കെ.എസ്​.ആർ.ടി.സി ജീവനക്കാരു​ടെ ശമ്പളം ലഭിക്കുംവരെ ഓഫിസർമാരുടേത്​ തടയണമെന്ന ആവശ്യം ന്യായം -ഹൈകോടതി

കൊച്ചി: തങ്ങളുടെ ശമ്പളം ലഭിക്കുന്നതുവരെ ഓഫിസർമാരുടേതും സൂപ്പർവൈസർമാരുടേതും തടയണമെന്ന ജീവനക്കാരുടെ ആവശ്യം ന്യായമെന്ന് ഹൈകോടതി. ഓഫിസർമാർക്കും സൂപ്പർവൈസർമാർക്കും കൃത്യമായി ശമ്പളം ലഭിക്കുന്നുണ്ടെന്നും തങ്ങൾക്ക്​ വൈകുന്നുവെന്നും ആരോപിച്ച്​ മൂന്ന്​ ജീവനക്കാർ നൽകിയ ഹരജിയിലാണ്​ ജസ്റ്റിസ്​ ദേവൻ രാമചന്ദ്രന്‍റെ നിരീക്ഷണം. കെ.എസ്.ആർ.ടി.സിയുടെ വിശദീകരണം കേട്ടശേഷം ആവശ്യമെങ്കിൽ ജീവനക്കാർ ആവശ്യപ്പെടുന്ന തരത്തിൽ ഉത്തവിടാൻ മടിക്കില്ലെന്നും കോടതി വ്യക്തമാക്കി.

കോർപറേഷന്‍റെ വരുമാനത്തിൽ വായ്‌പ തുക തിരിച്ചടവിനാണ് മുൻഗണനയെന്നതടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ഹരജി. എന്നാൽ, കെ.എസ്.ആർ.ടി.സി നേരിടുന്ന ബാധ്യതകളും പ്രതിസന്ധികളും കോർപറേഷന്‍റെ അഭിഭാഷകൻ വിശദീകരിച്ചു. പൊതുതാൽപര്യത്തിലാണ് സർവിസ് നടത്തുന്നതെന്നും ലാഭം മുഖ്യലക്ഷ്യമല്ലെന്നും വ്യക്തമാക്കി. എന്നാൽ, എന്തു ന്യായം പറഞ്ഞാലും ജീവനക്കാരുടെ ദുർഗതി കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും കൃത്യസമയത്തു ശമ്പളം നൽകണമെന്നും കോടതി അഭിപ്രായപ്പെട്ടു.

ശമ്പളം കുടിശ്ശികയാണെന്ന പരാതി ഗൗരവമുള്ളതാണ്. ഈ പ്രശ്‌നങ്ങൾക്ക് ഓഫിസർമാർ ഫലപ്രദമായും സന്ദർഭോചിതമായും പരിഹാരം കാണണം. കെ.എസ്.ആർ.ടി.സി പറയുന്ന ഒഴികഴിവു വിശ്വസിച്ചിരിക്കാൻ കോടതിക്ക് കഴിയില്ല. കാര്യക്ഷമതയിലേക്ക് എങ്ങനെയെത്താൻ കഴിയുമെന്ന് വിശദീകരിക്കണം. എളുപ്പമല്ലെങ്കിൽ പോലും നിലനിൽപിന് അത്​ അനിവാര്യമാണ്​. നഷ്ടം നികത്താൻ ഇടപെടേണ്ടിവരുന്ന സർക്കാറും ഇതിനു മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. തുടർന്ന് കെ.എസ്.ആർ.ടി.സിയുടെയും സർക്കാറിന്റെയും വിശദീകരണത്തിനായി ഹരജി ജൂൺ എട്ടിലേക്ക് മാറ്റി.

Tags:    
News Summary - KSRTC employee salary issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.