കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദനമേറ്റ സംഭവം: കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് മുൻകൂർ ജാമ്യം

കൊച്ചി: കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ കൺസെഷൻ കാർഡ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും മർദിച്ച കേസിലെ പ്രതികളായ ജീവനക്കാർക്ക് ഹൈകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കണ്ടക്ടർ എൻ. അനിൽകുമാർ, ക്ലർക്ക് മിലൻ ഡോറിച്ച് എന്നിവർക്കാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് ജാമ്യം അനുവദിച്ചത്.

സെപ്റ്റംബർ 20നുണ്ടായ സംഭവത്തിൽ സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് പൊലീസ് കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയെ സമീപിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ സംഭവം പ്രചരിച്ചതോടെ ജനവികാരം പരിഗണിച്ചാണ് തങ്ങൾക്കെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുത്തതെന്നായിരുന്നു ഹരജിക്കാരുടെ വാദം. എന്നാൽ, ഹരജികൾ അനുവദിക്കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

സംഭവത്തിന്റെ വിഡിയോ വൈറലാകുകയും ഇതിനെതിരെ ജനവികാരം ഉയരുകയും ചെയ്തെങ്കിലും അത്തരം വൈകാരികതക്ക് കീഴ്‌പ്പെടാനാവില്ലെന്ന് ഹരജി പരിഗണിക്കവെ കോടതി ചൂണ്ടിക്കാട്ടി. കേസിലെ ആരോപണങ്ങളും സാക്ഷിമൊഴികളും കണക്കിലെടുത്ത് നിയമപരമായ നടപടിയെടുക്കാനാണ് കോടതിക്ക് കഴിയുക. മാത്രമല്ല, അച്ഛനെ ആക്രമിക്കുന്നതു തടയാൻ ശ്രമിക്കുന്നതിനിടെ താൻ താഴെ വീണതായി പെൺകുട്ടിയുടെ മൊഴിയുണ്ട്. പ്രതികളുടെ നടപടിയെ ന്യായീകരിക്കാനാവില്ലെങ്കിലും കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതില്ലെന്ന് വിലയിരുത്തിയ കോടതി മുൻകൂർ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് അറസ്റ്റുണ്ടായാൽ 50,000 രൂപയുടെ ബോണ്ടും തുല്യതുകക്കുള്ള രണ്ട് ആൾജാമ്യവുമെന്ന വ്യവസ്ഥയിൽ ജാമ്യം അനുവദിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചു.

Tags:    
News Summary - KSRTC employees granted anticipatory bail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.