കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​​ ഇത്തവണ ശമ്പളമില്ലാത്ത ഓണമാകുമോയെന്ന്​ ഹൈകോടതി

കൊച്ചി: കെ.എസ്.ആർ.ടി.സിയിലെ ശമ്പള വിതരണവുമായി ബന്ധപ്പെട്ട ഉത്തരവ്​ നടപ്പാക്കാത്തതിൽ ഹൈകോടതിക്ക്​ അതൃപ്തി. കോടതി ഉത്തരവ്​ ഗൗരവത്തിലെടുത്തിരുന്നെങ്കിൽ ജൂലൈയിലെ ശമ്പളം ആഗസ്റ്റ്​ പത്തിനകം നൽകണമെന്ന നിർദേശം പാലിക്കാനാകുമായിരുന്നു. കെ.എസ്​.ആർ.ടി.സി ജീവനക്കാർക്ക്​​ ഇത്തവണ ശമ്പളമില്ലാത്ത ഓണമാകുമോയെന്ന്​ ആശങ്കയുണ്ട്​. പണമില്ലെങ്കിൽ ആസ്തി വിറ്റിട്ടാണെങ്കിലും ശമ്പളം നൽകുകയാണ്​ വേണ്ടത്​. ഇത്രയധികം ആസ്തിയുള്ള വേറെ പൊതുമേഖല സ്ഥാപനമില്ലെന്നാണ്​ കരുതുന്നതെന്നും ജസ്റ്റിസ്​​ ദേവൻ രാമചന്ദ്രൻ പറഞ്ഞു. തുടർച്ചയായി ശമ്പളം മുടങ്ങുന്നത്​ ചൂണ്ടിക്കാട്ടി ജീവനക്കാർ നൽകിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

തൊഴിലാളി യൂനിയനുമായി മന്ത്രിമാർ ചർച്ച നടത്തുന്നുണ്ടെന്ന്​ സർക്കാർ അറിയിച്ചപ്പോൾ ശമ്പളം നൽകാതെ ചർച്ച നടത്തിയിട്ട് പ്രയോജനമെന്തെന്ന് കോടതി ചോദിച്ചു. 20ദിവസം കഴിഞ്ഞാൽ ഓണമാണ്​. എല്ലാവരും ഓണം ആഘോഷിക്കുമ്പോൾ കെ.എസ്.ആർ.ടി.സി ജീവനക്കാർ പട്ടിണിയിലായിരിക്കും. കോടതി ഉത്തരവുണ്ടായിട്ടും നടപ്പാക്കിയില്ലെങ്കിൽ പ്രയോജനമൊന്നുമില്ല. ഇങ്ങനെയായാൽ കോടതി ഉത്തരവുകളെയും ജനം പരിഹസിക്കാൻ തുടങ്ങും. ഇത്​ വലിയ നാണക്കേടാണ്​​. മുഖ്യമന്ത്രി വിളിക്കാനിരുന്ന യോഗത്തിന്‍റെ കാര്യം എന്തായെന്നും കോടതി ആരാഞ്ഞു.

ഔദ്യോഗികമായി യോഗം ചേർന്നില്ലെങ്കിലും മറ്റ് ചർച്ചകൾ നടന്നിരുന്നുവെന്നായിരുന്നു സർക്കാറിന്‍റെ മറുപടി. സിംഗിൾ ഡ്യൂട്ടിയടക്കമുള്ള വിഷയങ്ങളിലാണ്​ ഗതാഗത, തൊഴിൽ മന്ത്രിമാർ യൂനിയനുകളുമായി ചർച്ചചെയ്യുന്നത്​. ഹരജി പരിഗണിക്കുമ്പോൾ ചർച്ച നടക്കുകയായിരുന്നു. അതിലെ തീരുമാനം അറിയിക്കാൻ കുറച്ചുകൂടി സമയം അനുവദിക്കണമെന്നും​ സർക്കാർ ആവശ്യപ്പെട്ടു. വിഷയം കോടതി പരിഗണിക്കുമ്പോൾ ചർച്ച നടക്കുന്നുവെന്ന്​ പറയുന്നത്​ പതിവായിരിക്കുകയാണെന്നും ഉത്തരവുകൾ ഗൗരവത്തിലെടുക്കുന്നുണ്ടെങ്കിൽ നേരത്തേതന്നെ ​ചർച്ചകൾ നടത്താമായിരുന്നില്ലേയെന്നും കോടതി ചോദിച്ചു. ആസ്തി സംബന്ധിച്ച ഓഡിറ്റ് റിപ്പോർട്ട്​ നൽകാനും സമയം തേടിയിരിക്കുകയാണ്​. ഹരജി വീണ്ടും ആഗസ്റ്റ്​ 24ന്​ പരിഗണിക്കാൻ മാറ്റി. ശമ്പളം നൽകാൻ സർക്കാർ സഹായം അനിവാര്യമാണെന്ന്​ കെ.എസ്​.ആർ.ടി.സി കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.

Tags:    
News Summary - KSRTC: High Court displeased with non-compliance with salary order

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.