ഉഴപ്പുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരെ പിരിച്ചുവിടും; പത്രത്തിൽ പരസ്യം നൽകും; ബിജു പ്രഭാകറിന്‍റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഉഴപ്പുന്ന ജീവനക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകറിന്‍റെ മുന്നറിയിപ്പ്. കെ.എസ്.ആർ.ടി.സിയിൽ 1243 ജീവനക്കാർ ഡ്യൂട്ടിക്കായി വരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

'അവർ ഇടക്കിടക്ക് വന്നു ഒപ്പിട്ടുപോകും. അവരുടെ ലക്ഷ്യം പെൻഷൻ മാത്രമാണ്. അത്തരക്കാർ വി.ആർ.എസ് എടുത്തു പോകണം. അത്തരക്കാർക്കെതിരെ പിരിച്ചു വിടൽ നടപടിയുണ്ടാകും. നോട്ടീസ് കൈപ്പറ്റാത്തവർ വരെയുണ്ട്. ഇവരെക്കുറിച്ച് പത്രത്തിൽ ഫുൾപേജ് പരസ്യം നൽകും. കൃത്യമായ നടപടിക്രമങ്ങൾ പാലിച്ചായിരിക്കും നടപടി. ഉഴപ്പുന്നവരുമായി ഇനിയും സഹിക്കാൻ കഴിയില്ല. അന്നന്നത്തെ ഭക്ഷണത്തിനു വേണ്ടി അധ്വാനിക്കുന്നവരുണ്ട്' -ബിജു പ്രഭാകർ വ്യക്തമാക്കി.

അതേസമയം, കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്തുനിന്ന് ഒഴിയാനുള്ള ബിജു പ്രഭാകറിന്റെ രാജി ആവശ്യം സർക്കാർ നിരസിച്ചു. ധനവകുപ്പിന്റെ കെടുകാര്യസ്ഥതകൊണ്ടുണ്ടാകുന്ന പ്രശ്‌നത്തിന് സി.എം.ഡി ഒഴിയേണ്ടതില്ലെന്നാണ് ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ നിലപാട്. ബിജു പ്രഭാകർ ഉന്നയിച്ച പ്രശ്‌നങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രി പിണറായി വിജയനെ ധരിപ്പിച്ചു. ശമ്പളവിതരണം തുടർച്ചയായി തടസപ്പെട്ടതും സി.എം.ഡി നേരിട്ട് ഹാജരാകാൻ ഹൈകോടതി നിർദേശിച്ചതുമാണ് സ്ഥാനം ഒഴിയാമെന്ന നിലപാടിലേക്ക് ബിജു പ്രഭാകറിനെ എത്തിച്ചത്.

ഓണം അടുത്തതോടെ ജീവനക്കാർക്ക് ശമ്പളവും അലവൻസും നൽകാനായില്ലെങ്കിൽ, സി.എം.ഡി കോടതിയിൽ അതിനും മറുപടി പറയേണ്ടി വരും. സി.ഐ.ടി.യു അടക്കം സി.എം.ഡിയോട് നിസഹകരിക്കുകയാണ്. പ്രതിസന്ധിയിലായ കോർപറേഷനെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നും ജീവനക്കാരുടെ ശത്രുവാകാനില്ലെന്നും അദ്ദേഹം അറിയിച്ചു.

Tags:    
News Summary - KSRTC employees to be sacked; Biju Prabhakar's warning

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.