അട്ടക്കുളങ്ങര സ്കൂളിന് മുന്നിൽ ശൗചാലയം നിർമ്മിക്കാൻ കെ.എസ്.ആർ.ടി.സി ഉത്തരവ് നൽകിയിട്ടില്ല- സി.എം.ഡി

തിരുവനന്തപുരം; അട്ടക്കുളങ്ങര സ്കൂളിന് മുന്നിൽ ശൗചാലയം നിർമ്മക്കാൻ കെ.എസ്.ആർ.ടി.സി ഉത്തരവ് നൽകിയിട്ടില്ലെന്ന് സി.എം.ഡി ബിജുപ്രഭാകർ അറിയിച്ചു. അത്തരത്തിൽ പ്രചരിക്കുന്ന പോസ്റ്ററുകൾ കണ്ടപ്പോഴാണ് വിവരം അറിയുന്നത്.

സംഭവം ശ്രദ്ധയിൽപ്പെട്ടയുടനെ തന്നെ അങ്ങനെ നിർമ്മാണം നടക്കുന്നുവെങ്കിൽ നിർത്തി വെയ്ക്കുവാനും അത് മറ്റാർക്കും അസൗകര്യമില്ലാത്ത സ്ഥലത്തേക്ക് മാറ്റുന്നതിനും നിർദ്ദേശം നൽകി. തലസ്ഥാനത്ത് സ്മാർട്ട് സിറ്റി പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാ​ഗമായി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് നവീകരിക്കുന്നതിന് വേണ്ടി സ്മാർട്ട് സിറ്റി അധികൃതർ നിർദ്ദേശം മുന്നോട്ട് വെച്ചപ്പോൾ അതിന്റെ ചുമതലുള്ള കെ.എസ്.ആർ.ടി.സിയുടെ ഉദ്യോ​ഗസ്ഥർ യാതൊരു സാമ്പത്തിക ബാധ്യതയും കെ.എസ്.ആർ.ടി.സിക്ക് ഇല്ലാത്തതിനാൽ സമ്മതിക്കുകയായിരുന്നു.

അവിടെ സ്ഥാപിച്ച് പോലീസ് എയിഡ് പോസ്റ്റിൽ‌ നിർമ്മിച്ചത് പോലെ സ്റ്റേഷൻ മാസ്റ്റർ ഓഫീസിൽ ഒരു ടോയിലറ്റും അവർ വിഭാവനം ചെയ്തിരുന്നുവെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്. കെ.എസ്.ആർ.ടി.സിയുടെ പ്രാദേശിക ഓഫീസാണ് ഈ നിർമ്മാണ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശം നൽകിയിരുന്നത്. ഇക്കാര്യങ്ങൾ സി.എം.ഡിയെ അറിയിക്കുകയോ, ഇക്കാര്യത്തിന് വേണ്ട ഉത്തരവ് വാങ്ങുകയോ ചെയ്തിരുന്നില്ല. എന്നാൽ ഇത്തരത്തിൽ ഒരു വാർത്ത ശ്രദ്ധയിൽപ്പെട്ടതോടെ ടോയിലറ്റ് അവിടെ നിർമ്മിക്കുന്നുണ്ടെങ്കിൽ അത് ഒഴിവാക്കി സ്റ്റേഷൻ മാസ്റ്റർ ഓഫീസ് മാത്രം നിർമ്മിക്കാൻ നിർദ്ദേശം നൽകി.

മുൻപ് അട്ടക്കുളങ്ങര സ്കൂൾ അടച്ച് പൂട്ടി കിഴക്കേകോട്ടയുടെ വികസനത്തിന് വേണ്ടി ആ സ്ഥലം ഏറ്റെടുക്കണമെന്ന് കലക്ടറായിരുന്നപ്പോൾ താൻ ആവശ്യപ്പെട്ടിരുന്നത് ശരിയാണ്. അതിനുള്ള കാരണം, കലക്ടർ ആയി ചുമതലയേറ്റെടുക്കുന്നതിന് മുൻപ്, പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ചുമതല വഹിച്ചിരുന്നപ്പോൾ തിരുവനന്തപുരം ജില്ലയിലെ ഇരുപതോളം സ്കൂളുകളിൽ വിദ്യാർഥികളെക്കാൾ കൂടുതൽ അധ്യാപകർ ഉണ്ടെന്ന് കണ്ടെത്തുകയും, അത്തരത്തിൽ അൺ എക്ണോമിക് ആയ സ്കൂളുകൾ സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തുന്നതായി കണ്ടെത്തുകയും ചെയ്തു.

