കോഴിക്കോട്: ജനങ്ങളിൽ ഏറെ സ്വീകാര്യത നേടിയ കൊറിയർ, പാഴ്സൽ സർവിസ് ചാർജ് വർധിപ്പിച്ച് കെ.എസ്.ആർ.ടി.സി. പാഴ്സലിന്റെ ഭാരത്തിന്റെ അനുപാതംകൂടി പുനർനിർണയിച്ചാണ് ചാർജ് പരിഷ്കരണം. തിങ്കളാഴ്ച മുതൽ പുതുക്കിയ ചാർജ് ഈടാക്കുമെന്ന് കെ.എസ്.ആർ.ടി.സി ഉത്തരവിൽ പറയുന്നു.
ഒന്നു മുതൽ അഞ്ചു വരെ കിലോ (200 കിലോമീറ്ററിന്) 110 രൂപ. 5-15 കിലോ 132 രൂപ, 15-30 കിലോ 158 രൂപ, 30-45 കിലോ 258 രൂപ, 45-60 കിലോ 309 രൂപ, 60 -75 കിലോ 390 രൂപ, 75 -90 കിലോ 468 രൂപ, 90-105 കിലോ 516 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാർജ്. കിലോമീറ്റർ ദൂരം കൂടുന്നതിന് അനുസരിച്ച് ചാർജ് ആനുപാതികമായി വർധിക്കും.
നേരത്തേ 30 കിലോ വ്യത്യാസത്തിലായിരുന്നു സ്കെയിൽ നിശ്ചയിച്ചിരുന്നത്. ഒന്നു മുതൽ 30 വരെ കിലോ അയക്കുന്നതിന് 110 രൂപയായിരുന്നു ഇടാക്കിയിരുന്നത്. ഇപ്പോഴത് 1-5, 5 -15, 15 -30 എന്നിങ്ങനെ മൂന്ന് സ്കെയിലാക്കി തിരിച്ചു.
90 കിലോക്ക് മുകളിലുള്ള സാധനം 200 കിലോമീറ്റർ ദൂരപരിധിയിൽ അയക്കാൻ നേരത്തേ 430 രൂപ മതിയായിരുന്നെങ്കിൽ പുതുക്കിനിശ്ചയിച്ച താരിഫ് പ്രകാരം 516 രൂപ വേണം. താരതമ്യേന കുറഞ്ഞ ചാർജ് മാത്രം ഈടാക്കുന്ന കൊറിയർ സർവിസ് വലിയ സ്വീകാര്യത നേടുകയും അതുവഴി കെ.എസ്.ആർ.ടി.സിക്ക് മികച്ച വരുമാനം നേടിത്തരുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.