തിരുവനന്തപുരം: കലക്ഷനെ ബാധിക്കാത്തവിധം ഓര്‍ഡിനറി ബസുകളില്‍ സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തുന്നതിന് പഠനം നടത്താൻ കെ.എസ്.ആര്.ടി.സി പ്രത്യേക സമിതി രൂപവത്കരിച്ചു. തിങ്കളാഴ്ച വിവിധ യൂനിയന്‍ പ്രതിനിധികളുമായി കെ.എസ്.ആര്.ടി.സി മേധാവി എ. ഹേമചന്ദ്രന് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. യാത്രക്കാരെ ബുദ്ധിമുട്ടിക്കാതെയും വരുമാനം കുറയാതെയും സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കണമെന്നതായിരുന്നു ചർച്ചയിലെ ധാരണ.
ഇതിലേക്ക് മാറ്റാന്‍ കഴിയുന്ന ഷെഡ്യൂളുകള്‍ ഡിപ്പോകളില്‍നിന്ന് 15 ദിവസത്തിനുള്ളില്‍ നിര്‍ദേശിക്കണം. അംഗീകൃത സംഘടനാ പ്രതിനിധികൾ ഉൾപ്പെടുന്ന യൂനിറ്റ് തല ഷെഡ്യൂൾ മോണിറ്ററിങ് സമിതികളുടെ പരിശോധനക്ക് ശേഷമാകും ചീഫ് ഒാഫിസിലേക്ക് നൽകുക. യൂനിറ്റ് ഒാഫിസർ, സംഘടനാപ്രതിനിധികൾ, ഡിപ്പോ എൻജിനീയർ അടക്കം അംഗങ്ങളായിരിക്കും.
ഇങ്ങനെ ലഭിക്കുന്ന ശിപാർശകൾ രണ്ട് എക്സിക്യൂട്ടിവ് ഡയറക്ടര്‍മാരുടെ നേതൃത്വത്തിലുള്ള സമിതി പരിശോധിച്ച് അംഗീകാരം നല്‍കും. ഘട്ടംഘട്ടമായി ഡ്യൂട്ടി പരിഷ്കരണം നടപ്പാക്കും. 30 മുതല്‍ 40 ശതമാനം വരെ ഓര്‍ഡിനറി ബസുകള്‍ സിംഗിള്‍ ഡ്യൂട്ടിയിലേക്ക് മാറുമെന്നാണ് പ്രാഥമികവിലയിരുത്തൽ.
മെച്ചപ്പെട്ട വരുമാനമുള്ള ഒരുവിഭാഗം ഓര്‍ഡിനറി, ചെയിന്‍ സര്‍വിസുകളില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കുക പ്രയാസകരമാണ്. വരുമാനനഷ്ടമുണ്ടാകാതെയും ജീവനക്കാര്‍ക്ക് വിശ്രമം ലഭിക്കുന്നവിധത്തിലും ഈ ബസുകളിലെ ഡ്യൂട്ടി ക്രമീകരിക്കാനാണ് യോഗത്തിലെ തീരുമാനം. ഇതിനായി മോട്ടോര്‍വാഹന തൊഴിലാളി ചട്ടത്തിലെ ഉപവകുപ്പ് 37-2 പ്രകാരം ജീവനക്കാരുമായി പുതിയ കരാര്‍ ഉണ്ടാക്കും. ഈ ബസുകളില്‍ ഡബിള്‍ഡ്യൂട്ടി തുടരാനാണ് സാധ്യത. എട്ടുമണിക്കൂര്‍ സിംഗിൾ ഡ്യൂട്ടിയില്‍ ഏഴുമണിക്കൂര്‍ ബസ് ഓടിക്കണമെന്ന് മാനേജ്മെൻറ് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍, വിശ്രമം ഉള്‍പ്പെടെ ഒന്നരമണിക്കൂര്‍ ഒഴിവാക്കി ആറരമണിക്കൂറായി നിശ്ചയിക്കണമെന്നാണ് സംഘടനകളുടെ വാദം. ഇത് അംഗീകരിച്ചിട്ടില്ല. ദീര്‍ഘദൂര ബസുകള്‍ സുരക്ഷിതമാക്കാന്‍ ജീവനക്കാര്‍ തുടര്‍ച്ചയായി ജോലി ചെയ്യുന്നത് ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് തയാറാക്കും. ഡ്യൂട്ടി സമയം തീരുന്നമുറക്ക് ദീര്‍ഘദൂര ബസുകളില്‍ ജീവനക്കാര്‍ മാറും. ഇതിനായി ക്രൂചെയ്ഞ്ച് സ്റ്റേഷനുകളില്‍ ജീവനക്കാര്‍ക്ക് വിശ്രമസൗകര്യം ഒരുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.