക്കും’- അദ്ദേഹം കൂട്ടിച്ചേർത്തു. മാസവരുമാനത്തില്‍ ഡീസല്‍ ഉള്‍പ്പെടെ ചെലവുകള്‍ കഴിഞ്ഞാല്‍ ശമ്പളം നല്‍കാനുള്ള തുകയില്ലെന്നാണ് മാനേജ്‌മെന്റ് വിശദീകരിക്കുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തയാറാക്കിയ രക്ഷാപാക്കേജ് പ്രകാരം മാസം 50 കോടി രൂപയുടെ ധനസഹായം കെ.എസ്.ആര്‍.ടി.സിക്ക് ലഭിക്കേണ്ടതുണ്ട്. കഴിഞ്ഞ മൂന്നുമാസമായി 30 കോടി രൂപവീതമാണ് ധനവകുപ്പ് നല്‍കുന്നത്. ശമ്പളം മുടങ്ങിയതോടെ കെ.എസ്.ആര്‍.ടി.സിയില്‍നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ വന്‍ പ്രതിസന്ധിയിലാണ്. പലരുടെയും വായ്പാ തിരിച്ചടവ് മുടങ്ങി. കുട്ടികളുടെ വിദ്യാഭ്യാസവും മരുന്ന് വാങ്ങലുമൊക്കെ മുടങ്ങിയിട്ടുണ്ട്. ഓണത്തിന് മുന്നോടിയായി ശമ്പളവിതരണം താളംതെറ്റിക്കുന്നത് ഉത്സവബത്ത ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിനുള്ള നീക്കമാണെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. പെൻഷൻ മുടങ്ങിയിട്ടും രണ്ടുമാസമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.