അട്ടക്കുളങ്ങര സ്കൂളും അത്തരത്തിൽ വർഷങ്ങളോളം കുറച്ച് കുട്ടികളും, കൂടുതൽ അധ്യാപകരുമായി പ്രവർത്തിച്ച് സംസ്ഥാന ഖജനാവിന് നഷ്ടം വരുത്തിക്കൊണ്ടിരുന്ന സാഹചര്യത്തിലാണ് കളക്ടർ എന്ന നിലയിൽ അവിടെയുള്ള കുട്ടികളേയും, അധ്യാപകരേയും അടുത്തുള്ള സർക്കാർ സ്കൂളിലേക്ക് മാറ്റി സ്കൂളിന്റെ സ്ഥലം കിഴക്കേകോട്ടയുടെ വികസനത്തിന് വേണ്ടി ഏറ്റെടുക്കണമെന്നുള്ള നിർദ്ദേശം വച്ചത്. അതിന് ശേഷം പൊതു വിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാ​ഗമായിട്ട് സ്കൂൾ അധികൃതരും നാട്ടുകാരും ചേർന്ന് കൂടുതൽ കുട്ടികളെ അവിടെ കൊണ്ടു വരുകയായിരുന്നു.

അത്തരത്തിലുണ്ടായ അടച്ച് പൂട്ടൽ ഭീഷണി കൂടുതൽ കുട്ടികൾ എത്താൻ ഒരു കാരണം ആയെന്നാണ് താൻ മനസിലാക്കുന്നത്. അങ്ങനെ കൂടുതൽ കുട്ടികളെ കൊണ്ട് വരുകയും ഇന്ന് സ്കൂൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുവെന്ന് അറിയുന്നുണ്ട്. അങ്ങനെ കുട്ടികൾക്കും നാട്ടുകാർക്കും പ്രയോജനമാകുന്ന ഒരു സ്ഥാപനത്തിന് താൻ എതിരല്ല. പണ്ട് അന്നത്തെ സാഹചര്യത്തിൽ വെച്ച നിർദ്ദേശം കാരണം ഇന്നും സ്കൂളിനെ നശിപ്പിക്കാനായി സ്കൂളിന് മുന്നിൽ ശൗചാലയം നിർമ്മിക്കുന്നുവെന്നൊക്കെ ആരോപണം ഉന്നയിക്കുന്നവർ തന്റെ ഓഫീസുമായി ബന്ധപ്പെട്ട് താൻ നിർദ്ദേശം നൽകിയിരുന്നോ എന്ന് പരിശോധിക്കേണ്ടതായിരുന്നു.

അതെല്ലെങ്കിൽ കെ.എസ്.ആർ.ടി.സിക്ക് എതിരെ നിരന്തരം നടത്തുന്ന വ്യാജ പ്രചരണത്തിന്റെ ഭാ​ഗമായി സ്കൂൾ അധികൃതരെ തെറ്റിധരിപ്പിച്ചതുമാകാൻ സാധ്യതയുണ്ട്. എന്തായാലും അങ്ങനെ ഒരു നിർദ്ദേശം താൻ കൊടുത്തിട്ടില്ല. ഒരു സ്കൂളുകൾക്കെതിരെയും പ്രവർത്തിക്കുന്ന വ്യക്തിയല്ല താനെന്നും സ്കൂളുമായോ അതിന്റെ പ്രവർത്തകരുമായോ സ്ഥിരമായ ഒരു ശത്രുത മനോഭാവം തനിക്കില്ലെന്നും സ്കൂളിന്റെ ഉന്നമനത്തിന് എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ സഹായിക്കാൻ തയാറാണെന്നും ബിജുപ്രഭാകർ വ്യക്തമാക്കി.

Tags:    
News Summary - KSRTC has not issued an order to construct a toilet in front of Attakulangara School- CMD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.