കെ.എസ്.ആർ.ടി.സി പ്രതിസന്ധി; മുഖ്യമന്ത്രി ഇന്ന് ചർച്ച നടത്തും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ ഓണക്കാലത്തും ശമ്പളം ലഭിക്കാതെ ജീവനക്കാർ കടുത്ത പ്രതിസന്ധി നേരിടവെ പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ തിങ്കളാഴ്ച ട്രേഡ് യൂനിയനുകളും മാനേജ്മെന്‍റുമായി ചർച്ച നടത്തും.

ജീവനക്കാർ 12 മണിക്കൂർ സിംഗ്ൾ ഡ്യൂട്ടിക്ക് തയാറാകണമെന്നാണ് മാനേജ്മെന്‍റ് നിലപാട്. എന്നാൽ, എട്ട് മണിക്കൂർ സിംഗ്ൾ ഡ്യൂട്ടിക്ക് മാത്രമേ തയാറുള്ളൂവെന്നാണ് ജീവനക്കാരുടെ പക്ഷം. 250 കോടിയുടെ രക്ഷാ പാക്കേജാണ് സർക്കാർ പരിഗണിക്കുന്നത്.

കെ.എസ്.ആർ.ടി.സിക്ക് 50 കോടി രൂപ കഴിഞ്ഞദിവസം ധനവകുപ്പ് അനുവദിച്ചിരുന്നു. എന്നാൽ, ശനിയാഴ്ച അർധരാത്രി വരെ കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിലേക്ക് പണമെത്തിയില്ല. ശമ്പള വിതരണത്തിന് കോർപറേഷൻ തയാറെടുപ്പുകൾ നടത്തിയിരുന്നു.

സർക്കാർ സഹായമായ 50 കോടിക്ക് പുറമെ, അഞ്ചു കോടി കൂടി സ്വന്തം ഫണ്ടിൽനിന്നെടുത്താണ് ശമ്പളം നൽകാൻ ഉദ്ദേശിക്കുന്നത്. ആഗസ്റ്റിലെ ശമ്പളം കുടിശ്ശികയാണ്. ഇതുസംബന്ധിച്ച് തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി നടത്തുന്ന ചർച്ചക്കു ശേഷം ശമ്പള കാര്യത്തിൽ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ശമ്പള വിതരണത്തിന് 50 കോടി സർക്കാർ കെ.എസ്.ആർ.ടി.സിക്ക് കൈമാറണമെന്ന് ഹൈകോടതി നേരത്തേ ഉത്തരവിട്ടിരുന്നു. ജീവനക്കാർക്ക് ശമ്പള കുടിശ്ശികക്ക് പകരം വൗച്ചറും കൂപ്പണും നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു.

കൂപ്പണുകൾ തയാറാക്കിയിട്ടും ജീവനക്കാർ താൽപര്യം കാട്ടിയിട്ടില്ല. കൂപ്പൺ സംവിധാനത്തിനെതിരെ ഭരണാനുകൂല സംഘടനകളായ സി.ഐ.ടി.യുവും എ.ഐ.ടി.യു.സിയും വിമർശനവുമായി രംഗത്തുവരുകയും ചെയ്തു.

സിവിൽ സപ്ലൈസ് കോർപറേഷൻ, കൺസ്യൂമർ ഫെഡ്, മാവേലി സ്റ്റോർ, ഹോർട്ടികോർപ്, ഹാൻടെക്സ്, ഹാൻവീവ്, കേരള ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് എന്നിവിടങ്ങളിൽനിന്ന് സാധനങ്ങൾ വാങ്ങാനുള്ള കൂപ്പണാണ് വിതരണത്തിന് തയാറാക്കിയിരുന്നത്.

Tags:    
News Summary - KSRTC crisis-The Chief Minister will hold a discussion

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.